സർക്കാറിന്‍റെ വാർഷിക പ്രദർശനത്തിൽ പട്ടികജാതി വികസന കോർപറേഷൻ 'ഔട്ട്'

തൃശൂർ: രണ്ടാം പിണറായി സർക്കാറിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മെഗാ പ്രദർശന-വിപണന മേളയിൽ പട്ടികജാതി വികസന കോർപറേഷന്‍റെ പ്രാതിനിധ്യമില്ല. സർക്കാർ-അർധസർക്കാർ വകുപ്പുകളുടെയും അവയുടെ നിയന്ത്രണത്തിലുള്ള കോർപറേഷനുകളുടെയും ഉപഘടകങ്ങളുടെയും കുടുംബശ്രീ അടക്കമുള്ള സംരംഭകരുടെയുമടക്കം ഇരുനൂറോളം സ്റ്റാളുണ്ടെങ്കിലും പട്ടികജാതി വികസന കോർപറേഷനു മാത്രമാണ് സ്റ്റാൾ ഇല്ലാത്തത്​. ഇത്​ ഗുരുതര വീഴ്ചയാണെന്ന ആക്ഷേപമുയർന്നിട്ടുണ്ട്. സി.പി.എം നിയന്ത്രണത്തിലുള്ള പട്ടികജാതി സംഘടന നേതാക്കൾ തന്നെ ഇക്കാര്യം നേതൃത്വത്തെ അറിയിച്ചു. പട്ടികജാതി സംഘടനകളും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. വകുപ്പുമന്ത്രി കെ. രാധാകൃഷ്ണനും കോർപറേഷൻ ചെയർമാൻ യു. പ്രദീപും തൃശൂർ ജില്ലയിൽ നിന്നുള്ളവരാണ്. പട്ടികജാതി വികസന കോർപറേഷനെതിരെ നേരത്തേ തന്നെ ആക്ഷേപങ്ങളുണ്ട്​. കുട്ടികളുടെ വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതുൾപ്പെടെ പരാതിക്കിടയാക്കിയിരുന്നു. പ്രളയവും കോവിഡും വന്ന സാഹചര്യത്തിൽ 2018 മുതൽ വിവിധ ധനകാര്യ സ്ഥാപനങ്ങൾ വായ്പകൾക്ക് പിഴപ്പലിശ ഒഴിവാക്കി വായ്പക്കാർക്ക് ആശ്വാസം നൽകിയപ്പോൾ കോർപറേഷൻ ഇളവ് പ്രഖ്യാപിക്കാതിരുന്നത് വിമർശനത്തിനിടയാക്കിയിരുന്നു. പത്തുനാൾ നീളുന്ന മേള ഞായറാഴ്ച സമാപിക്കുകയാണ്. സമാപന പരിപാടിയുടെ ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണനാണ് നിർവഹിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.