വോട്ടര്‍പട്ടിക പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
അയോഗ്യരായ വോട്ടര്‍മാരുടെ പട്ടിക കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് കൈമാറുന്നു
പത്തനംതിട്ട: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ഇല്ലാത്തവരെ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചുവരികയാണെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍.
തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അയോഗ്യരായ വോട്ടര്‍മാരുടെ വിവരം സംബന്ധിച്ച് വിശദീകരിക്കാന്‍ ചേര്‍ന്ന ജില്ലതല രാഷ്ട്രീയ പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ഹിയറിങ് സമയബന്ധിതമായി പൂര്‍ത്തിയാക്കും. യോഗ്യതയുള്ള ഒരാളും വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാകുന്നില്ലെന്ന് ഉറപ്പാക്കും. ലോജിക്കല്‍ ഡിസ്‌ക്രിപ്പന്‍സിയില്‍ ഉള്‍പ്പെട്ട വോട്ടര്‍മാര്‍ക്ക് മതിയായ രേഖ ഹാജരാക്കുന്നതിന് അവസരമൊരുക്കും.
ഇതിനായി എല്ലാ വില്ലേജ് ഓഫിസിലും തദ്ദേശ സ്ഥാപനങ്ങളിലും നോട്ടിസ് ബോര്‍ഡില്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഇ.ആര്‍.ഒമാര്‍ക്കും നിര്‍ദേശം നല്‍കി. ഹിയറിങ് നടപടിക്രമം 14ന് മുമ്പ് പൂര്‍ത്തിയാക്കും. അന്തിമ വോട്ടര്‍പട്ടിക 21ന് പ്രസിദ്ധീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
ജില്ലയില്‍ അയോഗ്യരായി കണ്ടെത്തിയ 1558 പേരുടെ പട്ടിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് കൈമാറി. തിരുവല്ല-371, റാന്നി-391, ആറന്മുള-373, കോന്നി-337, അടൂര്‍-86 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്. യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, റോജി പോള്‍ ഡാനിയേല്‍, ദീപു ഉമ്മന്‍, കെ.പി. നൗഷാദ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ്. ഹനീഫ്, ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍മാരായ മിനി തോമസ്, കെ.എച്ച്. മുഹമ്മദ് നവാസ്, ആര്‍. ശ്രീലത തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.