മണികണ്ഠനാൽത്തറക്ക്​ ഓർക്കാനുണ്ട്, സ്വാതന്ത്ര്യസമരത്തിന്‍റെ തിളക്കുന്ന കാലം

സ്വാതന്ത്ര്യസമര ചരിത്രത്തിൽ നിർണായക സ്ഥാനമാണ്‌ തേക്കിൻകാട്‌ മൈതാനിയിലെ മണികണ്‌ഠനാൽത്തറക്ക്​. മഹാത്മാ ഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്‍റെയും ഡോ. രാജേന്ദ്ര പ്രസാദിന്‍റെയും സരോജിനി നായിഡുവിന്‍റെയും എ.കെ.ജിയുടെയും രാജഗോപാലാചാരിയുടെയും വാക്കുകൾ ഇവിടെനിന്ന് ജനതയിൽ സ്വാതന്ത്ര്യസമരത്തിന്‍റെ ആവേശം നിറച്ചു. ക്വിറ്റ്‌ ഇന്ത്യ സമരത്തിന്‍റെ കാഹളം തൃശൂരിൽ ആദ്യമായി കേട്ടതും ഇവിടെയാണ്​. സ്വാതന്ത്ര്യത്തിന്‍റെ 75ാം വർഷികം രാജ്യം ആഘോഷിക്കുമ്പോൾ മണികണ്ഠനാൽത്തറക്ക് ഓർക്കാനുണ്ട് സ്വാതന്ത്ര്യസമരത്തിന്‍റെ തിളക്കുന്ന കാലം. 1942 ആഗസ്റ്റ് 11ന്​ തേക്കിന്‍കാട് മൈതാനിയിലെ മണികണ്ഠനാല്‍ത്തറയിൽ മൂവര്‍ണക്കൊടി ഉയര്‍ത്താന്‍ ശ്രമിച്ച സ്വാതന്ത്ര്യസമര സേനാനികള്‍ക്കുനേരെ പൊലീസിന്‍റെ അതിക്രൂരമായ ലാത്തിച്ചാർജാണ്​ ഉണ്ടായത്​. ചോരവീണ് വസ്ത്രങ്ങളിൽ ചുവപ്പ് പടർന്നപ്പോഴും പിന്മാറാതെ ആ കൗമാരക്കാർ കൊടിയുയർത്തി. അതിൽ മുന്നിലുണ്ടായിരുന്നത്​ പിന്നീട് തൃശൂരിന്‍റെയും കേരളത്തിന്‍റെയും ദേശീയ രാഷ്ട്രീയത്തിലും ലീഡറായി മാറിയ കെ. കരുണാകരൻ. സ്വാതന്ത്ര്യ സമരചരിത്രത്തിൽ വേറിട്ട അധ്യായമാണ് തൃശൂരിനുള്ളത്. ഐക്യകേരളം രൂപംകൊള്ളുന്നതിന് മുമ്പുള്ള കാലം. കൊച്ചി രാജവംശത്തി​ന്‍റെ ഭരണത്തിലായിരുന്നു തൃശൂർ. ബ്രിട്ടീഷുകാർ നേരിട്ട് ഭരിക്കുന്നിടത്ത് മാത്രം സമരത്തിനിറങ്ങിയാൽ മതിയെന്ന ഗാന്ധിയുടെ നിർദേശമുള്ളതിനാൽ തൃശൂരിൽ കോൺഗ്രസിന് സംഘടനാ രൂപമുണ്ടായിരുന്നില്ല. എന്നാൽ, തിരുവിതാംകൂറിലും മലബാറിലും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നിലവിളികളും പ്രതിഷേധങ്ങളും ഉയർന്നുപൊങ്ങി. ഇത് കണ്ട് ആ ആവേശത്തിലേക്ക് തൃശൂരും സ്വാഭാവികമായും പ്രവേശിച്ചു. സ്വാതന്ത്ര്യത്തിനായി കൊച്ചി രാജ്യ പ്രജാമണ്ഡലം അങ്ങനെ തൃശൂരിൽ രൂപംകൊണ്ടു. പ്രമുഖ അഭിഭാഷകനും സോഷ്യലിസ്റ്റും കൊച്ചി പ്രധാനമന്ത്രിയുമായിരുന്ന ഇക്കണ്ടവാര്യരും സഹകരണ പ്രസ്ഥാനത്തിന്‍റെ കാരണവരായ വി.ആർ. കൃഷ്ണൻ എഴുത്തച്ഛനും എസ്. നീലകണ്ഠയ്യരും കൊച്ചി രാജപരമ്പരയിലെ കണ്ണികൂടിയായ തൃശൂരിലെ ആദ്യ ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്​ കുറൂർ നീലകണ്ഠ നമ്പൂതിരിപ്പാടുമൊക്കെ ചേർന്നാണ് കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപവത്കരിച്ചത്. അവിടെനിന്ന് പനമ്പിള്ളിയും തിരുവത്രയും കരുണാകരനും വരെ നീണ്ട പേരുകളുണ്ട്, സ്വാതന്ത്ര്യ സമരചരിത്രത്തിൽ തൃശൂരി​ന്‍റെ സംഭാവനകളിൽ. തേക്കിൻകാട്ടിലെ മണികണ്ഠനാൽത്തറയാണ് പ്രധാനമായും സ്വാതന്ത്ര്യദാഹികളുടെ ഒത്തുചേരലിന്‍റെയും പ്രക്ഷോഭത്തിന്‍റെയും വേദിയായത്. 1925 മാർച്ച് 18നാണ് മഹാത്മാ ഗാന്ധി മണികണ്‌ഠനാൽത്തറയിൽ സംസാരിച്ചത്‌. സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗമായുള്ള ഹരിജനോദ്ധാരണത്തിന്‍റെ ഭാഗമായിട്ടായിരുന്നു ഇത്‌. നിസ്സഹകരണ പ്രസ്ഥാനത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായി 1921ൽ രാജഗോപാലാചാരിയും ഡോ. രാജേന്ദ്ര പ്രസാദും സരോജിനി നായിഡുവും എ.കെ.ജിയും സ്വാതന്ത്ര്യ സമരാവേശം പകർന്ന് മണികണ്‌ഠനാൽത്തറയിൽ പ്രസംഗിച്ചു. വടക്കേ മലബാറിൽനിന്ന് എത്തുന്ന സ്വാതന്ത്ര്യസമര വിശേഷങ്ങളും റേഡിയോയിലൂടെ വരുന്ന സമര വാർത്തകളും മണികണ്ഠനാൽത്തറയിൽ ഉറക്കെ വായിച്ചായിരുന്നു അക്കാലത്തെ ബോധവത്​കരണം. പ്രക്ഷോഭകാരിയും വ്യവഹാരിയുമായി നിറഞ്ഞുനിന്ന നവാബ് അടക്കമുള്ളവർ ഇതിന്‍റെ ഭാഗമായിരുന്നു. തേക്കിൻകാടിലെ ഇന്നുമുള്ള സായന്തനകൂട്ടായ്മക്ക് സ്വാതന്ത്ര്യ സമരകാലത്തോളം പഴക്കമുണ്ട്. വൈകുന്നേരങ്ങളിൽ ഒത്തുകൂടുന്നവർക്ക് മുന്നിൽ ഇതര മേഖലകളിൽ നടക്കുന്ന സ്വാതന്ത്ര്യ സമരവിശേഷങ്ങൾ പങ്കുവെച്ചു. സ്വാതന്ത്ര്യ സമരത്തിൽ തൃശൂരിന്‍റെ ആസ്ഥാനമായ മണികണ്‌ഠനാൽത്തറയിൽ ദിവസവും പൊതുയോഗങ്ങളും പ്രതിഷേധങ്ങളും നടന്നിരുന്നു. ഒരിക്കൽ സി. രാജഗോപാലാചാരി പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ കല്ലേറുണ്ടായി. തൃശൂരിലെ പ്രബലമായ സമുദായ സംഘടനയായിരുന്നു ഇതിനു പിന്നിൽ. മണികണ്ഠനാൽത്തറ പൊതുയോഗങ്ങളുടെ വേദിയായപ്പോൾ ഇത്‌ മാറ്റാനുള്ള ആസൂത്രിത നീക്കമായിരുന്നു 1942ൽ ഇവിടെ ഗണപതി വിഗ്രഹം സ്ഥാപിച്ചതെന്നും പറയപ്പെടുന്നു. ഇതോടെ സ്വാതന്ത്ര്യസമര കേന്ദ്രം തേക്കിൻകാട്‌ മൈതാനത്തുതന്നെയുള്ള വിദ്യാർഥി കോർണറിലേക്കും ലേബർ കോർണറിലേക്കും മാറി. 1942ലെ ക്വിറ്റ്‌ ഇന്ത്യ സമരത്തോടെ വിദ്യാർഥി കോർണർ സമരകേന്ദ്രമായി മാറി. tcr_manikandanal- തേക്കിൻകാട് മൈതാനിയിലെ മണികണ്ഠനാൽത്തറ tcr_gandhi manikandanal- 1925 മാർച്ച് 18ന് മണികണ്ഠനാൽത്തറയിൽ ഗാന്ധിജി പ്രസംഗിക്കാനെത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.