വാളയാര്‍ ആള്‍ക്കൂട്ടകൊലപാതകം; ജാമ്യാപേക്ഷ 28ലേക്ക് മാറ്റി

മണ്ണാര്‍ക്കാട്: വാളയാര്‍ ആള്‍ക്കൂട്ടകൊലപാതക കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഏപ്രിൽ 28ലേക്ക് മാറ്റി. ഇതോടെ പ്രതികളുടെ റിമാന്‍ഡ് തുടരും. കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശി രാംനാരായണന്‍റെ മാതാവിന്‍റെയും ഭാര്യയുടെയും ഭാഗം കേട്ടശേഷമാണ് മണ്ണാര്‍ക്കാട് എസ്.സി-എസ്.ടി. പ്രത്യേക കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് 28ലേക്ക് മാറ്റിയതായി ഉത്തരവിട്ടത്.

രാംനാരായണന്റെ മാതാവ് ശ്യാമാഭായ് ഭാഗേല്‍, ഭാര്യ ലളിത ബാഗേല്‍ എന്നിവര്‍ ശനിയാഴ്ച രാവിലെ സ്‌പെഷൽ കോടതി ജഡ്ജി ജോമോന്‍ ജോണ്‍ മുമ്പാകെ ഹാജരായി. പ്രതികളുടെ ജാമ്യാപേക്ഷയിന്‍മേല്‍ എതിര്‍പ്പുണ്ടോ എന്ന് കോടതി ചോദിച്ചു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു രാംനാരായണന്‍ എന്നും മകന്‍ മരിച്ചതോടെ സങ്കടത്തിലും ബുദ്ധിമുട്ടിലുമാണെന്ന് ശ്യാമാഭായ് പറഞ്ഞു. ഇതിനാല്‍ ജാമ്യം നല്‍കരുതെന്ന് ഇവര്‍ പറഞ്ഞു. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് ലളിതാ ഭായിയും കോടതിയെ ബോധിപ്പിച്ചു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ജാമ്യാപേക്ഷ പരിഗണിക്കല്‍ 28ലേക്ക് മാറ്റിയതായി കോടതി ഉത്തരവിട്ടു.

രാംനാരായണന്റെ ഭാര്യയുള്‍പ്പടെയുള്ള അടുത്തബന്ധുക്കളുടെ ഭാഗംകേട്ടില്ലെന്ന കാരണത്താലാണ് മണ്ണാര്‍ക്കാട് എസ്.സി-എസ്.ടി. കോടതി അനുവദിച്ച പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നത്. തുടര്‍ന്ന് ബന്ധുക്കളോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ജാമ്യാപേക്ഷ പരിഗണിക്കുന്ന ദിവസംതന്നെ കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതിസംബന്ധിച്ച റിപ്പോര്‍ട്ടുനല്‍കാനും പ്രോസിക്യൂഷനോട് നിര്‍ദേശിച്ചു. കൂടാതെ, പ്രതികളില്‍ ഓരോരുത്തരുടെയും കേസിലെ കുറ്റകൃത്യങ്ങള്‍ പ്രത്യേകം റിപ്പോര്‍ട്ടുചെയ്യാനും ആവശ്യപ്പെട്ടു. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തശേഷം കേസില്‍ പുതിയതായി ആരെങ്കിലും ഉള്‍പ്പെടുത്താനുണ്ടോ എന്നതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കുവാനും പ്രോസിക്യൂഷനോട് കോടതി നിര്‍ദേശിച്ചു. 2025 ഡിസംബര്‍ 17നാണ് ആള്‍ക്കൂട്ടമര്‍ദ്ദനത്തെ തുടര്‍ന്ന് രാംനാരായണന്‍ കൊല്ലപ്പെട്ടത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജീവ് നടക്കാവില്‍ ഹാജരായി.

Tags:    
News Summary - Walayar mob lynching case: Bail application postponed to 28th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:44 GMT