കോന്നി: കോന്നി മെഡിക്കൽ കോളജിലെ ശസ്ത്രക്രിയകൾ താത്കാലികമായി അവസാനിപ്പിച്ചു. ദിവസവും പത്തിലധികം സർജറികൾ നടന്നു വന്നിരുന്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയകൾ അവസാനിപ്പിച്ചതോടെ മലയോര മേഖലയിലെ സാധാരണക്കാരായ നിരവധി രോഗികൾ ആണ് ബുദ്ധിമുട്ടിലായത്.
ശസ്ത്രക്രിയ വിഭാഗത്തിൽ ആവശ്യമായ ജീവനക്കാരുടെ കുറവാണ് കാരണം എന്ന് ചൂണ്ടി കാട്ടി മെഡിക്കൽ കോളജ് സർജൻ സൂപ്രണ്ടിന് കത്ത് നൽകിയിരുന്നു. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജിൽ ആവശ്യമായ ജീവനക്കാരില്ലാതെ നടത്തുന്ന സർജറികളിൽ വീഴ്ചകൾ ഉണ്ടായാൽ ഇതിന് ഉത്തരവാദി മേൽനോട്ടം വഹിക്കുന്ന സർജൻ ആയിരിക്കും എന്ന് മന്ത്രി വീണ ജോർജ് പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് കോന്നി മെഡിക്കൽ കോളജിൽ ഈ നടപടി. ശസ്ത്രക്രിയ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗങ്ങളിലെ ഒ.പി,ഒ.ടി സേവനങ്ങളാണ് ഇപ്പോൾ നിർത്തിവെച്ചിരിക്കുന്നത്.
ഒ.പി, ഒ.ടി സേവനങ്ങൾ രോഗികളുടെ ചികിത്സയ്ക്കും മെഡിക്കൽ കോളജ് വിദ്യാർഥികളുടെ ക്ലിനിക്കൽ പരിശീലനത്തിനും അനുഭവ സമ്പത്തിനും അത്യാവശ്യമാണ് എന്നതിനാൽ ഇത് പുനസ്ഥാപിക്കാൻ നടപടി ഉണ്ടാകണം എന്ന് ആവശ്യപ്പെട്ട് കോന്നി മെഡിക്കൽ കോളജ് വിദ്യാർഥി യൂണിയൻ എം.എൽ.എക്ക് പരാതി നൽകിയിട്ടുണ്ട്.
മെഡിക്കൽ കോളജിൽ ശസ്ത്രക്രിയകൾ അവസാനിപ്പിച്ചതോടെ മലയോര മേഖലയിലെ സാധാരണക്കാരായ നിരവധി രോഗികൾ ആണ് ബുദ്ധിമുട്ടിലായത്. ഗൈനക്കോളജി വിഭാഗത്തിൽ അടക്കം നിരവധി ആളുകൾ എത്തുകയും ചികിത്സയും ശസ്ത്രക്രിയകളും നടത്തി മടങ്ങുകയും ചെയ്തിരുന്നു. ആവശ്യമായ ജീവനക്കാരുടെ അഭാവം പരിഹരിച്ചെങ്കിൽ മാത്രമേ ഇത് സുഗമമായി മുന്നോട്ട് പോകുവാൻ സാധിക്കൂ എന്നതാണ് ഈ വിഷയത്തിൽ അധികൃതരുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.