മതിലകം കിഴക്കുംപുറത്ത് ദേശീയപാത നിർമാണം പൂർത്തീകരിക്കുന്നു. താഴെ കിഴക്ക് ഭാഗത്താണ് കുടുംബങ്ങൾ താമസിക്കുന്നത്
മതിലകം: മതിലകം കനോലി കനാൽ തീരഭാഗത്തെ സർവിസ് റോഡിൽനിന്ന് ഒഴിവാക്കി ദേശീയപാത അതോറിറ്റിയുടെ ചതി. ഇത്തരമൊരു സംശയം പ്രദേശവാസികൾക്കിടയിൽ ബലപ്പെട്ടു. കനോലി തീരത്തുകൂടി മതിലകം ബൈപാസിലൂടെ വാഹനങ്ങൾ ചീറിപ്പായാൻ തുടങ്ങിയിട്ടും ഈ ഭാഗത്ത് സർവിസ് റോഡ് നിർമിക്കുന്നതിന്റെ സൂചന കാണുന്നില്ല. ഇവിടത്തെ ബൈപാസിൽ ആറുവരിപ്പാത നിർമാണം ഏതാണ്ട് പൂർത്തിയായി. സർവിസ് റോഡിനെക്കുറിച്ച് അറിയില്ലെന്നാണ് ഇവിടെ അവസാന പണികൾക്ക് മേൽനോട്ടം വഹിക്കുന്ന കരാർ കമ്പനിയുടെ പ്രതിനിധികൾ പറയുന്നത്.
ബൈപാസ് ആറുവരിപ്പാതയുടെ ഇരുഭാഗത്തും സർവിസ് റോഡ് നിർമിക്കാൻ സ്ഥലം ഉണ്ടായിട്ടും എൻ.എച്ച്.എ.ഐ തയാറായിട്ടില്ല. മതിലകം പഞ്ചായത്തിൽ പുതിയ ആറുവരി ദേശീയപാത ബൈപാസ് കടന്നുപോകുന്ന കനോലി കനാലിനോട് ചേർന്ന മറ്റു പലയിടങ്ങളിലും സമാന അവസ്ഥയുണ്ട്. എന്നാൽ, ഏറെ ദുഷ്കരമായ സ്ഥിതിവിശേഷം മതിലകം പഞ്ചായത്ത് എട്ടാം വാർഡിലെ കിഴക്കുംപുറം കനോലി തീരത്താണ്.
ഇവിടെ താമസിക്കുന്ന 25ഓളം പട്ടികജാതി കുടുംബങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. തെങ്ങ് കൃഷിയും മറ്റും നടത്തുന്ന ചെറുകിട ഭൂവുടമകളും ആശങ്കയിലാണ്. പാവപ്പെട്ട കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ നിന്ന് നൂറ് മീറ്ററിലേറെ വടക്ക് പഴയ ഫെറി റോഡിൽ അടിപ്പാത ഉണ്ടെങ്കിലും അവിടേക്ക് എത്താൻ യാതൊരു മാർഗവുമില്ല. ഇവിടേക്ക് സർവിസ് റോഡ് നിർമിക്കാൻ ഏറ്റെടുത്ത സ്ഥലമുണ്ടെങ്കിലും ഒന്നും ചെയ്യാൻ അധികൃതർ തയാറായിട്ടില്ല. മതിൽമൂല കിഴക്കാണ് മറ്റൊരു അടിപ്പാതയുള്ളത്. കിഴക്കുംപുറം കനോലി തീരവാസികൾക്ക് അവിടേക്ക് എത്താനും സർവിസ് റോഡില്ല. ചുരുക്കത്തിൽ വിദ്യാർഥികളും പ്രായമായവരും ഉൾപ്പെടുന്ന ഒരുപറ്റം പാവപ്പെട്ട കുടുംബങ്ങൾ അത്യന്തം ദുഷ്കരമായ കെണിയിൽ അകപ്പെടുന്ന സാഹചര്യമാണ് ഇവിടെയുള്ളത്.
പത്തടിയിലേറെ ഉയരമുള്ള ഹൈവേയിലേക്ക് ഒരുവിധം കയറിക്കൂടി ആറുവരിപ്പാത മുറിച്ചുകടക്കുന്ന അത്യന്തം അപകടകരമായ സാഹചര്യവും ഇപ്പോൾ ഇവിടെയുണ്ട്. വിദ്യാർഥികളും മുതിർന്നവരുമെല്ലാം വാഹനങ്ങൾ ചീറിപ്പായുന്ന ഹൈവേ മുറിച്ചുകടക്കുന്ന ഭയാനകമായ സ്ഥിതിയാണിവിടെ. കനോലി കനാൽ തീരത്തുള്ളവർക്ക് പുറംലോകത്ത് എത്താൻ മറ്റു മാർഗങ്ങളില്ല. പുറത്ത് കടക്കാൻ ബൈപാസിലെ ഡിവൈഡർ പൂർണമായി അടക്കുന്നത് ആളുകൾ തടയുകയായിരുന്നു. ഡിവൈഡറിന്റെയും റോഡരികിലെയും നിർമാണം പൂർത്തിയാകും മുമ്പ് ബൈപാസ് ഗതാഗതത്തിന് തുറന്ന് കൊടുത്തതോടെയാണ് അപകടസാഹചര്യം രൂപപ്പെട്ടത്. ഡിവൈഡറും മറ്റും പൂർണമായി അടക്കുന്നതോടെ കനോലി തീരത്ത് താമസിക്കുന്നവരും മറ്റും പുറംലോകത്ത് ഒറ്റപ്പെടുകയും ചെയ്യും.
ഇത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക് എത്തിയതിൽ ഭരണാധികരികളുടെയും ജന പ്രതിനിധികളുടെയും രാഷ്ടീയ നേതൃത്വങ്ങളുടെയും ജാഗ്രതക്കുറവും നിസ്സംഗതയും കാരണമാണ്. ഇവരിലെല്ലാം പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയായിരുന്നു കനോലി കനാൽ തീരവാസികൾ. ഹൈവേ നിർമാണം പൂർത്തിയാകുന്ന വേളയിലും സർവിസ് റോഡിന്റെ കാര്യത്തിൽ അനക്കമില്ലാതായതോടെയാണ് തങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന ചിന്ത ഇവിടത്തുകാരിൽ ഉടലെടുത്തത്. ഒന്നര പതിറ്റാണ്ട് മുമ്പ് ഹൈവേ വികസനത്തിന്റെ ഹിയറിങ് ആരംഭിച്ചതോടെ നടത്തിയ സാമ്യഹിക ആഘാത പഠനം മുതൽ നിരവധി വേദികളും അവസരങ്ങളും ഉണ്ടായിരുന്നു. ഉത്തരവാദിത്തത്തിൽനിന്ന് പഞ്ചായത്തിനും മുൻ എം.എൽ.എക്കും നിലവിലെ എം.എൽ.എക്കും എം.പി.ക്കും ഒഴിഞ്ഞുമാറാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.