നെഹ്റു ട്രോഫി വള്ളംകളി കമന്ററി മത്സരം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ: വാക്കുകളിലൂടെ ജനഹൃദയങ്ങളിലേക്ക് തുഴഞ്ഞെത്തിയ കലയാണ് കമന്ററിയെന്നും നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശം ലോകമെമ്പാടുമുള്ള ആസ്വാദകരിലേക്ക് എത്തിക്കുന്നതിൽ കമന്റേറ്റർമാർ വഹിക്കുന്ന പങ്ക് നിസീമമാണെന്നും ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
ആഗസ്റ്റ് 22ന് നടക്കുന്ന എഴുപത്തിരണ്ടാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വള്ളംകളി കമന്ററി മത്സരം ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ. കഴിഞ്ഞ വർഷത്തെ നെഹ്റു ട്രോഫി ഫൈനൽ മത്സരത്തെ ആസ്പദമാക്കിയാണ് മത്സരാർഥികൾ കമന്ററി അവതരിപ്പിച്ചത്.
ഹൈസ്കൂൾ-ഹയർസെക്കൻഡറി, പൊതുവിഭാഗം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടത്തിയത്. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് സ്വർണനാണയം സമ്മാനമായി നൽകും. 72ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വേഴാമ്പലിന് ‘വേഴു’ എന്ന പേര് നിർദേശിച്ച തിരുവമ്പാടി നടുവിലെപ്പറമ്പ് എ.ആർ. ശുഐബിനുള്ള സ്വർണനാണയം ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ കൈമാറി.
ജില്ല കളക്ടർ ഷാജി വി. നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എ.എ. ഷുക്കൂർ, ആലപ്പുഴ ജില്ല ഇൻഫർമേഷൻ ഓഫിസർ കെ.എസ്. സുമേഷ്, നഗരസഭ അംഗങ്ങളായ ബെന്നി ജോസഫ്, ബിജി ശങ്കർ, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ സി. പ്രദീപ്, എ.എൻ. പുരം ശിവകുമാർ, ഡോ. നെടുമുടി ഹരികുമാർ, ടി.ആർ. ആസാദ്, കെ. നാസർ തുടങ്ങിയവരും പങ്കെടുത്തു. പ്രഫ. ചെറിയാൻ അലക്സാണ്ടർ, ഹരികുമാർ വാലേത്ത്, വിനോദ് കാരിച്ചാൽ എന്നിവരായിരുന്നു വിധികർത്താക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.