മൂഴിയാർ-ഗവി റോഡിൽ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയെന്ന് വിദഗ്‌ധ സമിതി

പത്തനംതിട്ട: മൂഴിയാർ-ഗവി റോഡിൽ വാൽവ് ഹൗസിന് സമീപം വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയെന്ന് വിദഗ്‌ധ സമിതി. കഴിഞ്ഞ പ്രളയകാലത്തുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് റോഡ് അടച്ചിട്ടിരിക്കുകയാണ്. മണ്ണുപര്യവേഷണ വിഭാഗം, പൊതുമരാമത്ത്, ജില്ല ദുരന്ത നിവാരണ അതോറിറ്റി എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കനത്ത മഴയിൽ കഴിഞ്ഞമാസം കൂറ്റൻ മൺകൂന ഇടിഞ്ഞുവീണ ഭാഗത്ത് വീണ്ടും മണ്ണിടിച്ചിൽ സാധ്യത കണ്ടെത്തിയത്. ഇതിനോടൊപ്പം ചോരകക്കി ഭാഗത്തും മണ്ണിടിച്ചിലുണ്ടാകാൻ സാധ്യതയെന്ന് വിദഗ്ധസമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഇതേത്തുടർന്ന് യാത്രക്കാരുടെ ജീവനും സുരക്ഷയും കണക്കിലെടുത്ത് മൂഴിയാർ-ഗവി റൂട്ടിൽ പൊതുജനങ്ങൾക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. മണ്ണ് കുറെ നീക്കം ചെയ്തുവെങ്കിലും യാത്ര പുനരാരംഭിക്കാൻ അനുമതി നൽകിയിട്ടില്ല. ബസുകൾ മൂഴിയാർ വരെ മാത്രമാണുള്ളത്. ഗവി സർവിസും താൽക്കാലികമായി നിർത്തിവെച്ചിരിക്കയാണ്. കഴിഞ്ഞ ജൂലൈ 31ന് രാത്രിയാണ് കനത്ത മഴയെത്തുടർന്ന് മൂഴിയാർ നാൽപ്പതേക്കർ കോളനിയിൽനിന്നും ഏഴുകിലോമീറ്റർ അകലെയായി കൂറ്റൻ മൺകൂന ഇടിഞ്ഞുവീഴുകയും റോഡിന്‍റെ ഒരുഭാഗം ഒലിച്ചുപോവുകയും ചെയ്തത്.

തുടർന്ന് ഈ ഭാഗത്തെ മണ്ണ് പൊതുമരാമത്ത് ളാഹ ഉപ ഡിവിഷന്റെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു. മൂഴിയാർ-ഗവി റോഡിൽ പൊതുജനങ്ങൾക്ക് സഞ്ചരിക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും. നിലവിൽ ശബരിഗിരി ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും വനം വകുപ്പ് ഉദ്യോഗസ്ഥർക്കും മാത്രമാണ് അവരുടെ വാഹനങ്ങളിൽ ഇതുവഴി ഗതാഗതം അനുവദിച്ചിട്ടുള്ളത്.

പത്തനംതിട്ടയിൽനിന്നും നടത്തിയിരുന്ന ഗവി സർവിസുകൾ മൂഴിയാർ വരെ പോയി തിരികെ മടങ്ങുകയാണ്. കുമളി ഡിപ്പോയിൽ നിന്നും നടത്തിയിരുന്ന സർവിസ് ഗവി വരെ എത്തി മടങ്ങും. ഇതോടെ ഗവി പ്രദേശവാസികൾ പത്തനംതിട്ടയിലെത്താൻ ബുദ്ധിമുട്ടുകയാണ്. ഗവി ടൂറിസം ലക്ഷ്യമിട്ട് കെ.എസ്‌.ആർ.ടി.സി നടത്തിവന്ന സർവിസുകളും നിർത്തിവെച്ചിരിക്കുകയാണ്. മൂഴിയാറിൽനിന്നും സഞ്ചാരികളെയും ഗവിയിലേക്ക് കടത്തിവിടുന്നില്ല.

Tags:    
News Summary - Expert committee warns of possibility of another landslide on Moozhiyar-Gavi road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.