കയ്പമംഗലം വാട്ടർ ടാങ്ക് ജങ്ഷനിലെ പൊട്ടിപ്പൊളിഞ്ഞ സർവിസ് റോഡ്
കയ്പമംഗലം: യാത്രാസൗകര്യം വർധിക്കുമെന്ന വലിയ പ്രതീക്ഷയോടെയാണ് ദേശീയ പാത 66നെ തീരദേശജനത സ്വാഗതം ചെയ്തതെങ്കിലും ഇന്ന് അവർ സ്വന്തം മണ്ണിൽ അന്യവത്കരിക്കപ്പെടുന്ന അവസ്ഥയിലാണ്. കയ്പമംഗലം, കാളമുറി, വഴിയമ്പലം, ചെന്ത്രാപ്പിന്നി തുടങ്ങിയ ജനനിബിഡമായ പ്രദേശങ്ങളെല്ലാം രണ്ടായി പിളർന്ന പോലെയായി.
പതിറ്റാണ്ടുകളായി പരസ്പരം സഹകരിച്ച് ജീവിച്ചിരുന്ന കുടുംബങ്ങൾക്കിടയിൽ ഇന്ന് ദേശീയപാത ഒരു വലിയ മതിൽക്കെട്ടായി മാറി. റോഡിന്റെ ഇരുവശത്തുമുള്ള നാട്ടുകാർ തമ്മിലെ പരമ്പരാഗതമായ ബന്ധങ്ങൾ പാടെ വിച്ഛേദിക്കപ്പെട്ടു. തൊട്ടപ്പുറത്ത ബന്ധുവീട്ടിലോ പൊതുസ്ഥലത്തോ പോകാൻ പോലും കിലോമീറ്ററുകൾ ചുറ്റിക്കറങ്ങണം. ആശുപത്രികളിൽ എത്താൻ കിലോമീറ്ററുകൾ താണ്ടണം.
ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങൾക്ക് മുന്നിലൂടെ പ്രായഭേദമന്യേയുള്ളവർ റോഡ് മുറിച്ച് കടക്കുന്ന അവസ്ഥ പലയിടങ്ങളിലും സ്ഥിരം കാഴ്ചയായി. 45 മീറ്റർ വീതിയുള്ള ദേശീയപാതയിൽ മൂന്നടിയിൽ സ്ഥാപിച്ച ഡിവൈഡറുകളും മറികടന്ന് വേണം അവർക്ക് ലക്ഷ്യസ്ഥാനത്തെത്താൻ.
ദേശീയപാതയിൽ കാളമുറി ജങ്ഷനിൽ സർവിസ് റോഡിന് സമീപത്തെ കുഴി
ദേശീയപാത 66 വികസന പ്രവർത്തനങ്ങൾ വരുന്നതിന് മുമ്പ് കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ കൊപ്രക്കളം മുതൽ മൂന്നുപീടിക അറവുശാല വരെ ഭാഗത്തെ ജനങ്ങൾ സ്വതന്ത്രമായി നിർബാധം പോയിക്കൊണ്ടിരുന്ന അവസ്ഥയായിരുന്നു. ദേശീയപാത വന്നതോടെ അപ്പുറവും ഇപ്പുറവും ദ്വീപുകൾ പോലെയായി.
50 മീറ്റർ അപ്പുറത്തുള്ള കടയിലേക്കോ ഓഫിസിലേക്കോ സ്കൂളിലേക്കോ മറ്റു സ്ഥാപനങ്ങളിലേക്കോ എത്താൻ കിലോമീറ്ററുകൾ താണ്ടി പോകേണ്ട ദുരിതാവസ്ഥയിലാണ് കയ്പമംഗലത്തുകാർ. ഇതിന് പരിഹാരമായി ദേശീയപാത അതോറിറ്റി പൊതുജന താൽപര്യപ്രകാരം നടപ്പാത (ഫൂട് ഓവർ ബ്രിഡ്ജ്) അനുവദിക്കാമെന്ന വാഗ്ദാനമാണ് ജനങ്ങൾക്ക് നൽകിയിരുന്നത്. കയ്പമംഗലം പ്രദേശത്തെ ജനങ്ങൾ ഒന്നടങ്കം ദേശീയപാത വികസനത്തെ സ്വാഗതം ചെയ്തവരാണ്.
ദേശീയപാത കടന്നുപോകുന്ന കൊപ്രക്കളം, കയ്പമംഗലം ബോർഡ്, 12 ജങ്ഷൻ, പനമ്പിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ജനങ്ങളുടെ യാത്രാദുരിതം കുറക്കാൻ നടപ്പാത ആവശ്യമായിരുന്നു. എന്നാൽ, കൊപ്രക്കളം സെന്ററിൽ ബുസ്താനുൽ അറബിക് കോളജ്, എൽ.പി സ്കൂൾ, സ്പെഷൽ സ്കൂൾ അടക്കമുള്ള സ്ഥാപനങ്ങളും തൊട്ടടുത്ത് ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളും നിരവധി ആരാധനാലയങ്ങളും അടക്കമുള്ള സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സാഹചര്യത്തിൽ അവിടത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഒന്നര മീറ്റർ വീതി വരുന്ന നടപ്പാത സ്ഥാപിക്കണമെന്നാണ് ഗ്രാമപഞ്ചായത്തും പ്രദേശത്തെ നാട്ടുകാരും ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടത്. ദേശീയപാത 66ൽ കോഴിക്കോട് രാമനാട്ടുകരയിൽ ഒന്നര മീറ്റർ വീതിയിൽ നടപ്പാത സ്ഥാപിച്ചത് ചൂണ്ടിക്കാട്ടിയാണ് ആവശ്യമുന്നയിച്ചത്.
ബെന്നി ബഹനാൻ എം.പി ഉൾപ്പെടെ ജനപ്രതിനിധികൾ ആവശ്യപ്പെട്ടിട്ട് പോലും ദേശീയപാത അധികൃതർ ഇക്കാര്യത്തിൽ നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചത്.
കയ്പമംഗലം പഞ്ചായത്ത് ഓഫിസ് ജങ്ഷനിലും സമാന സാഹചര്യമാണ്. ഇവിടെ പഞ്ചായത്ത് ഓഫിസും മറ്റു നിരവധി ഓഫിസുകളും സ്ഥിതി ചെയ്യുന്നുണ്ട്. കിഴക്ക് ഭാഗത്തെ ജനങ്ങൾക്ക് പഞ്ചായത്തിലേക്കും മറ്റും വരാനും തിരിച്ചുപോകാനും ദേശീയപാത വന്നതോടെ കഴിയാതെയായി. ഈ സാഹചര്യത്തിൽ ഭൂ ഉടമകൾ സമ്മതിച്ചിട്ട് പോലും ഇവിടെ നടപ്പാത നിർമിക്കാൻ സാങ്കേതികത്വത്തിന്റെ പേരുപറഞ്ഞ് ദേശീയപാത അതോറിറ്റി ഒഴിഞ്ഞുമാറുകയാണ്. എക്സിറ്റും എൻട്രിയും ഉള്ളിടത്ത് നടപ്പാത അനുവദിക്കില്ലെന്നതാണ് അധികൃതരുടെ ന്യായം. ഒന്നര മീറ്റർ വീതി നടപ്പാതക്ക് മതിയാകില്ലെന്ന വാദവും നിരത്തുന്നു. ദേശീയപാത 66ന്റെ അതിവേഗ യാത്രക്കൊപ്പം തീരദേശത്തെ ജനങ്ങളുടെ ജീവിതയാത്രയും സുരക്ഷിതമാക്കാൻ അധികാരികൾ കണ്ണുതുറക്കുമെന്ന പ്രതീക്ഷയിലാണ് നാട്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി കയ്പമംഗലം പഞ്ചായത്തിൽ കാളമുറിക്കും കയ്പമംഗലം 12 ജങ്ഷനുമിടയിൽ കിഴക്കും പടിഞ്ഞാറും സർവിസ് റോഡുകളുടെ കാന അടക്കമുള്ള നിർമാണ ജോലികൾ പൂർത്തിയായിട്ടില്ല.
പടിഞ്ഞാറുഭാഗത്ത് സർവിസ് റോഡിൽ വാട്ടർ അതോറിറ്റിയുടെ ടാങ്ക് സ്ഥിതി ചെയ്യുന്ന ജങ്ഷനിൽ ഒന്നര വർഷത്തോളമായി പൈപ്പിൽനിന്ന് വെള്ളമൊഴുകി സർവിസ് റോഡ് താറുമാറായി കിടക്കുകയാണ്. മഴക്കാലത്ത് ഇതിലൂടെയുള്ള യാത്ര ദുരിതപൂർണമാണ്.
റോഡിന്റെ ദയനീയാവസ്ഥ മുതലാക്കി സ്വകാര്യ ബസുകൾ കാളമുറി സെന്ററും ബോർഡ് ബസ് സ്റ്റോപ്പും ഒഴിവാക്കിയാണ് യാത്ര ചെയ്യുന്നത്. ജനപ്രതിനിധികളും നാട്ടുകാരുമെല്ലാം ഇക്കാര്യം ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടിട്ടും എല്ലാം പഴയതുപോലെ തുടരുകയാണ്.
കയ്പമംഗലം പഞ്ചായത്ത് പ്രദേശത്ത് ദേശീയപാതയുടെ എക്സിറ്റും എൻട്രിയും വളരെ അശാസ്ത്രീയമായാണ് നടപ്പാക്കിയത്. തെക്കോട്ട് പോകുന്ന ദേശീയപാതയുടെ കയ്പമംഗലം എൻട്രി പോയന്റ് കയ്പമംഗലം പഞ്ചായത്ത് ഓഫിസ് ജങ്ഷനും എക്സിറ്റ് പോയന്റ് പനമ്പിക്കുന്നുമാണ്. യഥാർഥത്തിൽ കയ്പമംഗലം പഞ്ചായത്ത് ഓഫിസ് ജങ്ഷനിൽ എക്സിറ്റ് ആണ് ആവശ്യം. വടക്കു ഭാഗത്തുനിന്ന് വരുന്നവർക്ക് കയ്പമംഗലത്തേക്ക് എത്തണമെങ്കിൽ എടമുട്ടം സെന്ററിലെ എക്സിറ്റ് പോയന്റിൽ ഇറങ്ങി സർവിസ് റോഡിലൂടെ കിലോമീറ്ററുകൾ യാത്ര ചെയ്യണം. കയ്പമംഗലം കൊപ്രക്കളം സെന്ററിൽ എക്സിറ്റ് പോയന്റ് ഉണ്ടാക്കലാണ് ഇതിന് പരിഹാരം.
സി.ജെ. പോൾസൺ (കയ്പമംഗലം ഗ്രാമപഞ്ചായത്ത് മുൻ അംഗം, പൊതുപ്രവർത്തകൻ)
വികസനം ഏറ്റവും വലിയ തിരിച്ചടി നൽകിയത് ദേശീയപാതക്കിരുവശവുമുള്ള പരമ്പരാഗത കച്ചവട കേന്ദ്രങ്ങൾക്കാണ്. ചെറിയ കച്ചവട സ്ഥാപനങ്ങളിൽ വരുമാനം നിലച്ച പോലെയാണ്. ചില കടകൾക്ക് താഴ് വീണു. ചിലയിടങ്ങളിൽ ജീവനക്കാരിൽ ഭൂരിഭാഗം പേരെയും പിരിച്ചുവിടേണ്ട അവസ്ഥയിലുമായി. കച്ചവടം ഇല്ലാഞ്ഞിട്ടും കെട്ടിട വാടകയും ബാങ്ക് വായ്പകളും തിരിച്ചടയ്ക്കാനാകാതെ പ്രതിസന്ധിയിലായവരും ചെറുകിട വ്യാപാരികൾക്കിടയിലുണ്ട്. റോഡ് വികസനം മൂലം സ്ഥലമേറ്റെടുത്തപ്പോൾ പൊളിച്ചുമാറ്റിയ വ്യാപാര സ്ഥാപനങ്ങൾ ദേശീയപാതയിൽനിന്ന് വളരെ അകലെയാണ് ഇപ്പോഴുള്ളത്. പാത വന്നതോടെ വാടക കുറഞ്ഞ കെട്ടിടങ്ങൾക്ക് ഉൾപ്പെടെ ഇരട്ടി വാടകയും മുൻകൂർ തുകയും കൊടുക്കേണ്ട ഗതികേടിലാണ്. നിലവിൽ കടകൾക്ക് തൊട്ട് മുന്നിലൂടെയാണ് ദേശീയപാതയുടെ സർവിസ് റോഡ്. അതിനാൽ വ്യാപാര സ്ഥാപനങ്ങളിലേക്ക് വാഹനങ്ങളിൽ വരുന്നവർക്ക് പാർക്കിങ് പ്രശ്നമുണ്ട്. തട്ടുകടകളിൽ കച്ചവടം ചെയ്ത് വരുമാനം കണ്ടെത്തിയവരുടെ കാര്യവും സമാനമാണ്.
വി.ആർ. ഉല്ലാസ് (വ്യാപാരി വ്യവസായി ഏകോപന സമിതി കയ്പമംഗലം യൂനിറ്റ് പ്രസിഡന്റ്)
നാടിന്റെ വികസനത്തിന് മുന്നിൽ നിന്ന് പ്രവർത്തിക്കുന്നവരാണ് വ്യാപാരികൾ. ദേശീയപാത സ്ഥലമേറ്റെടുക്കൽ മൂലം വ്യാപാര സ്ഥാപനങ്ങൾ കൂടുതൽ നഷ്ടപ്പെട്ട പ്രദേശമാണ് കയ്പമംഗലം. പുതിയ സ്ഥാപനങ്ങൾ കെട്ടിപ്പൊക്കി മിക്കവരും ഇപ്പോൾ പഴയ സ്ഥിതിയിലേക്ക് തിരിച്ചുവരുന്നതേയുള്ളൂ. പക്ഷേ ദേശീയപാത വന്നപ്പോൾ മിക്ക കടകളിലും ആൾക്കാർക്കെത്താൻ ബുദ്ധിമുട്ടായി. കാളമുറി സെന്ററിൽ നിലവിൽ അടിപ്പാതയുള്ളതിനാൽ പ്രദേശത്ത് കാര്യമായ പ്രശ്നങ്ങളില്ല. എന്നാൽ വഴിയമ്പലം, കയ്പമംഗലം ബോർഡ്, കൊപ്രക്കളം ഭാഗങ്ങളിൽ ഇരുവശവും പൂർണമായി റ്റെപ്പെട്ടു.
കെ.എൻ. സജീവൻ (വ്യാപാരി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.