പാലക്കാട്: ജില്ല ആശുപത്രിയിലെ ആർ.ഡി.സി ലാബും ജില്ല ലാബും ഒന്നിപ്പിച്ച് ഐ.പി.എച്ച് ലാബാക്കിയത് സ്വകാര്യ ലാബുകളെ സഹായിക്കാനെന്ന് ആരോപണം. മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ലാബുകളെ ഒന്നിപ്പിച്ചതോടെ ഇവിടെ തിരക്ക് വർധിക്കുകയും രോഗികളുൾപ്പെടെയുള്ളവർക്ക് ബുദ്ധിമുട്ടാകുന്ന സാഹചര്യമുണ്ടാവുകയും ചെയ്തു. സ്ഥലപരിമിതി കാരണം രക്തപരിശോധനക്ക് ഉൾപ്പെടെ എത്തുന്ന ജനങ്ങൾ വെയിലും മഴയും കൊണ്ട് കെട്ടിടത്തിന് പുറത്ത് വരി നിൽക്കണം. ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നു.
സാധാരണക്കാരായ രോഗികൾക്ക് പ്രയോജനപ്രദമായിരുന്ന ആർ.ഡി.സി ലാബ് ആശുപത്രി വികസന സമിതിക്ക് കീഴിലാണ് പ്രവർത്തിച്ചിരുന്നത്. വളരെ തുച്ഛമായ നിരക്കിൽ രക്തപരിശോധന നടത്തിയിരുന്ന ലാബിൽ പ്രതിദിനം ഒരു ലക്ഷത്തിലധികം രൂപ വരുമാനമുണ്ടായിരുന്നു. 2005ൽ ഉമ്മൻചാണ്ടി സർക്കാറിന്‍റെ കാലത്താണ് ആർ.ഡി.സി ലാബ് ആരംഭിച്ചത്. സംസ്ഥാനത്ത് പാലക്കാട്, എറണാകുളം, കണ്ണൂർ ജില്ലകളിൽ മാത്രമാണ് ആർ.ഡി.സി ലാബുള്ളത്. സ്വതന്ത്ര സ്ഥാപനമായി പ്രവർത്തിക്കാമെന്ന് കേന്ദ്രസർക്കാറുമായി ലാബിന് കരാറുണ്ട്.
2022ൽ ജില്ല ലാബിന് പ്രധാനമന്ത്രിയുടെ ഫണ്ടിൽനിന്ന് ഒന്നര കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, രണ്ട് ലാബിന്‍റെയും ചുമതലയുണ്ടായിരുന്ന മെഡിക്കൽ ഓഫിസർ ആ ഫണ്ട് വകമാറ്റി ആർ.ഡി.സി ലാബിൽ വിനിയോഗിക്കുകയും രണ്ട് ലാബുകളെയും ഒന്നിപ്പിച്ച് ഐ.പി.എച്ച് ലാബാക്കി മാറ്റുകയും ചെയ്തു. ഇതോടെ ആർ.ഡി.സി ലാബിന്‍റെ വരുമാനം നിലച്ചു. ജില്ല ആശുപത്രിയുടെ പ്രധാന വരുമാന സ്രോതസായിരുന്നു ആർ.ഡി.സി ലാബ്.
2023 മുതൽ 50 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ഫണ്ടിൽനിന്നും ലാബിലേക്ക് ലഭിക്കുന്നുണ്ട്. ഇതും വകമാറ്റി. ബി.പി.എൽ, എ.പി.എൽ രോഗികൾ പരിശോധനകൾ സൗജന്യമായി നൽകുന്നതിനാണ് ഈ ഫണ്ട് അനുവദിച്ചിരുന്നത്. നിലവിൽ സൗജന്യമൊന്നും നൽകുന്നില്ല. ആശുപത്രിയുടെ പുറത്തുനിന്നുള്ള രോഗികൾക്കും ഇവിടെ പരിശോധന നടത്തിയിരുന്നു.
ലാബുകൾ ഒന്നിപ്പിച്ചതിനെതിരെ എച്ച്.എം.സി അംഗം മാധവ വാര്യർ ഹൈകോടതിയിൽ കേസ് നൽകിയിരുന്നു. ഇതേ തുടർന്ന് ലാബുകൾ ഒന്നിപ്പിക്കില്ലെന്ന് ആശുപത്രി സൂപ്രണ്ട് സത്യവാങ്മൂലം നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഇതൊന്നും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ആശുപത്രി പഴയ കെട്ടിടത്തിൽനിന്ന് പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോൾ രണ്ട് ലാബുകളെയും വേറെയാക്കി പ്രവർത്തിപ്പിക്കണമെന്ന് മാധവ വാര്യർ ആവശ്യപ്പെട്ടു.
ലാബുകൾ ഒന്നിപ്പിച്ച് ഫണ്ട് വക മാറ്റിയതിൽ മെഡിക്കൽ ഓഫിസർക്കെതിരെ വിജിലൻസ് കേസ് നടക്കുന്നതിനാൽ ലാബിന്‍റെ ചുമതലയിൽനിന്ന് അവരെ മാറ്റണമെന്നും മറ്റൊരു ഡോക്ടർക്ക് ചുമതല നൽകണമെന്നും സ്വകാര്യ ലാബുകളെ സഹായിക്കാൻ നടത്തിയ ഗൂഢാലോചനയിൽ കുറ്റക്കാരായവരെ കണ്ടെത്തി നടപടികൾ സ്വീകരിക്കണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്‍റിന് നൽകിയ കത്തിൽ മാധവ വാര്യർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.