കവി സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്‍റായേക്കും

തൃശൂർ: കവി കെ. സച്ചിദാനന്ദന്‍ സാഹിത്യ അക്കാദമി പ്രസിഡന്‍റ്​ പദവിയിൽ നിയമിതനായേക്കും. സി.പി.എം നേതൃത്വം ഇക്കാര്യത്തിൽ അഭിപ്രായം തേടിയതിൽ സച്ചിദാനന്ദനും സമ്മതം അറിയിച്ചതായാണ് വിവരം. പുരോഗമന കലാ സാഹിത്യ സംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ വൈസ് പ്രസിഡന്‍റുമാകും. ഉടൻ നിയമന ഉത്തരവ് പുറത്തിറങ്ങും. വനിത പ്രസിഡന്‍റ്​ വരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. നിലവിൽ സാഹിത്യ അക്കാദമിക്ക് വനിത വൈസ് പ്രസിഡന്‍റ്​ ആയിരുന്നതും ഇതോടെ ഇല്ലാതായി. മൂന്നു പതിറ്റാണ്ട് നീണ്ട ഡല്‍ഹി വാസം അവസാനിപ്പിച്ച്​ കഴിഞ്ഞ മാസം സച്ചിദാനന്ദൻ കേരളത്തിലേക്ക് മടങ്ങിയിരുന്നു. തൃശൂരിൽ താമസിക്കാനാണ് ആഗ്രഹമെന്ന് ഡൽഹിയിൽനിന്ന് മടങ്ങുമ്പോൾ അദ്ദേഹം പറഞ്ഞിരുന്നു. തൃശൂരിൽ നഗരത്തിന് സമീപത്തുതന്നെ കൂർക്കഞ്ചേരി വടൂക്കരയിലെ പുതിയ വീട്ടിലേക്ക് കഴിഞ്ഞ ദിവസം അദ്ദേഹം താമസം മാറ്റിയിട്ടുണ്ട്​. സച്ചിദാനന്ദനെ പു.ക.സ അംഗീകരിച്ചെങ്കിലും അകത്ത് കടുത്ത എതിര്‍പ്പുണ്ട്. സച്ചിദാനന്ദനെ പോലുള്ള മുതിര്‍ന്ന ഒരാള്‍ എന്തിനു ഈ പദവിയിലേക്ക് വരണം എന്ന ചോദ്യം പു.ക.സയിലെ ഒരുവിഭാഗം ഉയർത്തുന്നുണ്ട്. സച്ചിദാനന്ദന്‍ ഇപ്പോഴും അക്കാദമി ഫെലോയാണ്. അക്കാദമി അധ്യക്ഷനെക്കാളും ഉയര്‍ന്ന പദവിയാണ് അക്കാദമി ഫെലോ. അതിനാൽ പ്രസിഡന്‍റ്​ പദവി നൽകുന്നത്​ സച്ചിദാനന്ദനെ അപമാനിക്കുന്നത് പോലെയാകുമെന്നും ഏറ്റെടുക്കുന്നത് ശരിയല്ലെന്നും ഒരു വിഭാഗത്തിന്‍റെ വിമർശനമുണ്ട്. സംഗീത നാടക അക്കാദമി ചെയർപേഴ്സനായിരുന്ന കെ.പി.എ.സി ലളിത അന്തരിച്ചതോടെ ഉടൻ അവിടെയും പുനഃസംഘാടനം നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.