പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡ് ഭാഗത്തെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച നിയമസഭ സമിതി വ്യാപാരികളിൽനിന്ന് വിവരങ്ങൾ ചോദിച്ചറിയുന്നു
നിയമസഭ പരിസ്ഥിതി സമിതി ജില്ലയിൽ തെളിവെടുപ്പ് നടത്തി
പത്തനംതിട്ട: ജില്ലയിലെ കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി കലക്ടറേറ്റിലെ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പ് നടത്തി. പ്രളയബാധിത പ്രദേശങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തുകയും ചെയ്തു. ചെയര്മാന് സജീവ് ജോസഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ എം.എൽ.എമാരായ വർഗീസ് മാമ്മൻ, കെ. രാജൻ, ഫൈസൽ ബാബു, ടി.എം. ശശി എന്നിവരാണ് വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് തെളിവെടുപ്പ് നടത്തുകയും പരാതികൾ സ്വീകരിക്കുകയും ചെയ്തത്. രാവിലെ കലക്ടറേറ്റിൽ എത്തിയ സമിതി അംഗങ്ങളെ കലക്ടർ എ. നിസാമുദ്ദീന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
പ്രളയം ഉണ്ടാകാൻ ഇടയായ സാഹചര്യങ്ങൾ, ഉണ്ടായ മണ്ണിടിച്ചിലിന്റെ വ്യാപ്തി, ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച് പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകുന്നത്, പഞ്ചായത്ത് ജാഗ്രത സമിതി, മഴക്കെടുതിയിൽ പകർച്ചവ്യാധി തടയുന്നതിന് സ്വീകരിച്ച നടപടികൾ, ദുരിതാശ്വാസ ധനസഹായ വിതരണം, കൃഷി നാശനഷ്ടം, കർഷകർക്കുള്ള ധനസഹായം തുടങ്ങിയ വിഷയങ്ങൾ സമിതി പ്രത്യേകം ചോദ്യാവലി തയാറാക്കി ജില്ലതല ഉദ്യോഗസ്ഥരിൽനിന്ന് വിശദീകരണം തേടി. ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം ജനപ്രതിനിധികൾ, പൊതു പ്രവർത്തകർ, സംഘടനകൾ വ്യക്തികൾ എന്നിവരിൽ നിന്നും പരാതികളും നിർദേശങ്ങളും സ്വീകരിച്ചു.
തുടർന്ന് പ്രളയം, വന്യജീവി സംഘർഷം എന്നിവ ബാധിച്ച ജില്ലയിലെ അഞ്ച് സ്ഥലങ്ങൾ സന്ദർശിച്ച് തെളിവെടുപ്പ് നടത്തി. സമിതി ശേഖരിച്ച വിവരങ്ങളും കണ്ടെത്തലുകളെയും അടിസ്ഥാനമാക്കി വിശദമായ റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കുമെന്നും പൊതുജനങ്ങൾക്ക് സമിതി മുമ്പാകെ സമർപ്പിക്കേണ്ട വിഷയങ്ങളും പരാതികളും ഉണ്ടെങ്കിൽ ചെയർപേഴ്സൻ, പരിസ്ഥിതി സംബന്ധിച്ച സമിതി, നിയമസഭ സെക്രട്ടറിയേറ്റ്, വികാസ് ഭവൻ പി ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ അറിയിക്കാം എന്നും ചെയർമാൻ സജീവ് ജോസഫ് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.