പത്തനംതിട്ട ജില്ലയിൽ മഴ തുടരുന്നു

പത്തനംതിട്ട: അപ്രതീക്ഷിതമായി എത്തി ജില്ലയെ വൻനാശംവിതച്ച ഒരുദിവസത്തിനുശേഷം ശക്തി കുറഞ്ഞെങ്കിലും ജില്ലയിൽ ഇടവിട്ട് മഴ തുടരുകയാണ്. മഴയുടെ ഭീതി മാറിനിന്ന ചൊവ്വാഴ്ച താഴ്ന്ന പ്രദേശങ്ങളിൽനിന്ന് വെള്ളം ഒഴുകിപ്പോയിട്ടുണ്ട്.

വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. റോഡുകളിൽ ഗതാഗതം സുഗമമായി. വെള്ളക്കെട്ടും മണ്ണിടിച്ചിലും മൂലം ഉൾപ്രദേശങ്ങളിലേക്ക് നിർത്തിവെച്ച ബസ് സർവിസുകൾ ചൊവ്വാഴ്ച സാധാരണപോലെ നടന്നു. വെള്ളംകയറി വൻ നാശംവിതച്ച മല്ലപ്പള്ളി, കോഴഞ്ചേരി, കോന്നി താലൂക്കുകളിൽ ജനജീവിതം തിരിച്ചുവരുന്നു.

വെള്ളം ഇരച്ചുകയറിയ വീടുകളും കടകളും വൃത്തിയാക്കുന്നത് പുരോഗമിക്കുന്നു. വ്യാപാരികൾക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്. പത്തനംതിട്ട നഗരത്തിലെ വെട്ടിപ്പുറം, ചുങ്കപ്പാറ, വായ്പൂര്, വെണ്ണിക്കുളം, റാന്നി, അയിരൂർ, കോഴഞ്ചേരി, നാരങ്ങാനം, ചെറുകോൽപ്പുഴ, കോന്നി എന്നീ പ്രദേശങ്ങളിലാണ് വെള്ളം ഇരച്ചെത്തി നാശം വിതച്ചത്.

ഇതിൽ ചുങ്കപ്പാറയിൽ വ്യാപാരികൾക്ക് ലക്ഷങ്ങളുടെ നാശമാണ് സംഭവിച്ചത്. വിവിധ വകുപ്പുകൾ നഷ്ടങ്ങളുടെ കണക്ക് ശേഖരിച്ചുവരികയാണ്. ജില്ലയിൽ 79ലക്ഷം രൂപയുടെ കൃഷി നശിച്ചതായി കൃഷിവകുപ്പിന്‍റെ പ്രാഥമിക കണക്കെടുപ്പിൽ വ്യക്തമായി.

72 ഏക്കറിലെ കൃഷിയുടെ കണക്കാണ് വന്നിരിക്കുന്നത്. വില്ലേജുകളിൽനിന്ന് നാശനഷ്ടത്തിന്‍റെ കൂടുതൽ കണക്കുകൾ വരുന്നുണ്ട്.ഇതിനിടെ ശബരിഗിരി പദ്ധതി പ്രദേശത്ത് അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ നദികളിലെ ജലനിരപ്പ് ഉയരുകയാണ്. അണക്കെട്ടുകളും നിറയുന്നുണ്ട്.

ദുരിതാശ്വാസ ക്യാമ്പില്‍ 66പേര്‍

ജില്ലയിലെ കോഴഞ്ചേരി, മല്ലപ്പള്ളി താലൂക്കുകളില്‍ രണ്ടുവീതം ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 17 കുടുംബങ്ങളിലെ 66പേരാണ് നാല് ക്യാമ്പുകളിലായി കഴിയുന്നത്. ഇതില്‍ 16പേര്‍ 60 വയസ്സിന് മേലുള്ളവരും 11പേര്‍ കുട്ടികളുമാണ്.

കോഴഞ്ചേരി താലൂക്കിലെ രണ്ടു ക്യാമ്പുകളിലായി 11 കുടുംബങ്ങളിലെ 44 പേരും മല്ലപ്പള്ളി താലൂക്കിലെ രണ്ടു ക്യാമ്പുകളിലായി ആറു കുടുംബങ്ങളിലെ 22 പേരും കഴിയുന്നു. തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളില്‍ രണ്ടു വീതവും കോന്നി താലൂക്കില്‍ ഒന്നും ഉള്‍പ്പെടെ ആകെ അഞ്ചു വീടുകളാണ് ജില്ലയില്‍ ഭാഗികമായി തകര്‍ന്നത്.

ക്വാറികളുടെ പ്രവര്‍ത്തനവും മണ്ണെടുപ്പും നിരോധിച്ചു

മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ ഒഴിവാക്കാൻ സെപ്റ്റംബര്‍ നാലുവരെ ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനവും മലയോരത്തുനിന്ന് മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ചു.

നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം 2005 പ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു.

രാത്രി യാത്രക്കും വിനോദ സഞ്ചാരത്തിനും നിരോധനം

ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള യാത്രകളും രാത്രി ഏഴുമുതല്‍ രാവിലെ ആറുവരെയും തൊഴിലുറപ്പ് ജോലികള്‍, വിനോദസഞ്ചാരത്തിനായുള്ള കയാക്കിങ്/ കുട്ടവഞ്ചി സവാരി, ബോട്ടിങ് എന്നിവയും സെപ്റ്റംബര്‍ രണ്ടുവരെ നിരോധിച്ചു.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകിയും പോസ്റ്റുകള്‍ തകര്‍ന്നുവീണും ഉണ്ടാകാനിടയുള്ള അപകട/ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനാണ് നടപടി.

കോവിഡ് 19, ദുരന്തനിവാരണം എന്നിവയുമായി ബന്ധപ്പെട്ട് അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യാം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 2005ലെ ദുരന്തനിവാരണ നിയമം വകുപ്പ് 51 പ്രകാരം നടപടി സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു.

Tags:    
News Summary - Rain continues in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.