കുടിവെള്ളക്ഷാമം രൂക്ഷമായ
നടുവിൽക്കരയിൽ വെള്ളിയാഴ്ച രാത്രി അർബാനയിൽ കലവും
കുടങ്ങളും നിരത്തി ദൂരെ നിന്ന് വെള്ളം ശേഖരിച്ചു കൊണ്ടുവരുന്ന ഗൃഹനാഥൻ
വാടാനപ്പള്ളി: പഞ്ചായത്തിലെ പൊതുടാപ്പുകൾ പകുതിയിലധികവും നോക്കുകുത്തിയായതോടെ വാടാനപ്പള്ളി പഞ്ചായത്തിലെ വിവിധ മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷം. വേനൽ കടുത്തതോടെ കിണറുകൾ ഏറെയും വറ്റിവരണ്ട അവസ്ഥ വന്നതോടെ കുടുംബങ്ങൾ കുടിവെള്ളത്തിന് വാട്ടർ അതോറിയുടെ പൈപ്പുകളെയാണ് ആശ്രയിച്ചു പോരുന്നത്.
ടാപ്പുകളിൽ വെള്ളം വരാത്തതോടെ പ്രയാസത്തിലാണ് വീട്ടമ്മമാർ. കുടിവെള്ള കണക്ഷൻ ഉള്ള അധികംവീടുകളിൽ പോലും മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് കുടിവെള്ളം എത്തുന്നത്. നടുവിൽക്കര, പൊക്കാഞ്ചേരി, മണപ്പാട്, ചേലോട്, ബീച്ച്, പുഴയോര മേഖലകളിലാണ് കുടിവെള്ളത്തിന് നേട്ടോട്ടം. പുഴയോരമേഖലകളിലെ കിണറുകൾ വറ്റിവരണ്ടു. ശേഷിച്ച കിണറുകളിൽ ഉപ്പുവെള്ളവുമാണ്.
കുടിവെള്ളത്തിന് ആശ്രയിച്ചു പോരുന്ന ടാപ്പുകളിൽ വെള്ളം വരാത്തതാണ് ജനങ്ങളെ വലക്കുന്നത്. ഭക്ഷണം പാകം ചെയ്യാനും പാത്രം കഴുകാനും കുളിക്കാനും അലക്കാനുംവരെ പ്രദേശത്തുകാർ ബുദ്ധിമുട്ടുകയാണ്. പണം മുടക്കിയാണ് പല കുടുംബങ്ങളും ടാങ്ക് വെള്ളം കൊണ്ടുവരുന്നത്.
ഒരു ടാങ്ക് വെള്ളത്തിന് 500 ഉം 600 ഉം രൂപ കൊടുക്കണം. പാവപ്പെട്ട കുടുംബങ്ങൾക്ക് ടാങ്ക് വെള്ളം വാങ്ങാനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കുടിവെള്ളത്തിന് പൊറുതിമുട്ടിയതോടെ നടുവിൽക്കര പാലം പരിസരത്തെ വീട്ടമ്മമാർ വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ നേരത്തെ കച്ചേരിപ്പടിയിലെ വാട്ടർ അതോറിറ്റി ഓഫീസിൽ എത്തി ഉദ്യോഗസ്ഥരെ തടഞ്ഞിരുന്നു.
പരിശോധിച്ച് വേണ്ട നടപടി കൈകൊള്ളുന്ന ഉറപ്പിലാണ് വീട്ടമ്മമാർ സമരം അവസാനിപ്പിച്ച് പിരിഞ്ഞു പോയത്. നാളുകൾ ഏറെയായിട്ടും കുടിവെള്ളക്ഷാമത്തിന് പരിഹാരമായില്ല.
കുടിവെള്ളക്ഷാമം പരിഹരിക്കാൻ കിഴക്കേ ടിപ്പു സുൽത്താൻ റോഡ് വെട്ടി പൊളിച്ച് പുതിയ പൈപ്പുകൾ സ്ഥാപിച്ചെങ്കിലും കുടിവെള്ള വിതരണം ആരംഭിച്ചിട്ടില്ല.
കുടിവെള്ളക്ഷാമത്തെ കുറിച്ച് വാടാനപ്പള്ളി പഞ്ചായത്ത് ബജറ്റ് അവതരണ യോഗത്തിൽ അംഗങ്ങൾ പരാതി ഉന്നയിച്ചിരുന്നു. പഞ്ചായത്തിൽ നിരവധി ടാപ്പുകൾ നോക്കുകുത്തിയായി കിടക്കുകയാണെന്നും വെള്ളം കിട്ടാത്ത പൈപ്പുകൾക്കടക്കം ലക്ഷങ്ങളാണ് ഒരോ വർഷവും ടാപ്പ് ഇനത്തിൽ പഞ്ചായത്ത് കുടിവെള്ളവുമായി വാട്ടർ അതോറിറ്റി ഓഫീസിൽ അടക്കുന്നതെന്നും പഞ്ചായത്ത് അംഗങ്ങൾ പരാതി ഉന്നയിച്ചു.
നോക്കുകുത്തിയായ ടാപ്പുകൾക്ക് പണം അടക്കാതിരിക്കാൻ ഓരോ വാർഡ് അംഗങ്ങളും പരിശോധന നടത്തി ടാപ്പ് കണ്ടെത്തി കണക്കെടുത്ത് ഇവ നീക്കം ചെയ്യാൻ വാട്ടർ അതോറിറ്റി ഓഫീസിൽ നിവേദനം നൽകാനും പഞ്ചായത്ത് തീരുമാനമെടുത്തു. 30 വർഷമായി വെള്ളം വരാതെ കിടക്കുന്ന നിരവധി പൈപ്പുകളാണുള്ളത്.
ഇവക്ക് പോലും പഞ്ചായത്ത് വർഷങ്ങളായി വൻ തുക അടച്ചു പോരുകയാണ്. ഇത്തരം പൈപ്പുകൾ നീക്കം ചെയ്ത് പണം അനാവശ്യമായി ചിലവഴിക്കാതിരിക്കാനാണ് പഞ്ചായത്ത് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.