ആവശ്യത്തിന് ഡോക്ടർമാരില്ല; അടൂർ ജനറൽ ആശുപത്രി പ്രവർത്തനം താളംതെറ്റുന്നു
അടൂർ: അടൂർ ജനറൽ ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലെന്ന് ആക്ഷേപം. ഡോക്ടർമാരുടെ കുറവിനെ തുടർന്ന് രോഗികൾക്ക് മതിയായ ചികിത്സ കിട്ടാത്ത അവസ്ഥയെന്ന് പരാതി ഉയരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന രോഗികൾ ഡോക്ടർമാരുടെ കുറവ് കാരണം മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടതായി വരുന്നു. ഡോക്ടർമാരുടെ പല തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്.
ഗൈനക്കോളജി ഡോക്ടർമാരുടെ രണ്ട് ഒഴിവാണുള്ളത്. നിലവിലെ 2 ഡോക്ടർമാർക്ക് 24 മണിക്കൂർ ഡ്യൂട്ടിയായതിനാൽ എല്ലാ ദിവസവും ഈ വിഭാഗത്തിൽ ഡോക്ടർ ഇല്ലാത്ത സ്ഥിതിയാണ്. ഗൈനക്കോളജി ഡോക്ടർമാരില്ലാത്ത സമയം പ്രസവസംബന്ധമായ ചികിത്സക്ക് വരുന്നവർ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇ.എൻ.ടി ഡോക്ടർ സ്ഥലംമാറിപ്പോയിട്ട് പകരം നിയമനമായില്ല.
എൻ.എച്ച്.എമ്മിൽനിന്ന് ഒരു ഡോക്ടറുണ്ടായിരുന്നെങ്കിലും ഇദ്ദേഹം വിരമിച്ച ശേഷം പകരം വന്നയാൾ വർക്കിങ് അറേഞ്ച്മെൻറിൽ സ്ഥലംമാറിപ്പോയി. കുട്ടികളുടെ ഡോക്ടർമാരുടെ രണ്ട് തസ്തികയിൽ ഒരാൾ വിരമിച്ചേതാടെ പകരം ആളില്ല. അനസ്തേഷ്യ ഡോക്ടറുടെ രണ്ട് തസ്തികയുള്ളതിൽ ഒരാൾ വിരമിച്ചു. അതിനാൽ ഇപ്പോൾ ശസ്ത്രക്രിയ എല്ലാ ദിവസവും നടത്താൻ കഴിയാത്ത സ്ഥിതിയുണ്ട്. ആഴ്ചയിൽ രണ്ട് ദിവസം മാത്രം പത്തനംതിട്ടയിൽനിന്നും ഡോക്ടർ വരുന്നുണ്ട്.ജില്ലയിൽ ഏറ്റവും കൂടുതൽ പ്രസവചികിത്സ നടക്കുന്ന ആശുപത്രിയാണിത്. ഡോക്ടർമാരുടെ കുറവുമൂലം പ്രസവചികിത്സ ലഭ്യമാക്കുന്നത് കുറയുന്നുണ്ട്.
കാഷ്വാലിറ്റി മെഡിക്കൽ ഓഫിസറുടെ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. പുതുതായി നിയമിച്ച കാഷ്വാലിറ്റി മെഡിക്കൽ ഓഫിസറായി ഫോ റൻസിക് സർജന്‍റെകൂടി സേവനം ലഭ്യമാക്കുന്ന തരത്തിൽ ഒരാളെ നിയമിച്ചെങ്കിലും അദ്ദേഹം പഠനവുമായി ബന്ധപ്പെട്ട് അവധിക്ക് അപേക്ഷ നൽകിയിരിക്കുകയാണ്. അഞ്ച് ആംബുലൻസ് ആശുപത്രിയിൽ ഉണ്ടായിരുന്നെങ്കിലും മൂന്നെണ്ണം ഉപയോഗപ്രദമല്ല. ജനറലാശുപത്രിയിൽ ചികിത്സ തേടി എത്തുന്നവരെ വിദഗ്ധ ചികിത്സക്കായി കൊണ്ടുപോകണമെങ്കിൽ പുറത്തുനിന്നുള്ള സ്വകാര്യ ആംബുലൻസ് വിളിക്കേണ്ടി വരുന്നു. ഇതിനിടെ സൂപ്രണ്ട് സ്ഥലം മാറുകകൂടി ചെയ്തതോടെ ആശുപത്രിയുടെ പ്രവർത്തനം ആകെ താളംതെറ്റിയ നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.