ചാലക്കുടിപ്പുഴയിലെ മണ്ണെടുപ്പ് പ്രശ്നം പരിഹരിച്ചു

ചാലക്കുടി: ചാലക്കുടിപ്പുഴയിലെ മണ്ണെടുപ്പ് സംബന്ധിച്ച പ്രതിസന്ധിക്ക്​ സർവകക്ഷി യോഗത്തിൽ പരിഹാരം. പൂലാനി കോവിലകത്തുംപടി ഭാഗത്തെ പ്രവൃത്തി നടക്കുന്നതിനിടെ വ്യാഴാഴ്ചയാണ്​ നാട്ടുകാർ മണ്ണെടുപ്പ് തടഞ്ഞത്. തുടർന്ന്​ വെള്ളിയാഴ്ച പൂലാനിയിൽ സർവകക്ഷി യോഗം ചേരുകയായിരുന്നു. പരിസരവാസികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവർത്തകരും പഞ്ചായത്ത് പ്രസിഡന്‍റ്​ എം.എസ്. സുനിത അടക്കമുള്ള ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. പ്രളയത്തെ തുടർന്ന് ചാലക്കുടിപ്പുഴയിലെ വിവിധ ഭാഗങ്ങളിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യാനുള്ള സർക്കാർ തീരുമാനത്തെ തുടർന്ന് ജലവിഭവ വകുപ്പാണ് പ്രവൃത്തി നടത്തിയിരുന്നത്. പുഴയിലെ ആവാസവ്യവസ്ഥയുടെ ഭാഗമായ തുരുത്തുകൾ നീക്കം ചെയ്യുന്നതിനെതിരെയാണ് പ്രധാനമായും പ്രതിഷേധം ഉയർന്നത്. തുരുത്തുകൾ നീക്കംചെയ്യില്ലെന്ന് സർവകക്ഷി യോഗത്തിൽ ഉദ്യോഗസ്ഥർ പ്രദേശവാസികൾക്ക് ഉറപ്പ് നൽകി. പുഴയിൽനിന്നെടുക്കുന്ന മണ്ണും മണലും അതത് പഞ്ചായത്തുകൾക്കുതന്നെ നൽകുമെന്നും പുഴയിലെ സുഗമമായ ഒഴുക്കിന് സഹായകമായ പ്രവൃത്തികൾ മാത്രമേ നടക്കൂവെന്നും ഇവർ അറിയിച്ചു. ഇതോടെ​ പ്രശ്നപരിഹാരമാവുകയും വെള്ളിയാഴ്ച പണികൾ പുനരാരംഭിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.