പാലക്കാട്: വേനൽച്ചൂട് കനത്തതോടെ അണക്കെട്ടുകളിലെ ജലസമൃദ്ധിയും കുറയുന്നു. പരമാവധി സംഭരണശേഷിയോടടുത്ത ഡാമുകളിലെല്ലാം നിലവിൽ ജലനിരപ്പ് നന്നേ കുറഞ്ഞു. മാർച്ച് പകുതിയോടെ അനുഭവപ്പെടാറുള്ള കൊടുംചൂടാണ് ഫെബ്രുവരിയിൽ തന്നെ ബാധിക്കുന്നത്. അണക്കെട്ടുകൾക്കൊപ്പം പുഴകളിലെയും കുളങ്ങളിലെയും മറ്റു ജലാശയങ്ങളിലെയും ജലനിരപ്പ് കുറഞ്ഞുതുടങ്ങി. കൂടാതെ ഭൂഗർഭജലനിരപ്പ് താഴുന്നതുമൂലം കിണറുകളിലെയും കുഴൽകിണറുകളിലെയും വെള്ളവും കുറയുന്ന സ്ഥിതിയാണ്. നിലവിൽ രണ്ടാംവിള കൃഷിക്കായി മലമ്പുഴ, പോത്തുണ്ടി, മംഗലം ഡാമുകളിൽനിന്ന് വെള്ളം നൽകുന്നുണ്ട്. മംഗലം, പോത്തുണ്ടി അണക്കെട്ടുകളിലെ കനാലുകള്‍ ഫെബ്രുവരി 28നും മലമ്പുഴ ഇടതുകര കനാല്‍ മാര്‍ച്ച് അഞ്ചിനും വലതുകര കനാല്‍ മാര്‍ച്ച് ഏഴിനും അടക്കും.
ജലസ്രോതസ്സുകളിലെ വരൾച്ചാഭീഷണി കൃഷികൾക്ക് ഉണക്കുഭീഷണി ഉയർത്തുന്നു. ഉൽപന്നങ്ങൾ ഉണങ്ങി നശിക്കുന്നത് കർഷകർക്ക് കടുത്ത സാമ്പത്തിക പ്രയാസമുണ്ടാക്കും. പുഴകൾ വരളുന്നത് വിവിധ കുടിവെള്ള പദ്ധതികളെയും പ്രതികൂലമായി ബാധിക്കും. മലമ്പുഴ ഡാമിൽനിന്നും പാലക്കാട് നഗരസഭയിലേക്കും സമീപ പഞ്ചായത്തുകളിലേക്കും കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. പല പ്രദേശങ്ങളിലെയും പ്രധാന കുടിവെള്ള ആശ്രയം തന്നെ മലമ്പുഴ വെള്ളമാണ്. കുടിവെള്ളം മുടങ്ങിയാൽ നഗരത്തിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം നാട്ടുകാർക്ക് ടാങ്കർ ജലത്തെ ആശ്രയിക്കേണ്ട ഗതികേടാണ്. പകൽ ക്രമാതീതമായി താപനില ഉയരുന്നതും ജലാശയങ്ങൾ വറ്റിവരളാൻ കാരണമാകുന്നു. കഴിഞ്ഞദിവസം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ മഴ പെയ്തിരുന്നു. എന്നാൽ നഗരത്തിൽ പെയ്തില്ല.
പൊതുവേ ജലക്ഷാമം രൂക്ഷമായ വാളയാർ, കൊഴിഞ്ഞാമ്പാറ, നെല്ലിയാമ്പതി, ചിറ്റൂർ, അട്ടപ്പാടി ഉൾപ്പെടെ മേഖലകളിൽ ജലവിനിയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തുകയാണ് അധികൃതർ. ഇത്തവണ കാലവർഷം കുറഞ്ഞതും ചൂട് വർധിച്ചതുമാണ് വേനലിനു മുന്നേ തന്നെ ജലസംഭരണികളിലെ വെള്ളം കുറയാൻ കാരണം. അടുത്ത മൂന്നു മാസം കടുത്ത വേനൽക്കാലമാണെന്നിരിക്കെ ഇനിയുളള നാളുകളിൽ വേനൽമഴ കൂടി ലഭിച്ചില്ലെങ്കിൽ വരാനിരിക്കുന്നത് കൊടും വരൾച്ചയായിരിക്കും.
ജില്ലയിലെ അണക്കെട്ടുകളും നിലവിലെ ജലനിരപ്പും
(ബ്രാക്കറ്റിൽ പരമാവധി ജലനിരപ്പ്)
കാഞ്ഞിരപ്പുഴ ഡാം -93.55 മീറ്റർ (97.5 മീ.)
മീങ്കര ഡാം -152 മീ. (158.36 മീ.)
വാളയാർ ഡാം -197.62 മീ. (203 മീ.)
മലമ്പുഴ ഡാം -105.99 മീ. (115.06 മീ.)
പോത്തുണ്ടി ഡാം -94.88 മീ. (108.2 മീ.)
ചുള്ളിയാർ ഡാം -145.39 മീ.(154.08 മീ.)
മംഗലം ഡാം -68.56 മീ. (77.88)
മൂലത്തറ റെഗുലേറ്റർ -182.20 മീ. (184.70 മീ.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.