പാലക്കാട്: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്സൻ അസിസ്റ്റന്റ് സുരേഷിനെ മലമ്പുഴ മണ്ഡലത്തിൽ മത്സരിപ്പിക്കാനുള്ള കോൺഗ്രസിന്റെ നീക്കത്തിൽ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർക്ക് എതിർപ്പ്. പാർട്ടി സുരേഷിനെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കാനാണ് നീക്കമെങ്കിൽ അത് മണ്ഡലത്തിൽ ബി.ജെ.പിക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ.
ഇടതുപക്ഷത്തിന് ഏറെ സ്വാധീനമുള്ള മണ്ഡലത്തിൽ സി.പി.എം വിട്ട് കോൺഗ്രസിലേക്ക് ചേക്കേറാനുള്ള സുരേഷിന്റെ തീരുമാനം സി.പി.എമ്മിൽ കോൺഗ്രസിന് അനുകൂലമായ ഒരു ചലനവും സൃഷ്ടിക്കാൻ കഴിയില്ലെന്ന് മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരും വിശ്വസിക്കുന്നു. പകരം സുരേഷിനെതിരെയുള്ള സി.പി.എമ്മിന്റെ വികാരം എൽ.ഡി.എഫ് സ്ഥാനാർഥിയുടെ വോട്ട് വർധിപ്പിക്കാൻ കഴിയുമെന്നാണ് മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ വിലയിരുത്തൽ.
വി.എസ്. അച്യുതാനന്ദന്റെ പേഴ്സനൽ അസിസ്റ്റന്റ് എന്ന നിലയിലാണ് ചർച്ചകളിൽ ഇടംപിടിച്ചത്. വിഭാഗീയത കത്തികാളിയ കാലത്ത് വാർത്ത ചോർത്തിയെന്ന ആരോപണമുന്നയിച്ചാണ് സി.പി.എം സുരേഷിനെ പുറത്താക്കിയത്.
പലതവണ അപ്പീൽ നൽകിയെങ്കിലും തിരിച്ചെടുത്തില്ല. അടഞ്ഞഅധ്യായമെന്നു പാർട്ടി സെക്രട്ടറി തന്നെ പറഞ്ഞതോടെ വലത്തോട്ടായി ചാഞ്ചാട്ടം. സുരേഷിന്റെ പ്രഖ്യാപനത്തോട് നേതൃത്വം എതിർപ്പ് അറിയിക്കാത്തതിനാൽ കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രസ്ഥാനാർഥിയാകാനുള്ള തയാറെടുപ്പിലാണ്. മണ്ഡലത്തിലെ ജില്ല-പ്രദേശിക നേതാക്കളെ തഴഞ്ഞ്, അടുത്തകാലം വരെ സി.പി.എമ്മിന് വേണ്ടി പ്രവർത്തിച്ച് ഒരാൾക്ക് മണ്ഡലം വിട്ടുകൊടുക്കാനുള്ള നേതൃത്വത്തിന്റെ നീക്കത്തിനെതിരെ പ്രവർത്തകർക്കും പ്രതിഷേധമുണ്ട്. മാത്രമല്ല സുരേഷ് കോൺഗ്രസ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാമെന്നാണ് നിലപാട്. കോൺഗ്രസിന്റെ ചിഹ്നം ഒഴിവാക്കിയുള്ള തെരഞ്ഞെടുപ്പ് ബി.ജെ.പി അനുകൂലമാകുമെന്നാണ് പ്രവർത്തകരുടെ വിലയിരുത്തൽ.
2106, 2021 തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തും, ബി.ജെ.പി. രണ്ടാമതുമാണ് ഇവിടെ. 2016ൽ വി.എസ്. അച്യുതാനന്ദന് 73299 ഉം, ബി.ജെ.പിയിലെ സി. കൃഷ്ണകുമാറിന് 46157ഉം, കോൺഗ്രസിലെ വി.എസ്. ജോയിക്ക് 35333 വോട്ടുമാണ് ലഭിച്ചത്. 2021ലെ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ എ. പ്രഭാകരന് 75934ഉം, ബി.ജെ.പിയിലെ സി. കൃഷ്ണകുമാറിന് 50200ഉം, കോൺഗ്രസിലെ എസ്.കെ. അനന്തകൃഷ്ണന് 35444 വോട്ടുമാണ് ലഭിച്ചത്. 2016 നെക്കാൾ 2021ൽ വോട്ടർമാരുടെ എണ്ണം 3800 ഓളം കൂടിയിട്ടും അതിന്റെ ഫലം അനുകൂലമാക്കിയത് ഇടതുപക്ഷവും, ബി.ജെ.പിയുമാണ്. കോൺഗ്രസിന് 100 വോട്ടാണ് അധികം നേടാൻ കഴിഞ്ഞത്. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ 161 വാർഡുകളിൽ 93 എൽ.ഡി.എഫ്, 40 യു.ഡി.എഫ്, 28 എൻ.ഡി.എ എന്നതാണ് നില. ആറിടത്ത് ഇടതുപക്ഷം ഭരിക്കുമ്പോൾ, അകേത്തത്തറയിൽ ബി.ജെ.പിയും, മരുതറോഡ് യു.ഡി.എഫും ഭരിക്കുന്നു. കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലും എൽ.ഡി.എഫ് ഉയർന്ന ഭൂരിപക്ഷത്തിലാണ് വിജയിച്ചിട്ടുള്ളത്. എൽ.ഡി.എഫിൽനിന്ന് മണ്ഡലം പിടിച്ചെടുക്കാനാണെങ്കിൽ കോൺഗ്രസിലെ പ്രബലൻമാരെയോ, മണ്ഡലത്തിലെ നേതാക്കളെയോ ആരെങ്കിലും നിർത്തണമെന്നാണ് പ്രവർത്തകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.