നായരങ്ങാടിയിൽ ജ്വല്ലറിയിൽ ചുമർ തുരന്ന് മോഷണശ്രമം

വടക്കേക്കാട്: നായരങ്ങാടിയിലെ പാലത്തിങ്കൽ ജ്വല്ലറിയിൽ മോഷണശ്രമം. പുലർച്ചെ ജ്വല്ലറിയുടെ പിൻവശത്തെ ചുമര് തുരന്ന് മോഷ്ടാവ് അകത്തുകയറിയെങ്കിലും അലാറം മുഴങ്ങിയതോടെ ശ്രമം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ജ്വല്ലറിയുടെ ലോക്കർ റൂമിന് പിറകിലെ ചുമർ ഒരാൾക്ക് കടന്നുപോകാൻ പാകത്തിലാണ് തുരന്നിട്ടുള്ളത്.

പുലർച്ചെ ശബ്ദം കേട്ടതിനെ തുടർന്ന് നാട്ടുകാർ ജ്വല്ലറി ഉടമയെ വിവരമറിയിക്കുകയും സി.സി.ടി.വി പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാൽ സംശയാസ്പദമായി ഒന്നും കാണാത്തതിനെ തുടർന്ന് ആദ്യം കാര്യമാക്കിയിരുന്നില്ല. എന്നാൽ പിന്നീട് അലാറം അടിച്ചതോടെയാണ് വീണ്ടും പരിശോധന നടത്തുകയും വടക്കേക്കാട് പൊലീസിൽ വിവരമറിയിക്കുകയും ചെയ്തത്.

തൊട്ടടുത്തുള്ള മറ്റ് കാമറകളിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിലും ഗ്ലൗസും മുഖംമൂടിയും ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാനായിട്ടില്ല. ജ്വല്ലറിയിലെ നിരീക്ഷണ കാമറകൾ ചുമർ തുരന്ന ഭാഗം കവർ ചെയ്യാത്ത വിധത്തിലായിരുന്നു സ്ഥാപിച്ചിരുന്നത്. ഈ സുരക്ഷാ വീഴ്ച മനസ്സിലാക്കിയാണ് മോഷ്ടാവ് മോഷണം ആസൂത്രണം ചെയ്തത്. സംഭവം നടന്ന സ്ഥലത്തുനിന്ന് ചുമർ തുരക്കാൻ ഉപയോഗിച്ച ആയുധങ്ങളും സാമഗ്രികളും പൊലീസ് കണ്ടെടുത്തു.

സംഭവത്തിൽ വടക്കേക്കാട് പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും മോഷ്ടാവിനെ എത്രയും വേഗം വലയിലാക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റും ഗുരുവായൂർ നിയോജകമണ്ഡലം ചെയർമാനുമായ ലൂക്കോസ് തലക്കോട്ടൂർ ആവശ്യപ്പെട്ടു.

Tags:    
News Summary - നായരങ്ങാടിയിൽ ജ്വല്ലറിയിൽ ചുമർ തുരന്ന് മോഷണശ്രമം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.