ഒരു കുടുംബത്തിലെ ഡ്രൈവിങ്ങ് പരിശീലനം നൽകുന്ന ആറു വനിതകൾ

നടുറോഡിൽ ധൈര്യം പകർന്ന് കുടുംബത്തിലെ ആറു വനിതകൾ

കുന്നംകുളം: അന്താരാഷ്ട്ര വനിതാദിനത്തിൽ സ്ത്രീശക്തിയുടെ പ്രചോദനകഥയായി ഒരു കുടുംബത്തിലെ ആറു വനിതകൾ ആയിരക്കണക്കിനാളുകൾക്ക് ഡ്രൈവിങ് പരിശീലനം നൽകുന്നു. തോളൂർ ഓടാട്ടിൽ ശേഖരൻ-മീനാക്ഷി ദമ്പതികളുടെ മകൾ ചന്ദ്രികയാണ് ഈ വിജയകഥയുടെ ശിൽപി.

തൃശൂർ പാറപ്പുറത്ത് പ്രേമനാഥനെ വിവാഹം കഴിച്ചശേഷമാണ് ചന്ദ്രിക 1990ൽ കേരള ഡ്രൈവിങ് സ്കൂളിൽ ചേർന്ന് ടുവീലർ, ത്രീവീലർ, ഫോർവീലർ ലൈസൻസ് നേടിയത്. തുടർന്ന് അതേ സ്ഥാപനത്തിൽ ആറുവർഷത്തിലധികം പരിശീലകയായി. സ്ത്രീകൾ വാഹനം ഓടിക്കാൻ മടിച്ചിരുന്ന കാലഘട്ടത്തിൽ ധൈര്യത്തോടെ റോഡിലിറങ്ങി മുന്നേറണമെന്ന ഉറച്ച വിശ്വാസത്തിലാണ് 1997ൽ കുന്നംകുളത്ത് വനിത ഡ്രൈവിങ് സ്കൂളിന് തുടക്കമിട്ടത്. 15 വർഷമായി ചാലിശ്ശേരിയിലും ഇവർ സജീവമാണ്. മൂന്നു പതിറ്റാണ്ടായി ഈ പരിശീലന കേന്ദ്രം സ്ത്രീകൾക്ക് ആത്മവിശ്വാസത്തിന്റെ വഴികാട്ടിയായി തുടരുന്നു.

തോളൂരിലെ ഒരേ വീട്ടിൽ നിന്നുള്ള അനുജത്തിമാരായ ലത അനിൽകുമാർ, സുനിത സജീവ്, അനുജത്തിയുടെ മകൾ ശ്രുതി, ചന്ദ്രികയുടെ മകൾ പ്രസീത സുനിൽകുമാർ, മകൻ പ്രബീൺ, മരുമകൾ സുമി എന്നിവരും ചന്ദ്രികയുടെ പാതയിൽ പരിശീലകരായി രംഗത്തുണ്ട്. ജോലി തേടുന്ന നിരവധി യുവതികൾക്കും വീട്ടമ്മമാർക്കും റോഡിലിറങ്ങാനുള്ള ധൈര്യം പകർന്നു നൽകുകയാണ് ഇവർ.

ചന്ദ്രിക

 

വെറും ക്ലച്ചും ബ്രേക്കും പഠിപ്പിക്കുന്ന പരിശീലനം മാത്രമല്ല, ഭയവും ആശങ്കയും വിട്ടൊഴിയാനുള്ള ആത്മവിശ്വാസ പരിശീലനവുമാണ് നൽകുന്നത്. സ്റ്റിയറിങ് പിടിക്കുമ്പോൾ കൈ വിറക്കുന്ന വീട്ടമ്മമാരെ ആത്മവിശ്വാസത്തോടെ വാഹനം ഓടിച്ച് മടങ്ങുന്ന നിലയിലേക്ക് എത്തിക്കുന്നതുവരെ പരിശീലകർ കൂടെയുണ്ടാകുന്നതാണ് ഇവരുടെ പ്രത്യേകത.

കേച്ചേരി, മുല്ലശ്ശേരി, കുന്നംകുളം, ചാലിശ്ശേരി എന്നീ പ്രദേശങ്ങളിലാണ് ഇവർ സ്ത്രീകൾക്ക് ഡ്രൈവിങ് പരിശീലനം നൽകുന്നത്.

പരിശീലനത്തിനൊപ്പം പഠനത്തിലും ചന്ദ്രിക ശ്രദ്ധേയയാണ്. 63-ാം വയസ്സിൽ ഡിപ്ലോമ ഇൻ മെക്കാനിക്കൽ ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ എ ഗ്രേഡ് നേടി. വനിതാ ദിനത്തിൽ സ്റ്റിയറിങ്ങിലൂടെ ആത്മവിശ്വാസം പകരുന്ന ഈ ആറു വനിതകൾ സമൂഹത്തിന് സ്ത്രീശക്തിയുടെ പ്രചോദനമാവുകയാണ്. 

Tags:    
News Summary - Six women from a family bravely stand in the middle of the road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.