ദുരിതമായി ചന്ദനപ്പള്ളി പാലത്തിലൂടെയുള്ള യാത്ര; പാലത്തിൽ കോൺക്രീറ്റ് ഇളകി കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുന്നു
കൊടുമൺ: പുതുക്കിപ്പണിത ചന്ദനപ്പള്ളി പാലത്തിലൂടെയുള്ള യാത്ര യാത്രക്കാർക്ക് ദുരിതമായി. കോൺക്രീറ്റ് ഇളകി കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുന്നതാണ് ദുരിതമായത്.
കൊടുമൺ- ആനയടി കൂടൽ റോഡിലെ ചന്ദനപ്പള്ളി പാലത്തിലൂടെയുള്ള യാത്ര വീണ്ടും അപകടാവസ്ഥയിലായിട്ട് ഏറെ നാളായി. 3 വർഷം മുമ്പ് പുതുക്കിപ്പണിത പാലത്തിന്റെ കോൺക്രീറ്റ് ഇളകി കമ്പികൾ പുറത്തേക്ക് തള്ളി വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയായിരിക്കുകയാണ്. പാലവും റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെ കോൺക്രീറ്റും ടാറിങ്ങും ഇളകിമാറി കുഴി രൂപപ്പെട്ട് വെള്ളം കെട്ടിനിൽക്കുകയാണ്.
വാഹനങ്ങൾ ഈ കുഴിയിൽ ചാടി അപകടത്തിൽപ്പെടുന്നു. ആനയടി -കൂടൽ റോഡിന്റെ നിർമാണ സമയത്ത് വീതി കുറഞ്ഞ പാലം ഇളക്കി വീതികൂട്ടി പുതുക്കി പണിതതാണ്. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച പാലം 3 വർഷം ആയപ്പോഴേക്കാണ് ഈ അവസ്ഥയിലായത്. പാലത്തിലൂടെ രാത്രികാലത്ത് സഞ്ചരിക്കാനും കഴിയില്ല. തെരുവുവിളക്ക് ഇല്ലെങ്കിൽ ദുരിതം ഇരട്ടിക്കും. ആവശ്യത്തിന് വെളിച്ചമില്ലാത്തതു കാരണം ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവായി. ബി.എം.ബി.സി പ്രകാരം ഉന്നത നിലവാരത്തിൽ പണിത റോഡാണിത്. എന്നാൽ, ആദ്യഘട്ട നിർമാണം മാത്രമാണ് നടന്നത്. റോഡിന്റെ പലഭാഗവും ഇളകിത്തുടങ്ങി. കൂടാതെ ഓടയുടെ നിർമാണവും പലയിടത്തും മുടങ്ങിക്കിടക്കുകയാണ്. പല ഭാഗങ്ങളും കാടുകയറി ദുരിതം ഉണ്ടാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.