ചാലിശ്ശേരിയിലെ ബേബിയും കുടുംബവും
കൂറ്റനാട്: മാതൃദിനത്തിന്റെ സ്നേഹനിറവിൽ ജീവിതത്തിന്റെ 93ാം വയസ്സിലും നാല് തലമുറകളുടെ സ്നേഹച്ചിരികൾക്കിടയിൽ ആത്മനിർവൃതിയോടെ കഴിയുകയാണ് ചാലിശ്ശേരി അങ്ങാടി പുലിക്കോട്ടിൽ കൊച്ചുണ്ണിയുടെ ഭാര്യ ബേബി. 1954ലാണ് കൊച്ചുണ്ണിയുടെ ഭാര്യയായി ബേബി ചാലിശ്ശേരിയിലെ പുലിക്കോട്ടില്‍ തറവാട്ടിലെത്തിയത്.
കാലത്തിന്റെ മാറ്റങ്ങളും കുടുംബത്തിന്റെ വളർച്ചയും ഒരുപോലെ കണ്ടറിഞ്ഞ ഈ അമ്മ ഇന്ന് നാല് ആൺമക്കളുടെയും അവരുടെ കുടുംബങ്ങളുടെയും സ്നേഹവലയത്തിലാണ്. ജോർജ്, വർഗീസ്, പീറ്റർ, ശാമു എന്നീ മക്കളും മരുമക്കളും പേരക്കുട്ടികളും അവരുടെ മക്കളുമൊക്കെയായി നാല് തലമുറകളെ ഒരുമിച്ച് കാണുന്ന അപൂർവ ഭാഗ്യമാണ് ബേബിക്ക് ലഭിച്ചിരിക്കുന്നത്.
ജീവിതത്തിലെ സന്തോഷങ്ങളും വെല്ലുവിളികളും കരുത്തോടെ അതിജീവിച്ച ബേബി കുടുംബത്തിനാകെ ഇന്നും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണ്. പേരമക്കളിൽ അഞ്ചുപേരുടെയും വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് അസുലഭ നിമിഷമായി.
മാതൃദിനത്തിൽ മക്കളും കൊച്ചുമക്കളും ചുറ്റിനിൽക്കുമ്പോൾ, എല്ലാവരും സന്തോഷത്തോടെ ഒന്നായി കഴിയുന്നതാണ് ഏറ്റവും വലിയ ഭാഗ്യം എന്നതാണ് ഈ അമ്മയുടെ മനസ്സുനിറയെ. തലമുറകളെ സ്നേഹത്തോടെ ചേർത്തുനിർത്തുന്ന ബേബിയുടെ ജീവിതം മാതൃദിനത്തിൽ പുതുതലമുറക്കും കുടുംബബന്ധങ്ങളുടെ മഹത്വം ഓർമിപ്പിക്കുന്ന മാതൃകയായി മാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.