നെന്മാറ: നെന്മാറ-വല്ലങ്ങി വേലയോടനുബന്ധിച്ച് ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍ ടൗണിലും പരിസര പ്രദേശങ്ങളിലും നെന്മാറ പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. സാമ്പിള്‍ വെടിക്കെട്ട്, താലപ്പൊലി, വേല ആഘോഷങ്ങള്‍ എന്നിവ പ്രമാണിച്ച് ജനത്തിരക്ക് നിയന്ത്രിക്കുന്നതിനാണ് ക്രമീകരണം.
സാമ്പിള്‍ വെടിക്കെട്ട് നടക്കുന്ന ഏപ്രില്‍ രണ്ടിന് വൈകീട്ട് അഞ്ച് മുതല്‍ രാത്രി ഒമ്പത് വരെ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. ഈ സമയത്ത് കൊല്ലങ്കോട് ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങള്‍ കോവിലാമുക്ക് വഴി തിരിഞ്ഞുപോകണം. തൃശൂര്‍ ഭാഗത്ത് നിന്നുള്ളവ ചിറ്റിലഞ്ചേരിയില്‍ നിന്ന് ആലത്തൂര്‍ വഴിയും പാലക്കാട് ഭാഗത്ത് നിന്നുള്ളവ പല്ലാവൂരില്നിന്ന് തിരിഞ്ഞ് കുനിശ്ശേരി വഴിയും പോകണം. നെന്മാറയിലേക്ക് വരുന്ന വാഹനങ്ങളെ ചേരാമംഗലത്ത് നിന്ന് ആയിനംപാടം ഭാഗത്തേക്കും അയിലൂരില്‍ നിന്നുള്ളവയെ കൈപ്പഞ്ചേരി വഴി എന്‍.എസ്.എസ് കോളജ് ഭാഗത്തേക്കും തിരിച്ചുവിടും.
വേല ദിവസമായ ഏപ്രില്‍ മൂന്നിന് രാവിലെ 11 മുതല്‍ ഏപ്രില്‍ നാലിന് രാവിലെ എട്ട് വരെ ചെറുതും വലുതുമായ എല്ലാ വാഹനങ്ങള്‍ക്കും നിയന്ത്രണം ബാധകമായിരിക്കും. കൊല്ലങ്കോട് വഴി വരുന്ന വാഹനങ്ങള്‍ കോവിലാമുക്ക് വഴി തിരിഞ്ഞുപോകണം. തൃശൂര്‍ ഭാഗത്ത് നിന്നുള്ള ഗതാഗതം ചിറ്റിലഞ്ചേരിയില്‍ നിന്ന് കുനിശ്ശേരി വഴി തിരിച്ചുവിടും. പാലക്കാട്, ചേരാമംഗലം വഴി നെന്മാറയിലേക്ക് വരുന്ന വാഹനങ്ങള്‍ പല്ലാവൂര്‍ വഴി കുനിശ്ശേരി ഭാഗത്തേക്ക് പോകണം.
അയിലൂര്‍ വഴി വരുന്ന വാഹനങ്ങള്‍ കയ്പഞ്ചേരി വഴി എന്‍.എസ്.എസ് കോളേജ് ഭാഗത്തേക്ക് തിരിഞ്ഞു പോകണം. ചാത്തമംഗലം, പോത്തുണ്ടി ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ അളുവശ്ശേരിയില് പൊലീസ് നിയന്ത്രിക്കും. ആഘോഷങ്ങള്‍ സുഗമമായി നടത്തുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും പൊതുജനങ്ങള്‍ പെലീസുമായി സഹകരിക്കണമെന്ന് നെന്മാറ പോലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.