കുറ്റൂരിൽ കൃഷിയിടത്തിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യുന്നു
പ്രളയത്തിന്റെ ബാക്കിപത്രം: കുറ്റൂർ നിവാസികൾക്ക് തലവേദനയായി പ്ലാസ്റ്റിക് മാലിന്യം
തിരുവല്ല: പ്രളയത്തിൽ നദികളിൽനിന്നും തോടുകളിലൂടെ ഒഴുകിയെത്തിയ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ തിരുവല്ലയിലെ കുറ്റൂർ നിവാസികൾക്ക് ദുരിതമാകുന്നു. കുറ്റൂർ മേഖലയിലെ വിവിധ ഇടങ്ങളിൽ കൃഷിയിടങ്ങളിലും പുരയിടങ്ങളിലും കൈത്തോടുകളിലുമായി മാലിന്യം അടിഞ്ഞുകൂടിക്കിടക്കുന്നത് കർഷകർക്കും നാട്ടുകാർക്കും ഒരുപോലെ ദുരിതം വിതക്കുകയാണ്. മണിമലയാറ്റിൽനിന്നും മധുരമ്പുഴ ചാൽ വഴി ചേരിക്കൽ തോട് വഴി തെങ്ങേലി ആഞ്ഞിലിക്കുഴിയാർ വരെയുള്ള ഭാഗങ്ങളിലാണ് മാലിന്യങ്ങൾ അടിഞ്ഞുകൂടിയിരിക്കുന്നത്.
എം.സി റോഡിനോട് ചേർന്നുള്ള കോതാട്ട് ചിറ കലിംഗന സമീപത്തെ നിലം നികത്തിയോടെയാണ് ഇതുവഴിയുള്ള നീരൊഴുക്ക് കൃത്യമല്ലാതെയായത്. ഇതോടെ വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ പ്രദേശത്തെ പുരയിടങ്ങളിലും കൈത്തോടുകളിലുമായി കെട്ടിക്കിടക്കുന്ന അവസ്ഥയായി. തോടിന് ആഴവും വീതിയും കൂട്ടുന്നതിന് താലൂക്ക് അദാലത്തിൽ മൈനർ ഇറിഗേഷൻ വകുപ്പിനെ ചുമതലപ്പെടുത്തിയെങ്കിലും പിന്നീട് നടപടി ഒന്നും ഉണ്ടായില്ല എന്ന് നാട്ടുകാർ പറയുന്നു.
നീരൊഴുക്ക് തടസ്സമായതോടെ എം.സി റോഡിന് കിഴക്കുവശമുള്ള കടകളിലും നാനൂറോളം വീടുകളിലും വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചിരുന്നു. തോടിന് സമീപമുള്ള വിവിധ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 15 ഏക്കറോളം കൃഷിയിടങ്ങളിലും പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ട്.
പുരയിടങ്ങളിൽ കെട്ടിക്കിടക്കുന്ന മാലിന്യം കൂലിക്ക് ആളുകളെ നിർത്തി ഭൂമി തെളിച്ചെടുക്കാൻ കർഷകർ കഷ്ടപ്പെടുകയാണ്. ഇതിന് ശാശ്വത പരിഹാരം ഉണ്ടാവണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.