elephant attack

ജ​ന​ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​യി കാ​ട്ടാ​ന​ശ​ല്യം

കോന്നി: കാട്ടാനശല്യംമൂലം സഹികെട്ട് മലയാലപ്പുഴ പഞ്ചായത്തിലെ പുതുക്കുളം വട്ടത്തറ ഭാഗത്തെ നാട്ടുകാർ. കാടുവിട്ടിറങ്ങുന്ന ആനകൾ വൻതോതിലാണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞദിവസം രാത്രിയിൽ വട്ടത്തറ ഗവ. എൽ.പി സ്കൂളിന് സമീപത്ത് എത്തിയ കാട്ടാനകൾ പ്രദേശത്ത് വ്യാപകമായ കൃഷിനാശം വരുത്തി. വട്ടത്തറ പ്ലാകൂട്ടത്തിൽ, കേണൽ പി.എ. മാത്യുവിന്‍റെ വീടിന്‍റെ മതിൽ ഉൾപ്പെടെ നാലു വീടുകളുടെയും മതിൽ തകർത്തു. റാന്നി വനം ഡിവിഷനിലെ വടശ്ശേരിക്കര റേഞ്ചിൽപെട്ട വനമേഖലയിൽനിന്ന് കല്ലാർ കടന്നാണ് കാട്ടാനകൾ ജനവാസ മേഖലയിൽ എത്തുന്നത്.

വനാതിർത്തിയിൽനിന്ന് ആറും ഏഴും കിലോമീറ്റർ അകലെയുള്ള ജനവാസ മേഖലകളിലേക്ക് കാട്ടാനകൾ എത്തിത്തുടങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്. നേരത്തെ പ്രദേശത്ത് കാട്ടാനശല്യം വർധിച്ചപ്പോൾ വനം-വന്യജീവി വകുപ്പ് ഇവിടെ ക്യാമ്പ് ഷെഡ്ഡുകൾ ആരംഭിച്ചിരുന്നു. മലയാലപ്പുഴ വടശ്ശേരിക്കര പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന സമീപപ്രദേശങ്ങളായ മുക്കുഴി, കുമ്പളത്താമൺ, കോടമല, ഒളികല്ല് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കാട്ടാനകളുടെയും കാട്ടുപോത്തുകളുടെയും ശല്യമുണ്ട്.

വടശ്ശേരിക്കര പഞ്ചായത്തിലെ ബൗണ്ടറി, ചെമ്പരത്തിമൂട്, ആർക്കേമൺ, താമരപ്പള്ളി തോട്ടം, ഒളികല്ല്, കുമ്പളത്താമൺ, മണപ്പാട്ട് തുടങ്ങിയ പ്രദേശങ്ങളും കാട്ടാനശല്യത്തിന്‍റെ ഭീതിയിലാണ്. കൈതച്ചക്ക തേടി കുമ്പഴത്തോട്ടത്തിൽ പുതുക്കുളത്തിന് സമീപമുള്ള ഹാരിസൺ മലയാളം പ്ലാന്‍റേഷന്‍റെ കുമ്പഴത്തോട്ടത്തിലും കാട്ടാനകളെ കാണാം. ഇവിടെ വ്യാപകമായി കൈതച്ചക്കക്കൃഷിയുണ്ട്. കൈതച്ചക്ക തിന്നാനാണ് ആനകളെത്തുന്നത്. ആനകളെ തടയാൻ വനാതിർത്തിയിൽ ഇപ്പോൾ ഹാരിസൺ കമ്പനി ഹാങ്ങിങ് സോളാർ വേലികൾ സ്ഥാപിച്ചിട്ടുണ്ട്.

ഒളികല്ല് കടന്നാണ് 10 വർഷം മുമ്പ് ഇല്ലിക്കൊമ്പൻ എന്ന കാട്ടാന പമ്പാനദിയിലൂടെ ബഗ്ലാംകടവിലെത്തിയത്. കിടങ്ങുമൂഴി കടന്ന് റബർ തോട്ടത്തിലൂടെ സ്റ്റേഡിയം ഭാഗത്തെത്തി ഒരാളെ അടിച്ചുകൊന്നശേഷം ജനവാസ കേന്ദ്രത്തിലൂടെ പമ്പാനദിയിലിറങ്ങി മണിക്കൂറുകളോളം നിൽക്കുകയായിരുന്നു. പിന്നീട് ഒളികല്ല് വഴിയായിരുന്നു ഇല്ലിക്കൊമ്പന്‍റെ മടക്കം.

Tags:    
News Summary - Wild Elephant threat to public life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.