ഗതാഗതക്കുരുക്കിന് കാരണമായ മണത്തലയിലെ കാന നിർമാണം
ദേശീയപാത 66ൽ അശാസ്ത്രീയ നിർമാണം; മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി ചാവക്കാടും പരിസരവും
ചാവക്കാട്: ദേശീയപാത 66ൽ മണത്തല പള്ളിക്ക് മുന്നിൽ കാന നിർമാണത്തിനായി റോഡ് വെട്ടിപ്പൊളിച്ചതിനെത്തുടർന്ന് ചാവക്കാട് നഗരത്തിലും പരിസരപ്രദേശങ്ങളിലും കിലോമീറ്ററുകൾ നീണ്ട ഗതാഗതക്കുരുക്ക്. ശനിയാഴ്ച രാവിലെ എട്ടോടെ ആരംഭിച്ച തടസ്സം ഉച്ചക്ക് 12 വരെ നീണ്ടു. നാല് മണിക്കൂറിലേറെ സമയമാണ് യാത്രക്കാരും വാഹനങ്ങളും വഴിയിൽ കുടുങ്ങിയത്.
മണത്തല പള്ളിയുടെ മുൻഭാഗത്ത് റോഡ് വെട്ടിപ്പൊളിച്ച് കാനക്ക് കുഴിയെടുത്തതോടെയാണ് ദേശീയപാതയിലെ വാഹനസഞ്ചാരം താറുമാറായത്. ഇവിടെ ആഴത്തിൽ കുഴിയെടുത്തതിനെത്തുടർന്ന് സർവിസ് റോഡ് തകർച്ചാഭീഷണിയിലാവുകയും പള്ളിയുടെ മതിലും നേർച്ചപ്പെട്ടിയും കുഴിയിലേക്ക് വീഴുകയും ചെയ്തു.
പ്രധാന പാതയിൽ വാഹനങ്ങൾ കുടുങ്ങിയതോടെ ചാവക്കാട് ടൗൺ, മണത്തല, ബ്ലാങ്ങാട്, ഒരുമനയൂർ, ബീച്ച് തുടങ്ങിയ പ്രദേശങ്ങളിലേക്കും കുരുക്ക് വ്യാപിച്ചു. ദേശീയപാത വഴിയുള്ള ദീർഘദൂര ബസുകൾ, ചരക്കുവാഹനങ്ങൾ, വിമാനത്താവളങ്ങളിലേക്ക് തിരിച്ച യാത്രക്കാർ എന്നിവരെല്ലാം വഴിയിൽ പെട്ടു. നഗരമധ്യത്തിലും സർവിസ് റോഡുകളിലും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.
സ്ഥലത്തെത്തിയ പൊലീസും സന്നദ്ധപ്രവർത്തകരും ചേർന്നാണ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. പ്രധാന ജങ്ഷനുകളിൽനിന്ന് വാഹനങ്ങൾ മറ്റ് ഇടറോഡുകളിലൂടെ തിരിച്ചുവിട്ടെങ്കിലും ആ റോഡുകളിലും വലിയതോതിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തുടർന്ന് എൻ.കെ. അക്ബർ എം.എൽ.എയും സി.ഐയും നേരിട്ടെത്തിയാണ് കുരുക്കഴിക്കാനുള്ള നടപടികൾക്ക് നേതൃത്വം നൽകിയത്.
ദേശീയപാത നിർമാണ കരാറുകാരുടെ അശാസ്ത്രീയ പ്രവർത്തനങ്ങളാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. നിലവിൽ വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡുകൾ പൊളിക്കുമ്പോഴോ ആഴത്തിൽ കുഴിയെടുക്കുമ്പോഴോ തദ്ദേശ ഭരണകൂടത്തെയോ പൊലീസിനെയോ മുൻകൂട്ടി അറിയിക്കാറില്ല. സുരക്ഷാ ക്രമീകരണങ്ങളോ കൃത്യമായ മുന്നറിയിപ്പുകളോ ഇല്ലാതെ നടത്തുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.