പ്രതീകാത്മക ചിത്രം
തൃശൂർ: കാളത്തോട് കല്യാണമണ്ഡപം നിർമാണത്തിന് കോൺട്രാക്ടർക്ക് കേർപറേഷൻ അധികൃതർ 9.5 ലക്ഷം രൂപ അധികം നൽകിയെന്ന് ഓഡിറ്റ് റിപ്പോർട്ട്. പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ചാൽ കോർപറേഷന്റെ അധിക ബാധ്യത 12.77 ലക്ഷം രൂപയാകുമെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തി.
ഡിവിഷൻ 20ലാണ് കാളത്തോട് കല്യാണമണ്ഡപ നിർമാണത്തിന് അനുമതി നൽകിയത്. 2019 ഒക്ടോബർ ഒന്നിന് 5,16,50,338 രൂപയുടെ ഭരണാനുമതിയും ഡിസംബർ രണ്ടിന് 4,53,30,000 രൂപയുടെ സാങ്കേതികാനുമതിയും ലഭിച്ചു. പ്രവൃത്തി കാലാവധി സാങ്കേതികാനുമതി അംഗീകരിച്ച പ്രകാരം 12 മാസമാണ്. പി.ബി. ദിനേഷിന് കരാർ നൽകി.
കോൺട്രാക്ടർക്ക് 2020 ഫെബ്രുവരി 18ന് സ്ഥലം കൈമാറിയെങ്കിലും നിലവിലെ കെട്ടിടം പൊളിക്കുന്നതിലുണ്ടായ കാലതാമസവും കൊറോണയും കാരണം കല്യാണമണ്ഡപം നിർമാണം വൈകി. തുടർന്ന് പി.ബി. ദിനേഷ് വർക്ക് എക്സിക്യൂഷനിൽനിന്ന് ഒഴിവാഴി.
ജെ.എം.ജെ നിർമാണ കമ്പനിയെ കൗൺസിൽ അംഗീകാരത്തോടെ കാളത്തോട് കല്യാണമണ്ഡപത്തിന്റെ പ്രവൃത്തി ഏൽപ്പിച്ചു. 2021 നവംബർ രണ്ടിന് 18 മാസം കാലാവധിയോടെ സ്ഥലം നൽകി. കരാർ പ്രകാരം നിർമാണം 2023 ആഗസ്റ്റ് 22ന് പൂർത്തീകരിക്കണം. എന്നാൽ, പ്രവൃത്തി സമയത്തിന് പൂർത്തിയാക്കാത്തതിനാൽ കാലാവധി നീട്ടി. കോൺട്രാക്ടർ പ്രവൃത്തി പൂർത്തിയാക്കുകയും ചെയ്തു. പണി പൂർത്തീകരിക്കുന്നതിന് ചില ഇനം കൂടുകയും ചില ഇനം അധികമായും ചെയ്യേണ്ടിവന്നു.
ഇത് മൂലം പുതുക്കിയ എസ്റ്റിമേറ്റ് ആവശ്യമായി വന്നു. 2023 ഒക്ടോബർ നാലിലെ കൗൺസിൽ തീരുമാന പ്രകാരം അംഗീകാരം നൽകി. ചീഫ് എൻജിനീയറുടെ സാങ്കേതിക അനുമതിക്കുവേണ്ടി ഫയൽ അയച്ചു. എന്നാൽ, നാളിതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. പാർട്ട് ബില്ല് പ്രകാരം 2,85,41,416 രൂപ കോൺട്രാക്ടർക്ക് നൽകി. ഏകദേശം കോൺട്രാക്ടർക്ക് 9,53,425 രൂപ അധികം നൽകിയെന്നാണ് പരിശോധനയിലെ കണ്ടെത്തൽ.
പുതുക്കിയ എസ്റ്റിമേറ്റ് നിരക്ക് കോൺട്രാക്ടർക്ക് അനുവദിച്ചാൽ കോർപറേഷന് ഏകദേശം 12.77 ലക്ഷം രൂപയുടെ അധിക ബാധ്യതയുണ്ടാവും. എല്ലാ നിർമാണ പ്രവർത്തികളും കെ.എം.ബി.ആർ പ്രകാരം ചെയ്തുവെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം കോർപറേഷൻ സെക്രട്ടറിക്കാണ്.
എന്നാൽ, കാളത്തോട് കല്യാണ മണ്ഡപം പണിയുമായി ടൗൺ പ്ലാനിങ് വിഭാഗത്തിന്റെ പരിശോധനയിൽ കെ.എം.ബി.ആറിന്റെ വിവിധ ചട്ട ലംഘനങ്ങളാണ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.