വള്ളിക്കുന്ന് എം.എൽ.എ ടി.വി. ഇബ്രാഹിമിന്റെ മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകുന്നു

യാത്രാദുരിതം; മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

മലപ്പുറം: മലബാറിലെ ട്രെയിൻ യാത്രാദുരിതത്തിന് പരിഹാരം തേടി മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കോവിഡ് കാലത്ത് നിർത്തലാക്കിയ മലബാറിലെ 06455, 56663, 56664 പാസ്സഞ്ചർ വണ്ടികൾ പുനഃസ്ഥാപിക്കാനും പാലക്കാട്-കണ്ണൂർ സ്പെഷൽ എക്സ്പ്രസ് ഷൊർണൂരിലും കോഴിക്കോടും പിടിച്ചിടുന്നത് ഒഴിവാക്കി എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് നിവേദനം. വള്ളിക്കുന്ന് എം.എൽ.എ ടി.വി. ഇബ്രാഹിമിന്റെ നേതൃത്വത്തിലാണ് അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രിയെ സമീപിച്ചത്.

വൈകീട്ട് 05.45നും 06.45നും ഷൊര്‍ണൂരില്‍നിന്ന് കോഴിക്കോട്ടേക്ക് പോവുന്ന രണ്ട് പാസ്സഞ്ചർ ട്രെയിനുകൾ നിർത്തലാക്കിയതോടെ വൈകിട്ട് 04.20ന് ശേഷം നീണ്ട നാല് മണിക്കൂർ നേരത്തേക്ക് കോഴിക്കോട് ഭാഗത്തേക്ക് ഒരു ട്രെയിനും അനുവദിക്കാത്ത ഡിവിഷണൽ റെയില്‍വേ അധികാരികളുടെ സമീപനത്തിൽ യാത്രക്കാർ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്.

നിർത്തലാക്കിയ വണ്ടികള്‍ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജറെയും ഡിവിഷണൽ റെയില്‍വേ മാനേജറെയും ജനപ്രതിനിധികളേയും അസോസിയേഷന്‍ സമീപിച്ചിരുന്നു. പാലക്കാട് ഡിവിഷണൽ റെയില്‍വേ ആസ്ഥാനത്ത് ഉപവാസവും കോഴിക്കോടും തിരൂരിലും പ്രതിഷേധ സംഗമങ്ങളും ഉൾപ്പെടെ നിരവധി പ്രതിഷേധ സമരങ്ങൾ നടത്തിയെങ്കിലും യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം ഉണ്ടായില്ല.

അസോസിയേഷന്‍ വൈസ് പ്രസിഡന്റും പാലക്കാട് ഡിവിഷണൽ റെയില്‍വേ യൂസേഴ്സ് കൺസൾട്ടേറ്റിവ് കമ്മിറ്റി അംഗവുമായ അബ്ദുൾ റഹ്മാൻ വള്ളിക്കുന്ന് തുടർച്ചയായ നാല് ഡി.ആർ.യു.സിസി മീറ്റിങ്ങിലും ഈ വിഷയം ഉന്നയിച്ചിരുന്നു.

ടി.വി ഇബ്രാഹിം എം.എല്‍.എയോടൊപ്പം ഡിആർയുസിസി അംഗം അബ്ദുൾ റഹ്മാൻ വള്ളിക്കുന്ന്, അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥ്, ഓർഗനൈസിങ്ങ് സെക്രട്ടറി എം. ഫിറോസ് ഫിസ വെങ്ങാലി, ട്രഷറർ കെ കെ റസാഖ് ഹാജി തിരൂർ എന്നിവരുമുണ്ടായിരുന്നു. ട്രെയിൻ യാത്രക്കാരുടെ പ്രയാസങ്ങള്‍ ശ്രദ്ധിച്ചു കേട്ട മുഖ്യമന്ത്രി ദൈനം ദിനം യാത്ര ചെയ്യുന്ന നിരവധി സ്ത്രീകളുൾപ്പെടെയുള്ള സാധാരണ യാത്രക്കാരെ ബാധിക്കുന്ന പ്രസ്തുത വിഷയത്തിൽ ദക്ഷിണ റെയിൽവെ ജനറൽ മാനേജരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി.

Tags:    
News Summary - Train travel woes; Malabar Train Passengers Welfare Association submits a petition to the Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.