ശോശാമ്മക്ക് വട്ടംകുളം പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും നാട്ടുകാരും ചേർന്ന്
നൽകിയ യാത്രയയപ്പിൽ പ്രസിഡന്റ് ഷാജിമോൾ പാലത്തിങ്കൽ മെമന്റോ നൽകുന്നു
എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിലെ മൂന്ന് പതിറ്റാണ്ട് നീണ്ട സേവനത്തിനൊടുവിൽ പൗണ്ട് കീപ്പർ (ആല സൂക്ഷിപ്പുകാരി) ശോശാമ്മ ഔദ്യോഗിക ജീവിതത്തിൽനിന്ന് പടിയിറങ്ങി. ഇതോടെ സംസ്ഥാനത്തെ അവസാനത്തെ പൗണ്ട് കീപ്പർ തസ്തികയും ശോശാമ്മയിലൂടെ ചരിത്രമാകും.
പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിഞ്ഞ് ശല്യമുണ്ടാക്കുന്ന കന്നുകാലികളെ പിടികൂടി പഞ്ചായത്തിനോട് ചേർന്നുള്ള ആലയിൽ കെട്ടിയിടുകയും തീറ്റയും വെള്ളവും നൽകി സംരക്ഷിക്കുകയുമാണ് പൗണ്ട് കീപ്പറുടെ പ്രധാന ചുമതല. പിന്നീട് ഉടമസ്ഥരെത്തി പിഴ അടച്ചാൽ മൃഗങ്ങളെ വിട്ടുനൽകും. ആരും ഏറ്റെടുക്കാൻ എത്തിയില്ലെങ്കിൽ പരസ്യമായി ലേലം ചെയ്‌ത് തുക പഞ്ചായത്ത് വിഹിതത്തിലേക്ക് മുതൽക്കൂട്ടാക്കും.
തൃശൂർ കുട്ടനെല്ലൂർ അഞ്ചേരി സ്വദേശിയായ ശോശാമ്മ (ലിസി) 1996ലാണ് വട്ടംകുളം പഞ്ചായത്തിൽ ആല സൂക്ഷിപ്പുകാരിയായി ജോലിയിൽ പ്രവേശിച്ചത്. ആദ്യ നിയമനം വട്ടംകുളത്തായിരുന്നു. മൂന്ന് പതിറ്റാണ്ടായി ഇവിടെ തന്നെ സേവനം തുടരുകയായിരുന്നു. ശോശാമ്മക്ക് മുമ്പ് ജോലിയിൽ പ്രവേശിച്ചവരെല്ലാം വിരമിച്ചെങ്കിലും തസ്തിക ഒഴിവാക്കിയതോടെ പഞ്ചായത്തിലെ മറ്റ് ജോലി പങ്കാളിത്തവുമായി സർവിസിൽ തുടരുകയായിരുന്നു.വട്ടംകുളം മൃഗാശുപത്രിയോട് ചേർന്നുണ്ടായിരുന്ന പഴയ ആല ആറ് വർഷം മുമ്പ് പൊളിച്ചുമാറ്റി അവിടെ കുടുംബശ്രീ വിപണന കേന്ദ്രവും അംഗൻവാടിയും സ്ഥാപിച്ചു. 30 വർഷത്തെ സേവനത്തിലൂടെ വട്ടംകുളം പഞ്ചായത്തിലെ ഒരംഗത്തെപ്പോലെ മാറിയ ശോശാമ്മ നാട്ടുകാർക്കും ഏറെ പ്രിയങ്കരിയാണ്. ശോശാമ്മക്ക് വട്ടംകുളം പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും നാട്ടുകാരും ചേർന്ന് യാത്രയയപ്പ് നൽകി. യാത്രയയപ്പ് സംഗമം പഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ പാലത്തിങ്കൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എ. നജീബ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മജീദ് കഴുങ്ങിൽ, സെക്രട്ടറി ആർ. രാജേഷ്, വികസന സമിതി ഉപാധ്യക്ഷൻ ടി.പി. ഹൈദരലി, മറ്റു വാർഡ് മെമ്പർമാർ, പഞ്ചായത്ത് ഉദ്യോഗസ്ഥൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.