കോന്നി: കോന്നി മെഡിക്കൽ കോളജിൽ കോടികൾ മുടക്കി നിർമിച്ച ഗൈനക്കോളജി വിഭാഗം ഓപറേഷൻ തിയറ്റർ അടച്ചുപൂട്ടിയിട്ട് നാലുമാസം പിന്നിടുന്നു. ലക്ഷ്യ സ്റ്റാൻഡേർഡിൽ നിർമിച്ച ആധുനിക നിലവാരത്തിലുള്ള ഓപറേഷൻ തിയറ്റർ പൂട്ടിയതോടെ പ്രസവചികിത്സ, പ്രസവാനന്തര ചികിത്സ എന്നിവ മുടങ്ങിയ കേരളത്തിലെ ഏക മെഡിക്കൽ കോളജായി കോന്നി മെഡിക്കൽ കോളേജ് മാറി. ഈ വിഭാഗം പ്രവർത്തനം നിലച്ചതോടെ കോടികൾ മുടക്കി വാങ്ങിയ ശസ്ത്രക്രിയ ഉപകരണങ്ങളും നശിച്ചുകൊണ്ടിരിക്കുകയാണ്.
2025 ജൂലൈ 26നാണ് മെഡിക്കൽ കോളജിലെ പ്രസവ ശസ്ത്രക്രിയാ വിഭാഗം ഉദ്ഘാടനം ചെയ്തത്. സംവിധാനം മൂന്നു മാസം മാത്രമാണ് പ്രവർത്തിച്ചത്.നിലവിൽ ഒ.പി വിഭാഗം പ്രവർത്തിക്കുന്ന ഗൈനക്കോളജിയിൽ എച്ച്.ഒ.ഡിയും ഇല്ല.
ജില്ലയിൽ താലൂക്ക് ഹോസ്പിറ്റലിൽ വരെ ഗൈനക്കോളജി വിഭാഗം കാര്യക്ഷമമായി പ്രവർത്തിക്കുമ്പോൾ കോന്നി മെഡിക്കൽ കോളജിൽ ഗൈനക്കോളജി വിഭാഗം ഒ.പി സേവനം മാത്രമായി നിലകൊള്ളുന്നു.
ജില്ലയിൽ തിരുവല്ല, റാന്നി താലൂക്ക് ആശുപത്രികളിൽപോലും, പ്രസവം, ശാസ്ത്രക്രിയ, തുടങ്ങിയവ നടക്കുന്നുണ്ട്. 24 മണിക്കൂറും ലേബർ റൂം, ഓപറേഷൻ തിയറ്റർ തുടങ്ങിയ സേവനവുമുണ്ടെന്നിരിക്കെ കോന്നി മെഡിക്കൽ കോളജിൽ പ്രസവ സംബന്ധമായി എത്തുന്ന രോഗികൾ കോട്ടയം മെഡിക്കൽ കോളജിൽ പോകണ്ട സ്ഥിതിയാണ്.
നികത്താതെ ഒഴിവുകൾ
കോന്നി: കോന്നി മെഡിക്കൽ കോളജിൽ ആശുപത്രി വിഭാഗത്തിൽ ഒഴിവുകൾ നിരവധിയുണ്ടായിട്ടും നിയമനങ്ങൾ നടക്കുന്നില്ല. ജനറൽ സർജറി വിഭാഗം: അസി: പ്രഫസർമാർ- 2 , പ്രഫസർ-1, ഗൈനക്കോളജി വിഭാഗം: പ്രൊഫസർ-1, അസി. പ്രഫസർ-1, അനസ്തേഷ്യ വിഭാഗം: പ്രഫസർ 1, റേഡിയോ ഡയഗനോസ്റ്റി- അസി. പ്രഫ- 1, അത്യാഹിത വിഭാഗം: അസോ. പ്രഫസർ-1, അസി. പ്രഫസർ-1, അക്കാദമിക് വിഭാഗത്തിൽ - ഫിസിയോളജി വിഭാഗം- അസി. പ്രഫ. 2, ഫോറൻസിക് അസി. പ്രഫസർ-2, കമ്യൂണിറ്റി മെഡിസിൻ-അസി. പ്രഫ. 1 എന്നിങ്ങനെ നിരവധി ഒഴിവുകൾ ഒഴിഞ്ഞുകിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.