അജണ്ട ചർച്ച ചെയ്യാതെ നഗരസഭ കൗൺസിൽ യോഗം പിരിഞ്ഞു

പത്തനംതിട്ട: അജണ്ട ചർച്ച ചെയ്യാതെ പത്തനംതിട്ട നഗരസഭ കൗൺസിൽ യോഗം പിരിഞ്ഞു. ശൂന്യവേളയിൽ രണ്ടുമണിക്കൂർ അജണ്ടക്ക് പുറത്തുള്ള കാര്യങ്ങൾ ചർച്ച ചെയ്തിട്ടും തീരാത്തതിനെ തുടർന്നാണ് യോഗം അവസാനിപ്പിച്ചത്. നഗരസഭയിലെ കഴിഞ്ഞ കൗൺസിലിന്റെ അവസാനകാലത്ത് നടത്തിയ പ്രവൃത്തികളിൽ നടന്ന ക്രമക്കേടുകൾ അടങ്ങിയ ഓഡിറ്റ് റിപ്പോർട്ട് ചർച്ച ചെയ്യാൻ വേണ്ടിയായിരുന്നു കൗൺസിൽ യോഗം ചേർന്നത്.

എന്നാൽ, ശൂന്യവേളയിൽ തെരുവുവിളക്കുകൾ കത്തുന്നില്ല, മാലിന്യ സംസ്കരണം, ഗതാഗതക്കുരുക്ക്, ടൗൺ സ്ക്വയറിന്റെ പടി പൊളിച്ചത് തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം ഉയർത്തുകയായിരുന്നു. കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് നടന്ന ക്രമക്കേടുകൾ അടങ്ങിയ റിപ്പോർട്ട് ചർച്ച ചെയ്യാതിരിക്കാൻ വേണ്ടിയിട്ടാണ് ഇത്തരത്തിൽ ചർച്ച വഴിതിരിച്ചുവിടുന്നതെന്നായിരുന്നു യു.ഡി.എഫ് അംഗങ്ങളുടെ വാദം. എല്ലാ കൗൺസിൽ യോഗങ്ങളിലും ആവശ്യമില്ലാത്ത വിഷയങ്ങൾ ഉയർത്തി അനാവശ്യ ചർച്ചകൾ എൽ.ഡി.എഫ് നടത്തുകയാണെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. എ. സുരേഷ് കുമാർ ആരോപിച്ചു.

എന്നാൽ, നിരവധി ജനകീയ വിഷയങ്ങൾ പലപ്പോഴും പറഞ്ഞിട്ടും ഭരണപക്ഷം അതിൽ ഇടപെടാത്തതുകൊണ്ടാണ് കൗൺസിലിൽ സംസാരിക്കേണ്ടി വരുന്നതെന്നായിരുന്നു എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി.കെ. അനീഷിന്റെ വാദം. വാദപ്രതിവാദങ്ങളും തർക്കങ്ങളും രണ്ടുമണിക്കൂർ നീണ്ടിട്ടും ശൂന്യവേള സമാപിക്കാതെ വന്നതിനെ തുടർന്ന് ചെയർപേഴ്സൺ സിന്ധു അനിൽ ഇടപെടുകയായിരുന്നു.

തെരുവുവിളക്കുകൾ പ്രകാശിപ്പിക്കാൻ നടപടി നേരത്തെ തന്നെ സ്വീകരിച്ചിട്ടുണ്ടെന്നും, ടൗൺ സ്ക്വയറിന്റെ പടികൾ കെട്ടുവാനുള്ള നടപടികൾ റോഡ് നിർമാണം പൂർത്തീയാക്കുന്നതിനൊപ്പം നടക്കുമെന്നും അവർ പറഞ്ഞു. തുടർന്നു ഓഡിറ്റ് ചർച്ച തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചു. വൈസ് ചെയർമാൻ എ. സഗീർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ആശ മോഹൻ രാജ്, സജിനി മോഹൻ, സി.കെ. അർജുനൻ, അൻസാർ മുഹമ്മദ്, അഡ്വ. ഗീത സുരേഷ്, കെ.ആർ. അരവിന്ദാക്ഷൻ നായർ, സജി കെ. സൈമൺ, ഏബൽ മാത്യു, അംബിക വേണു, നെജിം രാജൻ, എസ്. ഫാത്തിമ, ജോയമ്മ സൈമൺ, ലിയോ അഖിൽ, മിസ്ന ആരിഫ് എന്നിവർ സംസാരിച്ചു. 

Tags:    
News Summary - The Municipal Council meeting adjourned without discussing the agenda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.