പാർട്ടിയോട് തെറ്റി സി.സി. മുകുന്ദൻ എം.എൽ.എ; ‘ബി.ജെ.പിയും കോൺഗ്രസും സമീപിച്ചു, സ്വതന്ത്രനായി മത്സരിക്കാൻ നീക്കം’

തൃശൂർ: നാട്ടിക എം.എൽ.എയും സി.പി.ഐ നേതാവുമായ സി.സി. മുകുന്ദൻ പാർട്ടിയോടുള്ള അതൃപ്തി പരസ്യമാക്കി രംഗത്ത്. തന്റെ സീറ്റിൽ ഗീതാ ഗോപിയെ മത്സരിപ്പിക്കാനുള്ള നീക്കത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ മുകുന്ദൻ, സ്വതന്ത്രനായി മത്സരിക്കാൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കി. ഗീതാഗോപിയുടേത് പേയ്മെന്റ് സീറ്റാണെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.

‘എന്റെ വീട്ടിൽ ആറ് വോട്ടുണ്ട്. ആ വോട്ട് എനിക്ക് കിട്ടും. ഞാൻ സ്വതന്ത്ര സ്ഥാനാർഥിയായിട്ട് മത്സരിക്കും’ -അദ്ദേഹം വ്യക്തമാക്കി. ‘ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ സീറ്റ് നിഷേധിച്ച കാര്യം എന്നോട് ഇതുവരെ ആരും പറഞ്ഞിട്ടില്ല. പാർട്ടി തീരുമാനം എന്നെ സംബന്ധിച്ചിടത്തോളം വളരെ വേദനിപ്പിക്കുന്ന അനുഭവമാണ്. ഒരു നിലയ്ക്കും ഉണ്ടാവാൻ പാടില്ലാത്ത കാര്യമാണ്.

പുതിയ സ്ഥാനാർഥിയെ കുറിച്ച് പരിശോധിക്കപ്പെടേണ്ടതുണ്ട്. കഴിഞ്ഞ പ്രാവശ്യം ഈ സ്ഥാനാർഥിയെ കുറിച്ച് ദോഷം ഉണ്ടായപ്പോഴാണ് എന്നെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. ഇപ്പോൾ അവർക്ക് എന്താണ് പ്രത്യേകത എന്ന് മനസ്സിലാകുന്നില്ല. പേയ്മെന്റ് സീറ്റ് ആണോ എന്നത് പരിശോധിക്കണം. സാധാരണ കുളത്തിലും കടലിലുമൊക്കെ ചൂണ്ടയിട്ട് മീൻ പിടിക്കാറുണ്ട്. ചൂണ്ടയിട്ട് കൊടുക്കുന്നതിലും പിടിക്കുന്നതിലും വളരെ വിദഗ്ദ്ധയാണ് ഈ പറഞ്ഞ കക്ഷി. ഇത്രയും നാൾ കുഴപ്പം ഉണ്ടായിരുന്ന ആൾക്ക് ഇപ്പോൾ കുഴപ്പമില്ല എന്ന് പറയുമ്പോൾ വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. ഗീതയുടെ സീറ്റിന്റെ കാര്യത്തിൽ സാമ്പത്തിക ഇടപാട് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടണം.

ഞാൻ പൈസ പിരിച്ചു കൊടുക്കാൻ പറ്റാത്ത ഒരാളാണ്. പലപ്പോഴും ആവശ്യപ്പെട്ടിട്ട് പോലും പത്ത് രൂപ പോലും കൃത്യമായി പിരിക്കാൻ കഴിഞ്ഞിട്ടില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പൈസ പിരിച്ചു കൊടുക്കൽ ഒരു പ്രധാനപ്പെട്ട കാര്യമാണെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. ഇങ്ങനെയുള്ളവർക്ക് മാത്രമേ ഇതിന്റകത്ത് സ്ഥാനമുള്ളൂ.

കോൺഗ്രസും ബിജെപിയും ഒക്കെ സമീപിച്ചിട്ടുണ്ട്. അവരോട് പറഞ്ഞത് എന്റെ മനസ്സിൽ ഒരു പ്രതിഷേധം രേഖപ്പെടുത്തണമുണ്ട് എന്നാണ്. അപ്പോൾ എന്നോട് ചോദിച്ചു മത്സരിക്കുമോ എന്ന്. സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ട് ഒരു പ്രതിഷേധം രേഖപ്പെടുത്താനാണ് തീരുമാനം. എന്റെ വീട്ടിൽ ആറ് വോട്ടുണ്ട്, ആ വോട്ട് എനിക്ക് കിട്ടും. അത് മതി. സീറ്റ് ഇല്ലെങ്കിൽ, എന്നെ അവർ ഉൾക്കൊള്ളുന്നില്ലെങ്കിൽ സ്വതന്ത്ര സ്ഥാനാർഥിയായിട്ട് ഞാൻ മത്സരിക്കും.

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും മാറി നിൽക്കാൻ കഴിയില്ല എന്ന് എന്റെ കഴിഞ്ഞ കാലത്തെ അനുഭവങ്ങൾ വെച്ച് അവർക്കറിയാം. പലരും എനിക്ക് പൈസ വാഗ്ദാനം ചെയ്തു. എന്റെ പാർട്ടി അടക്കം... പത്ത് പൈസ പോലും മേടിക്കാത്ത ഒരാളാണ് ഞാൻ. ഒരു പാർട്ടി പ്രവർത്തകനും ഞാൻ നേരിട്ട അനുഭവം ഉണ്ടാവാൻ പാടില്ല. ഈ അനുഭവം ജനങ്ങൾ അറിഞ്ഞാലാണ് നമുക്ക് അതിനെ കുറിച്ചുള്ള പ്രതികരണം ഉണ്ടാക്കാൻ കഴിയുകയുള്ളൂ. ആ രീതിയിലേക്കാണ് ഞാൻ പോകുന്നത്. ഭാവി എന്ത് എന്നൊന്നും എനിക്ക് വിഷയമല്ല.

ദേശീയ പാർട്ടികൾ അടക്കം സമീപിച്ചിട്ടുണ്ട്. എന്റെ പാർട്ടി എന്ത് നിലപാട് എടുക്കുന്നു എന്ന് നോക്കാമെന്നാണ് ഞാൻ അവരോട് പറഞ്ഞത്’ -അദ്ദേഹം പറഞ്ഞു.

അതിനിടെ, രണ്ടാം പിണറായി മന്ത്രിസഭയിലെ സി.പി.ഐ മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, ചിഞ്ചുറാണി, ജി.ആർ. അനിൽ എന്നിവർ ഇത്തവണയും ജനവിധി തേടും. നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.ഐ മത്സരിക്കുന്ന 25 സീറ്റുകളിലെയും സ്ഥാനാർഥികളുടെ ചിത്രം ഏതാണ്ട് തെളിഞ്ഞു.

തൃശൂരിൽ കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ സ്ഥാനാർഥിയാകും. ഹരിപ്പാട് രമേശ് ചെന്നിത്തലക്കെതിരെ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ മത്സരിക്കും. പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഇ.ടി. ടൈസൺ മാസ്റ്റർ മത്സരിക്കും.

മൂന്നു തവണ മത്സരിച്ചവർ വീണ്ടും മത്സരിക്കേണ്ട എന്ന മാനദണ്ഡം കർശനമായി നടപ്പാക്കാൻ തീരുമാനിച്ചു. ഒരുതവണ മത്സരിച്ച പി. ബാലചന്ദ്രൻ (തൃശൂർ), സി.സി. മുകുന്ദൻ(നാട്ടിക) എന്നിവർക്ക് ഇത്തവണ സീറ്റില്ല. രണ്ട് തവണ മത്സരിച്ച സി.കെ. ആശക്കും (വൈക്കം) സീറ്റില്ല. മൂന്ന് ടേം പൂർത്തിയാക്കിയ ആറ് പേരെയും ഒഴിവാക്കി.

സംസ്ഥാന സെക്രട്ടറിയേറ്റ്, നിർവാഹക സമിതി, കൗൺസിൽ യോഗങ്ങൾക്ക് ശേഷമാണ് സ്ഥാനാർഥി പട്ടികക്ക് രൂപം നൽകിയത്. നിലവിൽ കൈപ്പമംഗലം എം.എൽ.എയായ ടൈസൺ മാസ്റ്റർ ഇവിടെ രണ്ട് ടേം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പറവൂരിലേക്ക് മാറുന്നത്. ഇ. ചന്ദ്രശേഖരന്‍ (കാഞ്ഞങ്ങാട്), ഇ.കെ. വിജയൻ (നാദാപുരം), ചിറ്റയം ഗോപകുമാർ (അടൂർ), ജി.എസ്. ജയലാൽ (ചാത്തന്നൂർ), പി.എസ്. സുപാൽ (പുനലൂര്‍), വി. ശശി (ചിറയന്‍കീഴ്) എന്നിവരാണ് മൂന്ന് ടേം പൂർത്തിയാക്കിയതിനാൽ ഒഴിവാക്കപെടുന്നത്.

സ്ഥാനാർഥി പട്ടിക: (നിയോജക മണ്ഡലം സ്ഥാനാർഥി എന്ന ക്രമത്തിൽ): 1. കാഞ്ഞങ്ങാട്-ഗോവിന്ദൻ പള്ളിക്കാപ്പിൽ. 2. നാദാപുരം-പി. വസന്തം. 3. തിരൂരങ്ങാടി- അജിത്. കൊളാടി. 4. ഏറനാട്- ഷഫീർ കീഴിശ്ശേരി. 5. പട്ടാമ്പി - മുഹമ്മദ് മുഹ്സിൻ. 6. മണ്ണാർക്കാട്- മൻസിൽ ബക്കർ. 7 മഞ്ചേരി- വി.എം. മുസ്തഫ. 8 ഒല്ലൂർ - കെ. രാജൻ. 9. കൈപ്പമംഗലം - വത്സരാജ്. 10 കൊടുങ്ങല്ലൂർ- വി.ആർ. സുനിൽകുമാർ. 11. തൃശ്ശൂർ - ആലങ്കോട് ലീലാകൃഷ്ണൻ. 12 നാട്ടിക - ഗീതാ ഗോപി. 13. വൈക്കം - പ്രദീപ്കുമാർ. 14 പീരുമേട് - കെ. സലിംകുമാർ. 15 മൂവാറ്റുപുഴ - എൻ. അരുൺ. 17 പറവൂർ - ഇ.ടി. ടൈസൺ. 17 ചേർത്തല - പി. പ്രസാദ്. 18 ഹരിപ്പാട് -ടി.ടി. ജിസ്മോൻ. 19 അടൂർ - പ്രജി ശശിധരൻ. 20 കരുനാഗപ്പള്ളി - എം എസ് താര. 21 ചാത്തന്നൂർ - ആർ. രാജേന്ദ്രൻ. 22 പുനലൂർ - അജയ് പ്രസാദ്. 23 ചടയമംഗലം - ചിഞ്ചു റാണി. 24 ചിറയിൻകീഴ് - മനോജ് ഇടമന. 25 നെടുമങ്ങാട് - ജി.ആർ. അനിൽ

Tags:    
News Summary - CPI leader CC Mukundan MLA to contest as independent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.