അച്ചൻകോവിലാറിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞ് സമീപത്തെ വീടുകൾക്ക് ഭീഷണിയായ നിലയിൽ
പന്തളം: പന്തളം നഗരസഭ പ്രദേശത്തെ അച്ചൻകോവിലാറിന്‍റെ തീരത്തുള്ള പുലിമുട്ടുകൾ നിർമാണത്തിന്‍റെ കാലപ്പഴക്കംമൂലം ഇടിഞ്ഞ് ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിൽ. പന്തളം നഗരസഭ ഒന്നാം വാർഡിലുള്ള പുല്ലാമഠത്തിൽ പുലിമൂട്ട്, ഇരുവുംമണ്ണിൽ പുലിമുട്ട്, വഴന്നിയ്ക്കാക്കുഴി പുലിമുട്ട് എന്നിവയാണ് ഏതു നിമിഷവും തകർന്നുവീഴാവുന്ന സ്ഥിതിയിലുള്ളത്.
തീരമിടിച്ചിൽമൂലം അച്ചൻകോവിലാറുമായി രണ്ടും മൂന്നും മീറ്റർ മാത്രം ദൂരമുള്ള പത്തോളം വീടുകൾ ഇവിടെയുണ്ട്. തോട്ടക്കോണം പൂഴിത്തറയിൽ സുരേഷ് കുമാറിന്‍റെ വീട്, ഇരുവുംമണ്ണിൽ അനിൽ കുമാറിന്‍റെ വീട്, വാലിൽ ശാന്തമ്മയുടെ വീട്, പാലയ്ക്കാട് ഇടപ്പുരയിൽ സോമൻ പിള്ള, വിജയകുമാർ, ഇന്ദിരാമ്മ, മുടിയൂർക്കോണം തച്ചപ്പുഴത്തിൽ ശ്രീകുമാർ എന്നിവരുടെ വീടുകൾ എന്നിവയാണ് തീരമിടിച്ചിൽ ഭീഷണിയിലുള്ളത്.
അച്ചൻകോവിലാറിന്‍റെ മധ്യഭാഗത്ത് മൺപുറ്റുകളും പാറകളും രൂപപ്പെട്ടതിനാൽ നീരൊഴുക്ക് സുഗമമല്ല. പുലിമുട്ടുകൾ തകർന്നാൽ അച്ചൻകോവിലാർ ഗതിമാറി ഒഴുകി നിരവധി വീടുകൾ അപകടത്തിൽപെടാൻ സാധ്യതയുണ്ട്. അടിയന്തരമായി പുലിമുട്ടുകൾ നവീകരിച്ചും തീരസംരക്ഷണ ഭിത്തി നിർമിച്ചും മൺപുറ്റുകളും പാറകളും നീക്കം ചെയ്തും അപകടം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നഗരസഭ പാർലമെന്‍റ് പാർട്ടി ലീഡർ കെ.ആർ. വിജയകുമാർ, എ നൗഷാദ് റാവുത്തർ, പന്തളം മഹേഷ്, മനോജ് കുരമ്പാല, കൈലാസം ഉണ്ണികൃഷ്ണൻ, സുനിത വേണു, അഡ്വ. യാമി സേതു കുമാർ, ആനി ജോൺ ഹസീന, ബൻസി ബേബി, സുനി സജു എന്നിവർ ഉൾപ്പെട്ട യു.ഡി.എഫ് കൗൺസിലർമാർ മുഖ്യ മന്ത്രിക്കും എം.എൽ.എക്കും നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.