വിഷു പടിവാതിൽക്കൽ; വിസ്‌മയം തീര്‍ത്ത് പടക്ക വിപണി

പാലക്കാട്: വിഷുവിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങുന്നു. എങ്ങും പടക്കവിൽപന സജീവമായി. വിഷുക്കണിയും കൈനീട്ടവും പടക്കങ്ങളുമില്ലാതെയുള്ള വിഷു ചിന്തിക്കാന്‍ പോലുമാകില്ല മലബാറുകാര്‍ക്ക്. നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പടക്ക കടകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. പോളിങ് പൂര്‍ത്തിയായ ശേഷം വെള്ളിയാഴ്ച രാവിലെ പത്തിനാണ് കടകൾ തുറക്കാന്‍ അനുവാദം നല്‍കിയത്. വിസ്‌മയം തീര്‍ക്കുന്ന പടക്കങ്ങളും മത്താപ്പ്, പൂത്തിരി എന്നിവയും വിപണി കീഴടക്കിയിട്ടുണ്ട്. ആയിരം രൂപ മുതല്‍ ലക്ഷം രൂപ വരെയുളള പടക്കങ്ങള്‍ വിഷുവിനോട് അനുബന്ധിച്ച് പൊട്ടിക്കുന്നവരുണ്ട്. വിസിലടിക്കുന്ന പല നിറത്തിലുള്ള പെൻസിലുകളും കമ്പിത്തിരികളും വിപണിയിൽ സജീവമാണ്. ഹരിത പടക്കമാണ് ഇത്തവണയും മാര്‍ക്കറ്റില്‍ ഇറക്കിയിട്ടുള്ളത്. മാലിന്യ മുക്തവും പുക നിയന്ത്രണവുമുള്ളവയാണെന്ന് കവറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഓലപ്പടക്കവും അമിട്ടുമെല്ലാം വിസ്മൃതിയിലായിക്കഴിഞ്ഞു. നൂറ്റി ഇരുപത് മീറ്റര്‍ ഉയരത്തില്‍ റോക്കറ്റ് കുതിച്ചുയര്‍ന്ന് വര്‍ണങ്ങള്‍ വാരി വിതറുന്ന മാജിക്ക് റിങ്- ആകാശത്ത് വൃത്തങ്ങള്‍ തീര്‍ത്ത് വിരിയുന്ന അമിട്ട് കുടുംബത്തില്‍പ്പെട്ട ഈ ഐറ്റമാണ് ഇത്തവണ സൂപ്പര്‍ താരം. അമ്പത് മീറ്റര്‍ ഉയരത്തില്‍ പോയി മാരിവില്ലിന് സമാനമായി വര്‍ണ വിസ്‌മയം തീര്‍ക്കുന്ന ജുമാജി മള്‍ട്ടി ഷോട്ട് ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. ഞായറാഴ്ച വിപണിക്ക് വലിയ ഉണർവുണ്ടായില്ലെങ്കിലും തിങ്കളാഴ്ച മുതൽ സജീവമാകുമെന്ന് വ്യാപാരികൾ പറഞ്ഞു.

ചൈനീസ് സാങ്കേതിക വിദ്യയില്‍ ശിവകാശിയില്‍ നിര്‍മ്മിക്കുന്ന പടക്കങ്ങളാണ് ലഭിക്കുന്നത്. കയ്യില്‍ കറങ്ങുന്ന കമ്പിത്തിരി, നിറപ്പകിട്ടാര്‍ന്ന നിലച്ചക്രം, കത്തിച്ച് രസിക്കാവുന്ന മാജിക്ക് വിപ്പ്, മാലപ്പടക്കത്തെ അനുസ്‌മരിപ്പിക്കുന്ന വിവിധ ഇനം സ്‌കൈ ഷോട്ടുകള്‍, ലോലിപ്പോപ്പ് എന്നിവയെല്ലാം എത്തിക്കഴിഞ്ഞു. 15 നാണ് ഇത്തവണ വിഷു. 

Tags:    
News Summary - Vishu on the doorstep; Fireworks market is a surprise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.