തെരുവുനായുടെ കടിയേറ്റ തങ്കച്ചൻ ആശുപത്രിയിൽ
കോന്നി: കുമ്മണ്ണൂർ മുളന്തറയിൽ തെരുവ് നായുടെ ആക്രമണത്തിൽ 65കാരന് പരിക്കേറ്റു. കഴിഞ്ഞദിവസം വൈകീട്ട് മുളന്തറ ജങ്ഷനിൽനിന്നും വീട്ടിലേക്ക് പോകുന്ന വഴിയിൽവെച്ച് മുളന്തറ കുളങ്ങര തങ്കച്ചനാണ് (65) തെരുവുനായുടെ കടിയേറ്റത്. ഇദ്ദേഹത്തിന്റെ തലക്കും കാലുകൾക്കും കൈകൾക്കും മുറിവേറ്റിട്ടുണ്ട്. അയൽവാസികൾ ഉടനെ കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുളന്തറയിലും സമീപപ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ എണ്ണം വർധിക്കുകയും ആളുകൾക്ക് വഴിയിലൂടെ സഞ്ചരിക്കാൻപോലും ഭയപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും നാട്ടുകാർ പറയുന്നു. വയോധികരും കുട്ടികളും സ്ത്രീകളും തെരുവുനായ്ക്കളുടെ ആക്രമണ ഭീഷണി നേരിടുകയാണ്. തുടർച്ചയായി ഇത്തരം സംഭവങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ തെരുവുനായ്ക്കളുടെ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് മുളന്തറ ജനകീയ പൗരസമിതി ആവശ്യപ്പെട്ടു.
അരുവാപ്പുലം പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകൾ ഉൾപ്പെടുന്ന ആനകുത്തി, മുളന്തറ, കുമ്മണ്ണൂർ പ്രദേശങ്ങളിൽ തെരുവുനായ് ശല്യം ജനജീവിതത്തിന് ഭീഷണിയായി മാറുകയാണ്. രാവിലെ മദ്റസയിലേക്കും ട്യൂഷനും സ്കൂളുകളിലേക്കും പോകുന്ന കുട്ടികൾക്ക് നേരെയും നായ്ക്കളുടെ ആക്രമണം തുടരുകയാണ്. കാൽനട യാത്രികരും ഭയപ്പാടോടെയാണ് റോഡിലൂടെ പോകുന്നത്.
വീടിനു പുറത്തുള്ള വാഹനങ്ങളും മറ്റും നായ്ക്കൾ കേടുപാടുകൾ വരുത്തുന്നതും പതിവായിട്ടുണ്ട്. നാട്ടുകാരുടെ സ്വൈരജീവിതത്തിന് ഭീഷണിയാവുന്ന തെരുവുനായ്ക്കളെ അടിയന്തരമായി പിടികൂടി ഇല്ലായ്മ ചെയ്യുന്നതിനോ അതല്ലെങ്കിൽ ഷെൽട്ടർ ഹോമിലേക്ക് മാറ്റുന്നതിനോ അരുവാപ്പുലം പഞ്ചായത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞദിവസം കോന്നി ടൗണിൽ തെരുവുനായ് ആക്രമണം ഉണ്ടായപ്പോൾ ഗ്രാമപഞ്ചായത്ത് അധികൃതർ ഇടപെട്ട് തെരുവുനായ്ക്കകളെ പിടികൂടി ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു. ഇതേ മാതൃക അരുവാപ്പുലം ഗ്രാമപഞ്ചായത്തും സ്വീകരിച്ച് ജനങ്ങളുടെ ജീവന് സംരക്ഷണം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.