പു​ത്ത​ൻ​പാ​ട​ത്ത് കാ​ട്ടാ​ന വി​ള​യാ​ട്ടം; മൂ​ന്നേ​ക്ക​ർ നെ​ൽ​കൃ​ഷി ന​ശി​പ്പി​ച്ചു

കൊല്ലങ്കോട്: തെന്മല അടിവാരത്ത് ജനത്തെ വിറപ്പിച്ച് കാട്ടാനകൾ. പുത്തൻപാടം ജനവാസമേഖലയിലെത്തിയ കാട്ടാനകൾ മൂന്നേക്കർ നെൽകൃഷി നശിപ്പിച്ചു. 60,000 രൂപയുടെ നഷ്ടമുണ്ടായി. പുത്തൻപാടം നരേന്ദ്രന്റെ നെൽപ്പാടത്താണ് വനം വകുപ്പിന്റെയും നരേന്ദ്രൻ സ്ഥാപിച്ചതുമായ വൈദ്യുത വേലികൾ തകർത്ത് 60 ദിവസം പ്രായമായ നെൽചെടികൾ ചവിട്ടിമെതിച്ചത്. കൊല്ലങ്കോട്, മുതലമട പഞ്ചായത്തുകളിലെ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം എത്തുന്നത് നാട്ടുകാരുടെ ഉറക്കമില്ലാതാക്കി.

വനംവകുപ്പ് സ്ഥലത്തെത്തി ആനകളെ ഓടിക്കുന്നുണ്ടെങ്കിലും ഉടനടി അവ തിരിച്ചെത്തുന്നതാണ് അനുഭവം. നാല് ആനകളാണ് തേക്കിൻചിറ, വേലാങ്കാട്, ചീളക്കാട്, മാത്തൂർ, പുത്തൻപാടം പ്രദേശങ്ങൾക്കിടയിൽ വ്യാപകമായി കൃഷിനാശം വരുത്തികൊണ്ടിരിക്കുന്നത്. സ്ഥിരം ശല്യക്കാരായ കാട്ടാനകളെ വനത്തിലെത്തിക്കാൻ പ്രയാസപ്പെടുകയാണ് വനം വകുപ്പ്.

ദ്രുതകർമ സേനയും കൊല്ലങ്കോട് സെക്ഷൻ റേഞ്ച് ഉദ്യോഗസ്ഥരും വിവിധ പ്രദേശങ്ങളിൽ ആനകൾക്കെതിരെ സജീവമായി പ്രവർത്തിക്കുമ്പോഴും രാത്രികളിൽ ആന പതിന്മടങ്ങ് വേഗതയിൽ തിരിച്ച് അതേ സ്ഥലത്ത് എത്തുകയാണ്. മഴ മാറിയാൽ മാത്രമാണ് ഇതിന് ശാശ്വത പരിഹാരം കണ്ടെത്താൻ സാധിക്കുക എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ജനവാസ മേഖലയിൽനിന്നും കാട്ടാനകളെ ഓടിച്ചുവിട്ടതായി കൊല്ലങ്കോട് ദ്രുതകർമസേന അധികൃതർ പറഞ്ഞു.

എന്നാൽ, രാത്രിയിൽ തിരിച്ചുവരുന്ന കാട്ടാനകളെ വനാന്തരത്തിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. വനാതിർത്തികളിൽ തെരുവ് വിളക്കുകൾ പ്രവർത്തിപ്പിക്കണമെന്ന ആവശ്യം പലതവണ ഉന്നയിച്ചെങ്കിലും മിക്ക പ്രദേശങ്ങളും ഇപ്പോഴും ഇരുട്ടിലാണ്. അടിവാര പ്രദേശങ്ങളിലെ കൊച്ചുകവലകളിൽ ഹൈമാസ്റ്റ് ലൈറ്റുക ൾ സ്ഥാപിക്കുകയും എല്ലാ വൈദ്യുതി പോസ്റ്റുകളിലും പ്രകാശം കൂടിയ തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്നും കർഷകരും നാട്ടുകാരും ആവശ്യപ്പെട്ടു.

Tags:    
News Summary - elephant destroyed three acres of paddy cultivation,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.