കോന്നി
കോന്നി: കോന്നി താലൂക്കിൽ ഉൾപ്പെടുന്ന കോന്നി, അരുവാപ്പുലം, മലയാലപ്പുഴ, പ്രമാടം, മൈലപ്ര, തണ്ണിത്തോട്, വള്ളിക്കോട്, ചിറ്റാർ, സീതത്തോട് കലഞ്ഞൂർ എന്നീ പഞ്ചായത്തുകളും അടൂർ താലൂക്കിലെ ഏനാദിമംഗലം, പഞ്ചായത്തും അടങ്ങുന്നതാണ് കോന്നി നിയമസഭ മണ്ഡലം. 2019ൽ നടന്ന തെരഞ്ഞെടുപ്പിൽ കെ.യു. ജെനീഷ് കുമാർ 9053 വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ചു. 1965ലാണ് കോന്നി നിയമസഭ മണ്ഡലം നിലവിൽ വരുന്നത്. ഏനാദിമംഗലം മുതൽ ഗവി വരെ നീണ്ടുകിടക്കുന്ന മണ്ഡലത്തിൽ ഗവിയിൽ ശ്രീലങ്കൻ വിഭാഗത്തിൽപെടുന്ന ആളുകളാണ് കൂടുതലും. അരുവാപ്പുലം പഞ്ചായത്തിലെ ആവണിപ്പാറയിലാണ് ഏറ്റവും കുറവ് വോട്ടർമാർ.
1962ൽ സി.പി.ഐ പ്രതിനിധിയായി മത്സരിച്ച് വിജയിച്ച പന്തളം പി.ആർ. ആണ് കോന്നിയിലെ ആദ്യ എം.എൽ.എ. 1965ൽ കോൺഗ്രസ് ഐ പ്രതിനിധി പി.ജെ. തോമസ്, പിന്നീട് 1967ൽ പി.ആർ. മാധവൻ പിള്ള (സി.പി.ഐ), 1970ലും 1977ലും പി.ജെ തോമസ് (കോൺഗ്രസ് ഐ), 1980ൽ വി.എസ്. ചന്ദ്രശേഖരപിള്ള (സി.പി.എം), 1987ൽ ചിറ്റൂർ ശശാങ്കൻ നായർ (യു.ഡി.എഫ്), 1991ൽ എ. പത്മകുമാർ (സി.പി.എം), 1996, 2001, 2006, 2011, 2016 വർഷങ്ങളിൽ അഡ്വ. അടൂർ പ്രകാശ് (യു.ഡി.എഫ്), 2019 മുതൽ അഡ്വ. കെ.യു. ജനീഷ് കുമാർ എന്നിവരാണ് മത്സരിച്ച് വിജയിച്ചത്.
2021ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അഡ്വ. കെ.യു. ജനീഷ് കുമാറിന് എതിരായി യു.ഡി.എഫിലെ റോബിൻ പീറ്ററും എൻ.ഡി.എയിൽ കെ. സുരേന്ദ്രനുമാണ് മത്സരിച്ചത്. ഇതിൽ ജനീഷ് കുമാർ രണ്ടു പേരെയും പരാജയപ്പെടുത്തി 62,318 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. റോബിൻ പീറ്റർ 53,810 വോട്ടും കെ. സുരേന്ദ്രൻ 32,811 വോട്ടും നേടി. 2024ലെ വോട്ടർപട്ടിക പ്രകാരം 2,01,819 വോട്ടർമാരാണുള്ളത്. എസ്.ഐ.ആർ നടപടികൾ പൂർത്തിയായ ശേഷം 500ൽ താഴെ പേർ മാത്രമേ പുറത്താക്കപ്പെട്ടിട്ടുള്ളൂ.
കോന്നിയിൽ കോൺഗ്രസ് മത്സരരംഗത്തിറങ്ങുമ്പോൾ അടൂർ പ്രകാശ് ചെയ്ത വികസനം മാത്രം പറഞ്ഞാണ് വോട്ട് തേടിയത്. റോബിൻ പീറ്റർ മത്സരിച്ചപ്പോഴും അടൂർ പ്രകാശിന്റെ വികസനം മുൻ നിർത്തിയായിരുന്നു പ്രചരണം. മണ്ഡലത്തിൽ ഏറ്റവും കുറവ് വോട്ടർമാരുള്ളത് മൈലപ്ര പഞ്ചായത്തിലാണ്. 70810 വോട്ടർമാരാണ് ഇവിടെയുള്ളത്. ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലാണ്- 26635 വോട്ടർമാർ.
പഞ്ചായത്ത് തിരിച്ചുള്ള
വോട്ടർമാർ
മൈലപ്ര - 7810,
മലയാലപുഴ - 25873
തണ്ണിത്തോട് - 12189
ചിറ്റാർ - 13551
സീതത്തോട് - 12658
കോന്നി -23746
പ്രമാടം -26597
വള്ളിക്കോട് -17328
ഏനാദിമംഗലം -17259
കലഞ്ഞൂർ - 26635
അരുവാപ്പുലം -16683
നേട്ടങ്ങൾ
ജില്ലയിലെ ഏറ്റവും കൂടുതൽ വികസനപ്രവർത്തനങ്ങൾ നടന്നത് കോന്നി മണ്ഡലത്തിലാണ്. കോന്നി മെഡിക്കൽ കോളജിൽ 10 നിലകളുള്ള നാല് കെട്ടിട സമുച്ചയങ്ങൾ നിർമാണം തുടങ്ങി. 62 വർഷക്കാലത്തെ നാടിന്റെ സ്വപ്നമായിരുന്ന ചിറ്റൂർക്കടവ് പാലം പണി തുടങ്ങി. അച്ചൻകോവിൽ, ഐരവൺ, അരുവാപ്പുലം മേഖലകളെ ബന്ധിപ്പിച്ച് ഐരവൺ പാലം അവസാന ഘട്ടത്തിലാണ്. ഗ്രാമീണ റോഡുകൾ 95 ശതമാനം ആധുനിക നിലവാരത്തിൽ ടാറിങ് പൂർത്തിയായി. റീബിൽഡ് ഫണ്ട് ഉപയോഗിച്ച് മിനി ബൈപാസ് പൂർത്തിയാക്കി. 10 കോടി ചെലവിൽ കോന്നി താലൂക്കാശുപത്രി കെട്ടിട സമുച്ചയം 98 ശതമാനം പൂർത്തിയായി.
കോട്ടങ്ങൾ
2013ൽ കോന്നിയിൽ താലൂക്ക് നിലവിൽ വന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങൾ കോന്നിയിൽ എത്തേണ്ടതുണ്ട്. ഇതിൽ പ്രധാനമാണ് കോടതി സമുച്ചയം.
കോന്നി മെഡിക്കൽ കോളജ് സജീവമാണെങ്കിലും അത്യാഹിത വിഭാഗത്തിൽ ആവശ്യത്തിന് സേവനങ്ങൾ രോഗികൾക്ക് ലഭ്യമാകുന്നില്ല. ഇവിടെ വരുന്നവരെ കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് വിടുന്നു. സംസ്ഥാന പാതയുടെ നിർമാണം പൂർത്തിയായിട്ടും പ്രധാന മേഖലയിൽ ഒന്നുംതന്നെ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു. കോന്നി ബൈപാസ് യഥാർഥ്യമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.