കൊടുങ്ങല്ലൂർ ഉഴുവത്ത് കടവ് കനോലി കനാൽ തീരത്ത് മണൽഖനനത്തിനിടെ തകർന്ന വീട്
കൊടുങ്ങല്ലൂർ: കനോലി കനാലിലും തീരത്തും പരിസ്ഥിതി ആഘാതം സൃഷ്ടിച്ച് തുടരുന്ന മണൽ ഖനനത്തിനിടെ വീട് തകർന്നു. കൂടുതൽ വീടുകൾ തകർച്ചാഭീഷണി നേരിടുകയാണെന്ന ആശങ്കയും നിലനിൽക്കുന്നു. മണൽഖനനം നടന്നുവരുന്ന കൊടുങ്ങല്ലൂർ നഗരസഭയിലെ വയലാർ ഉഴുവത്ത് കടവിലാണ് വീട് തകർന്നത്. ഒലവക്കോട്ട് മുസ്തഫ കമാലിന്റെ ഉടമസ്ഥതയിലുള്ള വീടാണ് തകർന്നത്. കനോലി കനാലിന് സമീപത്ത് സ്ഥിതി ചെയ്യുന്ന വീടിന്റെ ചുമരും തറയുമെല്ലാം വിണ്ടുകീറി. അപകട സാധ്യതയേറിയതോടെ വീട്ടിലെ താമസക്കാർ ഒഴിഞ്ഞുപോയി. അനിയന്ത്രിതമായ മണലെടുപ്പ് പ്രദേശത്തിന് ഭീഷണിയായി മാറിയതായും പരാതിയുണ്ട്. റോഡും കാനയുമെല്ലാം നാശം നേരിടുകയാണ്. ദേശീയപാത നിർമാണത്തിന് ഉയരപ്പാത നിറക്കാനാണ് പുഴയിൽനിന് ഡ്രഡ്ജിങ് നടത്തി മണലെടുക്കുന്നത്. എന്നാൽ, ലോഡ് കണക്കിന് മറിച്ചു വിൽക്കുന്നതായും ആക്ഷേപമുണ്ട്. പരിസ്ഥിതി ആഘാതം കൃത്യമായി പഠിക്കാതെയാണ് പുഴയിൽ ഖനനം നടത്തുന്നതെന്നും പറയുന്നു. ഈ രീതിയിലുള്ള മണ്ണെടുപ്പ് ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും സാരമായി ബാധിച്ചീട്ടുണ്ട്.
കൊടുങ്ങല്ലൂർ നഗരസഭ മേഖലയിൽ വിവിധയിടങ്ങളിൽ സമാന രീതിയിൽ മണലെടുപ്പ് നടന്നിട്ടുണ്ട്. ഓരോയിടങ്ങളിലും നാശനഷ്ടങ്ങൾ ഏറുകയും പ്രതിഷേധം ഉയരുകയും ചെയ്യുന്നതോടെ മറ്റിടങ്ങൾ തേടുകയാണ് കരാറുകാർ. മേഖലയിലെ ജലാശയങ്ങൾ കേന്ദ്രീകരിച്ച് വൻതോതിൽ നടക്കുന്ന മണൽ ഖനനം ഉണ്ടാക്കുന്ന പരിസ്ഥിതി ആഘാതം സംബന്ധിച്ച് വിദഗ്ധരുടെ പഠന റിപ്പോർട്ട് ഉണ്ടാക്കി ജനങ്ങൾ മുമ്പാകെ വെളിപ്പെടുത്താൻ അധികാരികൾ തയാറാകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.