മോ​ളി ടീ​ച്ച​ർ, മ​ഞ്ജു ബെ​ന്നി

രാഷ്ട്രീയക്കളരിയിലെ ഗുരുദക്ഷിണ; പോരാട്ടത്തിലും മായാത്ത സ്നേഹബന്ധം

വടക്കഞ്ചേരി: പ്രാദേശിക തെരഞ്ഞെടുപ്പ് ഗോദയിൽ ആവേശത്തിരയിളകുമ്പോൾ, ഗുരു-ശിഷ്യ ബന്ധത്തിന്റെ ഊഷ്മളതയും സൗഹൃദവും കൊണ്ട് ശ്രദ്ധേയമാവുകയാണ് ജില്ലയിലെ വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ രണ്ട് വാർഡുകൾ. രാഷ്ട്രീയമായി രണ്ട് ധ്രുവങ്ങളിൽ നിൽക്കുമ്പോഴും, അറിവിന്റെ വെളിച്ചം പകർന്നുനൽകിയവർ നേർക്കുനേർ ഏറ്റുമുട്ടുന്ന ഈ കാഴ്ച, ജയപരാജയങ്ങൾക്കപ്പുറം സൗഹൃദത്തിന് പ്രാധാന്യം നൽകുന്നു.

കിഴക്കഞ്ചേരി പഞ്ചായത്തിലെ 12ാം വാർഡായ കോട്ടേക്കുളത്താണ് ശ്രദ്ധേയമായ ഒരു പോരാട്ടം. ഇവിടെ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് ദീർഘകാല അധ്യാപന പാരമ്പര്യമുള്ള മോളി ടീച്ചറാണ്. യു.ഡി.എഫ് പക്ഷത്ത് ടീച്ചറുടെ പ്രിയ ശിഷ്യയായ മഞ്ജു ബെന്നിയും നിലയുറപ്പിക്കുന്നു.

36 വർഷത്തെ സേവനത്തിനിടയിൽ പതിനായിരക്കണക്കിന് വിദ്യാർഥികളുടെ ഗുരുവാണ് മോളി ടീച്ചർ. അതിൽ മഞ്ജുവിനെ ടീച്ചർ വാൽക്കുളമ്പ് യു.പി. സ്‌കൂളിൽ ഒന്ന് മുതൽ നാല് വരെ ക്ലാസുകളിൽ പഠിപ്പിച്ചു. ഇന്ന് ഇരുവരും ജനവിധി തേടി ഒരേ കളത്തിൽ ഇറങ്ങുമ്പോൾ, രാഷ്ട്രീയ ഭിന്നതകൾക്ക് അതീതമായി ഇവരുടെ സൗഹൃദം നിലനിൽക്കുന്നു. തെരഞ്ഞെടുപ്പിൽ ആര് വിജയിച്ചാലും പരസ്പരം സന്തോഷം പങ്കുവെക്കുമെന്ന ഉറപ്പ് ഇരുവരും നൽകുന്നുണ്ട്. മോളി ടീച്ചറുടെ ഭർത്താവ് പി.എം. കുര്യാക്കോസും മഞ്ജുവിന്റെ ഭർത്താവ് പൂവക്കളം ബെന്നിയും പിന്തുണയുമായി രംഗത്തുണ്ട്.

വടക്കഞ്ചേരി പഞ്ചായത്തിലെ 21ാം വാർഡായ പന്നിയങ്കരയിലും സമാനമായ കാഴ്ചയാണ്. ഇവിടെ റിട്ട. പ്രധാനാധ്യാപകൻ സണ്ണി നടയത്താണ് (എൽ.ഡി.എഫ്) സ്ഥാനാർഥി. യു.ഡി.എഫിന് വേണ്ടി മത്സരിക്കുന്നത് ശിഷ്യനും യൂത്ത് കോൺഗ്രസ്‌ വടക്കഞ്ചേരി മണ്ഡലം പ്രസിഡന്റുമായ സുനിൽ ചുവട്ടുപാടമാണ്.

സ​ണ്ണി, സു​നി​ൽ

സണ്ണി നടയത്ത് പന്തലാംപാടം മേരിമാതാ എച്ച്.എസ്.എസിൽ സുനിലിന്റെ രസതന്ത്രം അധ്യാപകനും ഒമ്പതാം തരത്തിലെ ക്ലാസ് ടീച്ചറുമായിരുന്നു. രാഷ്ട്രീയത്തിൽ കേരള കോൺഗ്രസ് (എം) തരൂർ നിയോജകമണ്ഡലം പ്രസിഡന്റാണ് ഗുരുനാഥൻ. ശിഷ്യൻ യൂത്ത് കോൺഗ്രസിന്റെ മുൻനിര നേതാവും. പരസ്പരം കണ്ടുമുട്ടുമ്പോൾ മത്സരത്തിന്റെ വീര്യം ഇവർ മറക്കുന്നു. ഇവരുടെ സൗഹൃദത്തിന് രാഷ്ട്രീയമില്ല. തെരഞ്ഞെടുപ്പ് ഒരു മത്സരം മാത്രമാണെന്നും, തങ്ങളുടെ ഗുരുശിഷ്യ ബന്ധം മാറ്റമില്ലാതെ തുടരുമെന്നും ഇരുവരും ഉറപ്പിച്ചു പറയുന്നു.

Tags:    
News Summary - election candidate's story from palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.