ചാലക്കുടിയിൽ മൂന്ന് ഷോപ്പിങ് കോംപ്ലക്സുകൾ നിർമിക്കാൻ ബജറ്റ് നിർദേശം ചാലക്കുടി: വരുമാനം വർധിപ്പിക്കാൻ മൂന്ന് ഷോപ്പിങ് കോംപ്ലക്സുകൾ നിർമിക്കാനുള്ള പദ്ധതിക്ക് പ്രാധാന്യം നൽകി 2022-23 വർഷത്തെ ചാലക്കുടി നഗരസഭ ബജറ്റ്. വികസന ആവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് വൻ കടബാധ്യത നഗരസഭക്ക് നിലവിലുണ്ട്. ഇത് പരിഹരിക്കാൻ പുതിയ വരുമാന മാർഗത്തിനായാണ് ഷോപ്പിങ് കോംപ്ലക്സുകൾ നിർമിക്കുന്നത്. സൗത്ത്, നോർത്ത് ബസ് സ്റ്റാൻഡുകളിൽ ഒരു കോടി രൂപ വീതവും ഇൻഡോർ സ്റ്റേഡിയം വളപ്പിൽ രണ്ട് കോടിയുമാണ് കെട്ടിട നിർമാണത്തിന് നീക്കിവെച്ചത്. 140,85,55,647 രൂപ വരവും 138,38,10,480 രൂപ ചെലവും 2,47,45,167 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് വൈസ് ചെയർപേഴ്സൻ സിന്ധു ലോജു അവതരിപ്പിച്ചത്. ടൗൺ ഹാൾ അനുബന്ധ പ്രവൃത്തികൾക്ക് 50 ലക്ഷം, ഇൻഡോർ സ്റ്റേഡിയം പ്രവർത്തനക്ഷമമാക്കാൻ ഒരു കോടി, കലാഭവൻ മണി പാർക്കിന് രണ്ട് കോടി, ആധുനിക മത്സ്യ മാർക്കറ്റ് നിർമാണത്തിന് മൂന്ന് കോടി, താലൂക്ക് ആശുപത്രിക്ക് 75 ലക്ഷം, കസ്തൂർബ കേന്ദ്രത്തിൽ കെട്ടിട നിർമാണത്തിന് 50 ലക്ഷം, അമൃത് പദ്ധതി വഴി നഗരസഭയിലെ മുഴുവൻ വീടുകളിലേക്കും കുടിവെള്ള കണക്ഷന് 10 കോടി, ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ 70 ലക്ഷം, മാലിന്യ സംസ്കരണത്തിന് ഒരു കോടി, വിദ്യാലയങ്ങൾക്ക് 60 ലക്ഷം, ഭവന പുനരുദ്ധാരണത്തിന് 50 ലക്ഷം, പട്ടികജാതി ക്ഷേമത്തിന് രണ്ട് കോടി, കുടുംബശ്രീക്ക് മിനി ഹാൾ നിർമാണത്തിന് 30 ലക്ഷം, ഇൻഡോർ സ്റ്റേഡിയം വളപ്പിലെ കംഫർട്ട് സ്റ്റേഷൻ നിർമാണത്തിന് 60 ലക്ഷം തുടങ്ങിയവയാണ് പ്രധാന ബജറ്റ് നിർദേശങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.