വടക്കഞ്ചേരി: പേവിഷ വാക്സിൻ പോലും ഫലിക്കാത്ത സാഹചര്യത്തിൽ വടക്കഞ്ചേരി മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നത് ജനങ്ങളെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ആക്രമണത്തിന് ഇരയാകുന്നവരിൽ സ്കൂൾ വിദ്യാർഥികളും ഇരുചക്ര വാഹന യാത്രക്കാരുമാണ് കൂടുതൽ. ഈ സാഹചര്യത്തിൽ അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്ന ജനകീയ ആവശ്യം ആലത്തൂർ താലൂക്ക് വികസന സമിതിയിൽ ഉയർന്നു.
"ജീവൻ പണയപ്പെടുത്തി യാത്ര ചെയ്യേണ്ട അവസ്ഥ" എന്നാണ് പൊതുപ്രവർത്തകനായ സുരേഷ് വേലായുധൻ പറയുന്നത്. പോക്കുവരവ് ദുസ്സഹമാവുകയും തെരുവ് നായ് ആക്രമണങ്ങൾ വർധിക്കുകയും ചെയ്തതോടെ അധികൃതർക്കെതിരെ ശക്തമായ പ്രതിഷേധമാണ് പ്രദേശവാസികൾ ഉയർത്തുന്നത്. "പ്രശ്നം പറഞ്ഞ് മടുത്തു. എത്ര പേർക്ക് കടിയേറ്റാലും തദ്ദേശ സ്ഥാപന അധികൃതർ കണ്ട ഭാവം നടിക്കുന്നില്ലന്നാണ് നാട്ടുകാർ പറയുന്നത്.
ഒരു ജീവൻ നഷ്ടമായാൽ നൽകുന്ന നഷ്ടപരിഹാരമല്ല, ജീവന്റെ സുരക്ഷയാണ് ഞങ്ങൾക്ക് വേണ്ടത്" -ഒരു രക്ഷിതാവ് മല്ലിക ഹരി പ്രതികരിച്ചു. കുട്ടികളെ തനിച്ചൊരിടത്തേക്ക് വിടാൻ പോലും മാതാപിതാക്കൾ ഭയക്കുന്നു. സ്കൂൾ വിട്ട് വരുന്ന കുട്ടികളെ ഓടിച്ചിട്ട് കടിക്കാൻ ശ്രമിക്കുന്ന നായ്ക്കൂട്ടങ്ങളെപ്പറ്റി പലതവണ പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ല. "സന്ധ്യ കഴിഞ്ഞാൽ റോഡിലിറങ്ങാൻ പേടിയാണ്.
കൈയിൽ വടിയും കല്ലുമായി ഇറങ്ങേണ്ട ഗതികേടിലാണ് ഞങ്ങൾ. ഇരുചക്രവാഹനം ഓടിക്കുമ്പോൾ നായ് കുറുകെ ചാടുന്നത് മൂലം ദിവസേന അപകടങ്ങളുണ്ടാകുന്നു -പ്രദേശവാസിയായ യുവാവ് പറയുന്നു. നായുടെ കടിയേറ്റാൽ ഉടൻ പേവിഷ വാക്സിൻ എടുക്കുന്നവർ പോലും മരിക്കുന്ന സംഭവങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് ഭീതി ഇരട്ടിയാക്കുന്നു. എ.ബി.സി ഫലപ്രദമായി നടപ്പാക്കണമെന്നും തെരുവ് നായകളുടെ എണ്ണം നിയന്ത്രിക്കുന്നതിന് ശാസ്ത്രീയമായ മാർഗം അടിയന്തരമായി നടപ്പിലാക്കണമെന്നുമാണ് ജനങ്ങളുടെ പ്രധാന ആവശ്യം.
നായ്ക്കളെ പിടിച്ച് വന്ധ്യംകരിച്ച് (എ.ബി.സി) പേവിഷബാധ വാക്സിൻ നൽകി അവയുടെ പ്രജനനം നിയന്ത്രിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും സൗകര്യങ്ങൾ ഒരുക്കണമെന്നും ആലത്തൂർ താലൂക്ക് വികസന സമിതിയിൽ ആവശ്യമുയർന്നു. മാലിന്യം പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നത് കർശനമായി തടയണം. പേവിഷബാധയെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും അവബോധം നൽകുന്ന കാമ്പയിനുകൾ നടത്തണമെന്നും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ ജില്ലാ ഭരണകൂടം തയാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.