കോന്നി: 13കാരിയുടെ വ്യാജ പോക്സോ കേസിൽ കസ്റ്റഡിയിൽ എടുത്ത കുട്ടികൾ നേരിട്ടത് കടുത്ത പൊലീസ് അതിക്രമം. രാത്രി വീട്ടിൽ വന്ന് പിടിച്ചുകൊണ്ടുപോയ കൂടല്‍ സ്റ്റേഷനിലെ പൊലീസുകാർ തങ്ങളെ ബൂട്ടിട്ട് ചവിട്ടുകയും മർദിക്കുകയും ചെയ്തതായി വിദ്യാർഥികൾ മാധ്യമങ്ങളോട് പറഞ്ഞു.
‘ആ പെൺകുട്ടിയുമായി യാതൊരു പരിചയവുമില്ല... രാത്രി വീട്ടിൽ വന്ന് പൊലീസ് എന്നെ പിടിച്ചോണ്ട് പോയി... അവരുടെ ക്വാർട്ടേഴ്സിൽ കൊണ്ടുപോയി കുറേ മർദിച്ചു... ബൂട്ടിട്ട് കാലിൽ ചവിട്ടി, നിലത്തിരുത്തിയ ശേഷം ഇരുചെവിയിലും പിടിച്ച് പൊക്കി എണീപ്പിച്ചു. മുടിപിടിച്ച് കറക്കി തലതാഴ്ത്തിപ്പിടിച്ചു. കുറേ സമയം ചോദ്യം ചെയ്ത ശേഷം വീണ്ടും മർദനം തുടങ്ങി’ -പൊലീസ് അതിക്രമത്തിനിരയായ ഹൃദ്രോഗി കൂടിയായ വിദ്യാർഥി പറഞ്ഞു.
സി.സി.ടി.വിയിൽ തന്റെ ദൃശ്യമുണ്ടെന്നും മാബൈൽ ടവർ ലൊക്കേഷനിൽ ഉണ്ടെന്നും പറഞ്ഞാണ് തന്നെ കസ്റ്റഡിയിൽ എടുത്തതെന്നും വിദ്യാർഥി പറഞ്ഞു. പരാതി നൽകിയ പെൺകുട്ടിയുമായി തനിക്ക് യാതൊരുവിധ പരിചയവുമില്ലെന്നും കൂടെ പിടിക്കപ്പെട്ട മറ്റ് കുട്ടികളെ കളിസ്ഥലത്തു വെച്ചുള്ള പരിചയം മാത്രമേ ഉള്ളൂ എന്നും അതിക്രമത്തിന് ഇരയായ വിദ്യാർഥി പറഞ്ഞു.
മക്കളോട് പൊലീസ് വളരെ മോശമായി പെരുമാറിയതായും തെറി വിളിച്ചതായും മർദിച്ചതായും മാതാപിതാക്കൾ പറഞ്ഞു. കൂടൽ പൊലീസ് വീട് വളഞ്ഞാണ് കുട്ടികളെ അറസ്റ്റ് ചെയ്തത്. കുട്ടികൾക്ക് മണിക്കൂറുകളോളം ഭക്ഷണം നൽകിയില്ലെന്നും ചെയ്യാത്ത കുറ്റം ഏറ്റെടുക്കാൻ കുട്ടികളെ നിർബന്ധിച്ചു എന്നും മാതാപിതാക്കൾ പറഞ്ഞു. 15 വയസ്സിൽ താഴെയുള്ള കുട്ടികളോട് വളരെ മോശമായ രീതിയിൽ സംസാരിക്കുകയും മണിക്കൂറുകളോളം ഭക്ഷണം നൽകാതിരിക്കുകയും ചെയ്തു. മാതാപിതാക്കൾ കുട്ടികളെ കാണണമെന്ന് പറഞ്ഞപ്പോൾ അത് സമ്മതിക്കാതെ തടഞ്ഞു നിർത്തുകയും ചെയ്തു. പിന്നീട് മാതാപിതാക്കൾ പൊലീസുകാരെ തള്ളിമാറ്റി വാതിൽ തള്ളിതുറന്ന് ചെന്നപ്പോൾ കുട്ടികൾ അവിടെ ഇരിക്കുകയായിരുന്നു. തങ്ങൾ അറിയാത്ത കാര്യമാണ് പൊലീസ് പറയുന്നതെന്ന് കുട്ടികൾ പറഞ്ഞു. പെൺകുട്ടി ഉന്നയിച്ച വ്യാജപരാതി അതേപടി കുട്ടികളുടെ മേൽ കെട്ടിവെക്കാനാണ് പൊലീസുകാർ ശ്രമിച്ചത് എന്നാണ് കുട്ടികളും മാതാപിതാക്കളും പൊലീസിനെതിരെ ഉന്നയിക്കുന്നത്.
‘ചീത്ത വാക്കുകൾ പറഞ്ഞുകൊണ്ടാണ് കുഞ്ഞുങ്ങളോട് ഓരോന്ന് അവര് ചോദിച്ചത്. കുട്ടിൾക്ക് നമ്മളെ നോക്കിയിട്ട് സംസാരിക്കാൻ പറ്റാത്ത അവസ്ഥയായിപോയി. സങ്കടം വന്നിട്ടാണോ എന്തെന്ന് അറിയത്തില്ല.. എനിക്കൊന്നും പറയാൻ പറ്റുന്നില്ലന്ന് പറഞ്ഞ് കുഞ്ഞുകരഞ്ഞു. കുറ്റം ഏറ്റെടുത്താൽ വെറുതെ വിടാമെന്ന് പറഞ്ഞു. ചെയ്യാത്ത കുറ്റം ഞങ്ങൾ ഏൽക്കത്തില്ലെന്ന് മക്കൾ പറഞ്ഞു’ -മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.
സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന ഒമ്പതാം ക്ലാസുകാരിയുടെ പരാതി വ്യാജമാണെന്ന് പൊലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു. പെൺകുട്ടി പീഡനത്തിനിരയായിട്ടില്ലെന്ന് വൈദ്യപരിശോധനയിലും കണ്ടെത്തി. മജിസ്ട്രേറ്റിനു മുന്നിൽ പെൺകുട്ടി മൊഴിമാറ്റി പറഞ്ഞു. വൈദ്യപരിശോധനാ റിപ്പോർട്ടും പൊലീസ് ഹാജരാക്കി. കേസിൽ കസ്റ്റഡിയിലെടുത്ത ആറുപേരെയും ശനിയാഴ്ച രാത്രി തന്നെ പൊലീസ് വിട്ടയച്ചിരുന്നു. പ്രണയനൈരാശ്യമാണ് പരാതിക്കു പിന്നിലെന്നാണ് വിവരം. പരാതിയിൽ തുടരന്വേഷണം നടത്തി റഫർ റിപ്പോർട്ട് നൽകാനാണ് നീക്കം.
കോന്നിയിലെ കൂടൽ സ്റ്റേഷൻ പരിധിയിലുള്ള സ്കൂളിൽ നടത്തിയ കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന് പൊലീസ് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. പിന്നാലെ പ്രായപൂർത്തിയാകാത്ത നാല് പേരുൾപ്പെടെ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കാണ് മർദനമേറ്റത്.
വ്യാജപരാതിയിൽ ഉൾപ്പെടെ കൂടുതൽ അന്വേഷണം നടത്തും. ഒരേ ക്ലാസിൽ പഠിക്കുന്ന കൂട്ടുകാർ പെൺകുട്ടിയെ സ്കൂൾ പരിസരത്തും ശുചിമുറിയിൽ വെച്ചും കൂട്ടുകാരിയുടെ വീട്ടിൽ വെച്ചും പീഡിപ്പിച്ചെന്നായിരുന്നു പരാതി.
സംഭവത്തിൽ ബാലാവകാശ സംരക്ഷണ കമീഷൻ ചെയർപേഴ്സൻ കെ.വി. മനോജ് കുമാർ സ്വമേധയാ കേസെടുത്തിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ജില്ലാ ശിശു സംരക്ഷണ ഓഫിസർ, ജില്ലാ പൊലീസ് മേധാവി, ചൈൽഡ് വെൽഫെയർ കമ്മിറ്റി എന്നിവരിൽ നിന്നു കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.