തെരുവുനായ് നിയന്ത്രണ പദ്ധതികൾ: മുഖംതിരിച്ച് തദ്ദേശ സ്ഥാപനങ്ങള്‍
പത്തനംതിട്ട: ഫണ്ടില്ലെന്ന കാരണത്താല്‍ തെരുവുനായ് നിയന്ത്രണത്തിനുള്ള പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മടി. കോന്നി പഞ്ചായത്തില്‍ മാത്രമാണ് പദ്ധതി നടപ്പായത്. ഇവിടെ തെരുവുനായ്ക്കളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ഇവര്‍ അവയെ വലയില്‍ കുരുക്കി പേവിഷ ബാധക്കെതിരെയുള്ള വാക്സിന് നല്‍കുകയും ചെയ്തു.
എ.ബി.സി പദ്ധതി നടപ്പാക്കുന്നതില്‍ തടസ്സങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വാക്സിനേഷന് ജില്ല പഞ്ചായത്ത് നിര്‍ദേശം നല്‍കിയത്. നായ്ക്കളെ പിടികൂടാന്‍ പരിശീലനം സിദ്ധിച്ചയാളുകളെ നിയോഗിക്കേണ്ടത് ബന്ധപ്പെട്ട തദ്ദേശസ്ഥാപനമാണ്. എന്നാല്‍, പല പഞ്ചായത്തുകളിലും പരിശീലനം നല്‍കിയിട്ടില്ല. ഡോഗ് ക്യാച്ചര്‍മാര്‍ക്ക് പ്രതിഫലം നല്‍കാനും ഫണ്ടില്ലെന്നാണ് പഞ്ചായത്തുകളുടെ വാദം. ജില്ല പഞ്ചായത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിവെച്ച പുളിക്കീഴിലെ എ.ബി.സി കെട്ടിട നിര്‍മാണം വൈകുന്നത് തെരുവുനായ് നിര്‍മാര്‍ജനത്തിന് തിരിച്ചടിയാണ്. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് രണ്ടുദിവസം പാര്‍പ്പിച്ചശേഷം തിരികെ വിടുന്നതാണ് പദ്ധതി. എ.ബി.സി കെട്ടിടം ഇല്ലെന്ന പേരില്‍ മൃഗസംരക്ഷണ വകുപ്പും പദ്ധതിയോടു പുറംതിരിഞ്ഞുനില്‍ക്കുകയാണ്.
അടൂരിന് സമീപം കുടുംബാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനുനേരെ നായ് ചാടിവീണ് യാത്രക്കാരെ ആക്രമിച്ചത് ഒരാഴ്ച മുമ്പാണ്. നിയന്ത്രണംവിട്ട സ്കൂട്ടര്‍ മറിയുകയും യാത്രക്കാരെ നായ് ആക്രമിക്കുകയുമായിരുന്നു. മൂന്നംഗ കുടുംബത്തെയാണ് നായ് ആക്രമിച്ചത്. എട്ടാം ക്ലാസ് വിദ്യാർഥിനിയും ഇതിലുള്‍പ്പെടുന്നു. ഇരുചക്രവാഹനങ്ങള്‍ക്കു മുന്നില്‍ തെരുവുനായ്ക്കള്‍ ചാടുന്നതും കുരച്ചുകൊണ്ട് പിന്തുടരുന്നതും അവസരം കിട്ടിയാല്‍ ആക്രമിക്കുന്നതും പതിവാണ്. അടൂര്‍, കടമ്പനാട് ഭാഗങ്ങളില്‍ നായുടെ ആക്രമണം സ്ഥിരം സംഭവമായി മാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.