അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ച യുവാവിനെ അപകീർത്തിപ്പെടുത്തിയെന്ന്; നിഷേധിച്ച് പൊലീസ്

ഇരിങ്ങാലക്കുട: വഴിയരികിൽ അപകടത്തിൽപ്പെട്ട് കിടന്നവരെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ച യുവാവിന്റെ ഫോട്ടോ പൊലീസ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തിയതായി പരാതി. സംഭവത്തിൽ യുവാവിന്റെ മാതാവ് ആളൂർ സ്വദേശിനി വാഴക്കൻ വീട്ടിൽ സരിതാ ജോയി എസ്.പിക്ക് പരാതി നൽകി. ആളൂരിലെ വയനാടൻ ബിരിയാണിക്കടയിൽ അടിപിടിയുണ്ടാക്കിയ ശേഷം ബൈക്കിൽ രക്ഷപ്പെടുകയായിരുന്ന യുവാക്കളാണ് കാനയിൽ വീണ് അപകടത്തിൽപ്പെട്ടത്.

ചൊവ്വാഴ്ച മൂന്നരയോടെയാണ് സംഭവം. ആളൂർ കനാൽപ്പാലം സ്വദേശിയും പോട്ട വാഴക്കുന്ന് സ്വദേശിയും ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ഫുഡ് ഡെലിവറി ബോയിമാരും തമ്മിലാണ് സംഘർഷമുണ്ടായത്. പരിസരത്തുണ്ടായിരുന്നവർ പൊലീസിനെ വിളിച്ചതോടെ ബൈക്കിൽ രക്ഷപ്പെട്ട പ്രതികൾ ആളൂർ-പോട്ട റോഡിലെ വിശ്വനാഥപുരം റോഡിന് സമീപം കാനയിൽ വീഴുകയായിരുന്നു. വഴിയരികിൽ അപകടത്തിൽപ്പെട്ടു കിടന്ന ഇവരെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലെത്തിക്കാൻ സഹായിച്ച മകന്റെ ഫോട്ടോ ആളൂർ പൊലീസ് ദുരുപയോഗിച്ചെന്നും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും ആശുപത്രിയിൽ തടഞ്ഞ് വെച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് മാതാവിന്റെ പരാതി. മകന്റെ ഫോട്ടോ ‘‘ഇവനെ അറിയുമോ’’യെന്ന അടിക്കുറിപ്പോടെ വാട്‌സാപ്പ് വഴി പ്രചരിപ്പിച്ചത് തങ്ങൾക്കും മകനും മാനസിക വിഷമമുണ്ടാക്കിയതായി പരാതിയിൽ പറയുന്നു.

അതേസമയം, ആക്രമണം നടത്തിയവരുടെ കൂട്ടത്തിലുള്ളയാളാണോ, ഇവരുമായി ബന്ധമുണ്ടോ എന്നറിയാൻ വേണ്ടിയാണ് ആശുപത്രിയിൽ വെച്ച് വിവരങ്ങൾ ചോദിച്ചതെന്നും ചിത്രം പകർത്തി പൊലീസ് പ്രചരിപ്പിച്ചിട്ടില്ലെന്നും ഇരിങ്ങാലക്കുട ഡിവൈ.എസ്.പി എം.സന്തോഷ് കുമാർ, ആളൂർ എസ്.എച്ച്.ഒ കെ.വി. ഹരികുട്ടൻ എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ച യുവാവിനെ അപകീർത്തിപ്പെടുത്തിയെന്ന്; നിഷേധിച്ച് പൊലീസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.