പ്രതി മുഹമ്മദ് ഷിഫാൻ
തൃശൂർ: പൊലീസ് കസ്റ്റഡിയിൽ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി വീണ്ടും പിടിയിൽ. പുന്നയൂർക്കുളം ചമ്മണ്ണൂർ സ്വദേശി മുഹമ്മദ് ഷിഫാനെയാണ് (30) അണ്ടത്തോട് ഭാഗത്തു നിന്ന് പൊലീസ് പിടികൂടിയത്.
സംഭവത്തിൽ നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ ബൈജു, സിനീഷ്, പ്രവീൺ, അഖിൽ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കേസിൽ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്കു ശേഷമായിരുന്നു സംഭവം. വധശ്രമ കേസിൽ പ്രതിയായ ഷിഫാനെ മെഡിക്കൽ പരിശോധനക്കായി വടക്കേക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചപ്പോഴാണ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. മെഡിക്കൽ പരിശോധനക്ക് മുമ്പ് ഇരു കൈകളിലും ബന്ധിച്ചിരുന്ന കൈവിലങ്ങ് ഒരുകൈയിലേക്ക് മാറ്റുന്നതിനിടെയാണ് പ്രതി പൊലീസുകാരെ തള്ളിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസുകാർ പിന്തുടർന്നെങ്കിലും ഇയാളെ ഉടൻ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
സംഭവത്തെ തുടർന്ന് പോലീസിന്റെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ച പരിശോധിച്ച ശേഷമാണ് നാല് സി.പി.ഒമാരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ അധികൃതർ തീരുമാനിച്ചത്. രണ്ടാഴ്ച മുമ്പ് പുന്നയൂർക്കുളത്തെ ബാറിന് മുന്നിൽ മുരിയന്തടം സ്വദേശി വിഷ്ണു യാദവിനെ (24) വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ് മുഹമ്മദ് ഷിഫാൻ.
കഴിഞ്ഞ മാസം പെരിന്തൽമണ്ണ ജയിലിനുമുന്നിൽനിന്ന് പൊലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി ഓടിയ പ്രതിയെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനു ശേഷം പിടികൂടിയിരുന്നു. എം.ഡി.എം.എ കേസിൽ പിടിക്കപ്പെട്ട് റിമാൻഡിനു കൊണ്ടുവന്ന പ്രതിയാണ് രക്ഷപ്പെട്ടത്. മജിസ്ട്രേട്ടിനുമുമ്പിൽ ഹാജരാക്കി പെരിന്തൽമണ്ണ സബ് ജയിലിലേക്ക് കൊണ്ടുവരികയായിരുന്നു. ഭക്ഷണം കഴിക്കാൻ ഒരു കൈയിലെ വിലങ്ങ് അഴിച്ചപ്പോഴായിരുന്നു സംഭവം. പട്ടാമ്പി റോഡിൽ സ്റ്റേറ്റ് ബാങ്കിനുസമീപത്ത് കുറ്റിക്കാട്ടിൽ പതുങ്ങിനിന്ന പ്രതിയെ പിറ്റേന്ന് വൈകീട്ടാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.