പാലക്കാട്: നിയമലംഘനം നടത്തി ഹെവിഡ്യൂട്ടി ടിപ്പർ ലോറികൾ നിരത്തുകളിൽ വിലസുന്നു. ഇവരുടെ നിയമലംഘനത്തിന് അധികൃതരും കൂട്ടുനിൽക്കുന്നതായി പരാതിയുണ്ട്. 25.5 ടണ്ണാണ് ലോറിയും സാധനങ്ങളുമുൾപ്പെടെയുള്ള അനുവദിച്ച പരമാവധി ഭാരം. 10 ടണ്‍ ലോറിയും 15.5 ടണ്‍ സാധനങ്ങളും. എന്നാല്‍, 40 ടൺ വരെ ഭാരം കയറ്റുന്നുണ്ടെന്ന് ഡ്രൈവര്‍മാര്‍ തന്നെ സമ്മതിക്കുന്നു. അമിതമായി കയറ്റുന്ന ഓരോ ടൺ ഭാരത്തിനനുസരിച്ചാണ് പിഴയീടാക്കേണ്ടത്. കരിങ്കല്ല് പോലുള്ള സാധനങ്ങൾ വാഹനങ്ങളിൽ കൊള്ളാവുന്നതിലും കൂടുതൽ കയറ്റിയാണ് നിരത്തിലൂടെ പോകുന്നത്. ദേശീയ - സംസ്ഥാന പാതകളിൽ അമിത വേഗതയിലാണ് യാത്ര.
കഴിഞ്ഞ ദിവസം ദേശീയപാത കണ്ണനൂരിൽ നാട്ടുകാർ സ്കൂൾ സമയത്ത് അമിത വേഗതയിൽ പോകുന്ന ലോറികൾ തടഞ്ഞിരുന്നു. ഇത്തരം വാഹനങ്ങൾ അമിതഭാരം കയറ്റി സ്ഥിരമായി പോകുന്ന റോഡുകൾ വളരെ പെട്ടന്നാണ് കേടുവരുന്നത്. കോടികൾ മുടക്കി വീതികൂട്ടി നവീകരിച്ച തോലനൂർ - കുഴൽമന്ദം റോഡ് ഇവയുടെ സഞ്ചാരത്തെ തുടർന്ന് കേടുവന്നു തുടങ്ങി. രണ്ടു വർഷം മുമ്പാണ് റോഡ് നവീകരിച്ചത്. വൻകിട ക്വാറി ഉടമകളുടെ വാഹനങ്ങളായതിനാൽ ഓരോ ജില്ലയിലെയും ഉന്നതരെ സ്വാധീനിച്ചാണ് ഇത്തരം വാഹനങ്ങൾ പോകുന്നതത്രെ. അതിനാൽ നടപടിയുമുണ്ടാകാറില്ല.
മണ്ണ് ഖനനം:വാഹനങ്ങൾ പിടികൂടി
പട്ടാമ്പി: അനധികൃതമായി മണ്ണ് കടത്തിയ ടിപ്പർ ലോറിയും മണ്ണുമാന്തി യന്ത്രവും റവന്യൂ സ്ക്വാഡ് പിടികൂടി. വെള്ളിയാഴ്ച രാവിലെ തിരുവേഗപ്പുറ മൂച്ചിത്തറയിൽനിന്നാണ് വാഹനം പിടികൂടിയത്. തിരുവേഗപ്പുറ വി.ഒ പി. വിനോദ്, അരുൺ ആർ. നായർ എന്നിവരടങ്ങുന്ന സംഘമാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.