കോന്നി: പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ വന്യമൃഗ ആക്രമണം വർധിക്കുന്നു. തവളപ്പാറയിലെ കോട്ടയം സ്വദേശികളുടെ റബർ എസ്റ്റേറ്റിലെ വാച്ചറായ ലാലിച്ചന്റെ മൂരിക്കിടാവിനെ സമീപത്തെ റബർ തോട്ടത്തിൽ ചത്ത നിലയിൽ കണ്ടെത്തി. മൂരിക്കിടാവിന്റെ ശരീരത്തിന്റെ പകുതിയോളം വന്യമൃഗം ഭക്ഷിച്ച നിലയിലാണ്. 60 കിലോയോളം തൂക്കംവരുന്ന കിടാവിനെ അരക്കിലോമീറ്ററോളം വലിച്ചുകൊണ്ടുപോയതിനുശേഷമാണ് വന്യമൃഗം ഭക്ഷിച്ചിരിക്കുന്നത്. പ്രദേശത്ത് കടുവയോ പുലിയോ ഇറങ്ങിയതാകാം എന്നാണ് നാട്ടുകാരുടെ നിഗമനം.
സംഭവത്തെ തുടർന്ന് ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. വന്യമൃഗത്തെ കൃത്യമായി തിരിച്ചറിയുന്നതിനായി വനംവകുപ്പ് പ്രദേശത്ത് നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ വനം വകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വന്യമൃഗ ഭീതിയുള്ള പ്രദേശത്ത് തെരുവുവിളക്കുകൾ പ്രവർത്തിക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു. വിഷയം പഞ്ചായത്ത് ഭരണസമിതിയെ പലതവണ അറിയിച്ചിട്ടും ഒരുവിധ നടപടിയും സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നും ആരോപണമുണ്ട്. കോന്നി വനം ഡിവിഷനിലെ കോന്നി റേഞ്ചിൽ പെട്ട വനമേഖലയോട് ചേർന്ന് തവളപ്പാറയിലെ ജനവാസ മേഖലകളിൽ കാട്ടാനകളുടെയും പുലിയുടെയും സാന്നിധ്യം പതിവാണ്. കാട്ടാനകൾ ജനവാസ മേഖലകളിലിറങ്ങി കാർഷിക വിളകൾ നശിപ്പിക്കുന്നതും പുലി വളർത്തുമൃഗങ്ങളെ പിടിച്ചുകൊണ്ടുപോകുന്നതും പ്രദേശത്ത് പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.