ജില്ല വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപനം നാളെ

മന്ത്രി വി. ശിവൻകുട്ടി പ​ങ്കെടുക്കും തൃശൂർ: ജില്ല ആസൂത്രണ സമിതിയും വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന ജില്ല വിദ്യാഭ്യാസ പദ്ധതിയുടെ പ്രഖ്യാപനം തിങ്കളാഴ്ച മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. തൃശൂർ ടൗൺഹാളിൽ രാവിലെ 11നാണ്​ പരിപാടി. സംസ്ഥാനത്ത്​ സമഗ്ര വിദ്യാഭ്യാസ പദ്ധതി തയാറാക്കുന്ന ആദ്യ ജില്ലയാണ്​ തൃശൂരെന്ന്​ ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റ്​ പി.കെ. ഡേവിസ്​ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിദ്യാഭ്യാസ മേഖലയിൽ ജനപങ്കാളിത്തം വർധിപ്പിക്കുക, പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുക, പിന്നാക്ക പ്രദേശ വിദ്യാലയങ്ങളുടെയും സമൂഹങ്ങളുടെയും വിദ്യാഭ്യാസ വളർച്ചക്ക്​ ഉതകുന്ന പരിപാടികൾ സംഘടിപ്പിക്കുക, വാർഡുതല വിദ്യാഭ്യാസ സമിതിക്ക്​ രൂപംനൽകുക തുടങ്ങിയവയാണ്​ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പി. ബാലചന്ദ്രൻ എം.എൽ.എയു​ടെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ ലോഗോ പ്രകാശനം മന്ത്രി ഡോ. ആർ. ബിന്ദുവും ആദരണീയം മന്ത്രി കെ. രാധാകൃഷ്ണനും പദ്ധതിരേഖ പ്രകാശനം മുൻ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥും നിർവഹിക്കും. വിദ്യാഭ്യാസ പ്രവർത്തകൻ പി. ചിത്രൻ നമ്പൂതിരിപ്പാടിനെ ആദരിക്കും. വാർത്തസമ്മേളനത്തിൽ ജില്ല വിദ്യാഭ്യാസ ഉപ ​ഡയറക്ടർ ടി.വി. മദനമോഹനൻ, ജില്ല പഞ്ചായത്ത്​ വൈസ്​ പ്രസിഡന്‍റ്​ ഷീന പറയങ്ങാട്ടിൽ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, പദ്ധതി ജില്ല കോഓഡിനേറ്റർ വി. മനോജ്​ എന്നിവരും പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.