വടക്കഞ്ചേരി: അന്തർസംസ്ഥാന പാതയായ മംഗലംപാലം-ഗോവിന്ദാപുരം റോഡിന്റെ വികസനം പ്രഖ്യാപനങ്ങളിലും സർവേകളിലും മാത്രം ഒതുങ്ങുകയാണ്. കേന്ദ്ര സർക്കാറിന്റെ ഭാരത് മാല പദ്ധതിയിലും മലയോര ഹൈവേ പട്ടികയിലും ഉൾപ്പെടുത്തിയിട്ടും ഈ പ്രധാന പാതയോടുള്ള അവഗണന തുടരുന്നതായാണ് യാത്രക്കാർ പറയുന്നത്. 2011ലാണ് ഈ പാത അവസാനമായി കൃത്യമായ രീതിയിൽ റീടാറിങ് നടത്തി നവീകരിച്ചത്. കഴിഞ്ഞ 15 വർഷമായി പുതിയ പദ്ധതികളുടെ പേരിൽ കോടികൾ ചെലവിട്ട് സർവേകൾ നടക്കുന്നുണ്ടെങ്കിലും നിർമാണ പ്രവർത്തനങ്ങൾ മാത്രം തുടങ്ങുന്നില്ല.
ഓരോ തവണയും പുതിയ അലൈൻമെന്റുകൾ നിശ്ചയിക്കുന്നതല്ലാതെ നടപ്പാക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. റോഡ് വികസനത്തിന്റെ ഭാഗമായുള്ള നെന്മാറ, കൊല്ലങ്കോട് ബൈപാസുകൾ ഇത്തവണത്തെ ബജറ്റിലും ഇടംപിടിച്ചിട്ടുണ്ടെങ്കിലും ഇവ വെറും ടോക്കൺ പ്രഖ്യാപനങ്ങൾ മാത്രമായി മാറുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. കൊല്ലങ്കോട് ബൈപാസിനായി 40 കോടി രൂപയുടെ പദ്ധതിക്കും നെന്മാറ ബൈപാസിനായി 30 കോടി രൂപയുടെ പദ്ധതിക്കുമാണ് ഇത്തവണ ബജറ്റിൽ തുക അനുവദിച്ചിട്ടുള്ളത്. 2009ൽ കൊല്ലങ്കോട് ബൈപാസിനായി 13 കോടി രൂപയും 2016ൽ നെന്മാറ ബൈപാസിനായി 32.48 കോടിയും അനുവദിച്ചതാണെങ്കിലും ഈ പദ്ധതികൾ ഇന്നും കടലാസിൽ തന്നെയാണ്.
ബജറ്റിൽ ആവശ്യമായ തുകയുടെ 20 ശതമാനം പോലും അനുവദിക്കാത്തതും പദ്ധതി എന്ന് തുടങ്ങും എന്ന കാര്യത്തിൽ അനിശ്ചിതത്വം വർധിപ്പിക്കുന്നു. ഭാരത് മാല പദ്ധതിയുടെ ഭാഗമായി വടക്കഞ്ചേരി-ഗോവിന്ദാപുരം റോഡിനെ ദേശീയപാതയാക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനായി കൊല്ലങ്കോട്, നെന്മാറ ബൈപാസുകൾ ഉൾപ്പെടുത്തി സർവേ റിപ്പോർട്ടും സമർപ്പിച്ചിരുന്നു. എന്നാൽ, ദേശീയപാത പദ്ധതി പിന്നീട് മരവിപ്പിച്ചതോടെ, ബൈപാസുകളുടെ ചുമതല വീണ്ടും സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ തലയിലായി. ഇത് പദ്ധതികൾ വർഷങ്ങളോളം നീളാൻ കാരണമായി.
തമിഴ്‌നാട് അതിർത്തിയിൽ റോഡുകൾ നാലുവരിപ്പാതകളായി കുതിക്കുമ്പോൾ, കേരളത്തിൽ കുഴികൾ നിറഞ്ഞ ഇടുങ്ങിയ റോഡിലൂടെയാണ് യാത്രക്കാർ ഇഴയുന്നത്. വടക്കഞ്ചേരി, മുടപ്പല്ലൂർ, നെന്മാറ, കൊല്ലങ്കോട് എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബൈപാസുകൾ നിർമിക്കണമെന്ന ആവശ്യം കാലങ്ങളായി അവഗണിക്കപ്പെടുകയാണ്. വർഷങ്ങളായുള്ള പ്രതിഷേധങ്ങൾക്കൊടുവിൽ, നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ പാതയിൽ ഇപ്പോൾ കുഴിയടച്ച് ടാറിങ് ആരംഭിച്ചിട്ടുണ്ട്. മംഗലംപാലം-വള്ളിയോട്, മുടപ്പല്ലൂർ-പന്തംപറമ്പ്, ചിറ്റിലഞ്ചേരി-നെന്മാറ എന്നീ മൂന്ന് റീച്ചുകളിലായാണ് നിലവിൽ അറ്റകുറ്റപ്പണികൾ നടക്കുന്നത്.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഉത്തരവാദിത്തം പരസ്പരം കൈമാറി പദ്ധതി വൈകിപ്പിക്കുകയായിരുന്നുവെന്നും ഇപ്പോൾ നടക്കുന്നത് ശാശ്വത പരിഹാരമല്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. മഴക്കാലത്ത് ക്വാറി വേസ്റ്റ് ഇട്ടും വേനലിൽ പൊടിപടലങ്ങൾ സഹിച്ചും യാത്ര ചെയ്യുന്ന ജനങ്ങൾക്ക് വലിയ കുഴികളിൽ വീഴാതെ യാത്ര ചെയ്യാം എന്നൊരു ആശ്വാസം മാത്രമാണ് ഈ താൽക്കാലിക പണികൾ നൽകുന്നത്. അലൈൻമെന്റുകൾ ഫൈനൽ ആക്കി യഥാർഥ ഹൈവേ വികസനം എന്ന് തുടങ്ങുമെന്ന ചോദ്യത്തിന് ഇപ്പോഴും കൃത്യമായ ഉത്തരമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.