പിടിയിലായ സുനിൽകുമാർ ദുബെ (കറുത്ത ടീഷർട്ട്) അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം
പാലക്കാട്: നിയമവിരുദ്ധ പ്രവർത്തനം നടത്തിയതിന് ഡിജിറ്റൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽനിന്ന് 45 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. മഹാരാഷ്ട്ര സ്വദേശി സുനിൽ കുമാർ ദുബെയെ (29) ആണ് ഉത്തർപ്രദേശിലെ ഒളിത്താവളത്തിൽനിന്ന് യു.പി പൊലീസിന്‍റെ സഹായമില്ലാതെ തന്നെ പാലക്കാട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
2023 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹൈദരാബാദിലെ ഐ.ടി സ്ഥാപനത്തിലെ ഉദ്യോഗസ്ഥയായ 23കാരിയാണ് തട്ടിപ്പിനിരയാക്കിയത്. കൊറിയർ സ്ഥാപനത്തിലെ കസ്റ്റമർ കെയർ ഓഫിസറാണെന്ന് പറഞ്ഞായിരുന്നു യുവതിക്ക് ആദ്യം ഫോൺവിളി വന്നത്. യുവതിയുടെ പേരിൽ മുംബൈയിൽനിന്ന് തായ്‍വാനിലേക്ക് അയച്ച പാഴ്സലിൽ നിയമവിരുദ്ധ വസ്തുക്കൾ കണ്ടെത്തിയതിനാൽ കൊറിയർ തടഞ്ഞുവെച്ചെന്ന് ഫോണിൽ അറിയിച്ചു. തുടർന്ന് മുംബൈ നാർക്കോട്ടിക് വിഭാഗം പൊലീസാണെന്ന് പറഞ്ഞ് വിളിച്ച് അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഭയന്നുപോയ യുവതിയെ തട്ടിപ്പുകാർ വീഡിയോ കോളിൽ വിളിച്ച് മുംബൈ പൊലീസ് ഇൻസ്പെക്ടർ ആണെന്നും ഡിജിറ്റൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. കേസിൽനിന്ന് ഒഴിവാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ ബാങ്ക് അക്കൗണ് വിവരങ്ങൾ ശേഖരിച്ച് അക്കൗണ്ടിലുണ്ടായിരുന്ന 45 ലക്ഷത്തോളം രൂപ പ്രതിയുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ടാൻസ്ഫർ ചെയ്യിപ്പിക്കുകയായിരുന്നു.
പിന്നീട് തട്ടിപ്പ് മനസ്സിലായ യുവതി പാലക്കാട് സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണത്തിൽ തട്ടിപ്പ് പണം കൈകാര്യം ചെയ്ത മൂന്ന് തമിഴ്നാട് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അവരിൽനിന്ന് കിട്ടിയ വിവരമനുസരിച്ചും ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിലും തട്ടിപ്പ് പണത്തിലെ 40 ലക്ഷത്തോളം രൂപ കൈകാര്യം ചെയ്തത് മുംബൈ സ്വദേശിയായ സുനിൽകുമാർ ദുബെയാണെന്ന് മനസ്സിലാക്കിയ പൊലീസ് അവിടെ എത്തിയെങ്കിലും പ്രതി കടന്നുകളഞ്ഞു. പിന്നീട് അന്വേഷണസംഘം പ്രതിയുടെ ഡിജിറ്റൽ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഉത്തർപ്രദേശിലുണ്ടെന്ന് മനസ്സിലായി. 2025 ആഗസ്റ്റിൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് അവിടെ എത്തിയെങ്കിലും യു.പി പൊലീസിന്‍റെ നിസ്സഹകരണവും പ്രതിയുടെ ഉന്നത രാഷ്ട്രീയ ബന്ധവും മൂലം വീണ്ടും രക്ഷപ്പെട്ടു. ഇതിനിടെ പ്രതി ഹൈകോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കിട്ടിയില്ല. ജില്ല പൊലീസ് മേധാവി എ. അബ്ദുൾ റാഷിയുടെ നിർദേശപ്രകാരം ഡി.സി.ആർ.ബി ഡിവൈ.എസ്.പി പി.കെ. മണിയുടെ നേതൃത്വത്തിൽ പാലക്കാട് സൈബർ രൈകം പൊലീസ് ഇൻസ്പെക്ടർ കെ. നിപുൺ ശങ്കർ, എ.എസ്.ഐ എം. മനേഷ്, എസ്.സി.പി.ഒമാരായ കെ. ഉല്ലാസ് കുമാർ, വി.എ. ഷിഹാബുദ്ദീൻ എന്നിവരാണ് പ്രതിയെ യു.പി പൊലീസിന്‍റെ സഹായമില്ലാതെ തന്നെ സാഹസികമായി പിടികൂടിയത്.
അന്വേഷണ സംഘം നൂറു കിലോമീറ്ററോളം ഊടുവഴികളിലൂടെ സഞ്ചരിച്ച് വാരാണാസി വിമാനത്താവളത്തിലെത്തി വിമാനമാർഗമാണ് പ്രതിയെ കേരളത്തിലെത്തിച്ചത്. പാലക്കാട് സി.ജെ.എം കോടതിയിൽ ഹാജരാക്കിയ പ്രതി ജില്ല ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പ്രതിക്കെതിരെ 14 സംസ്ഥാനങ്ങളിലായി 40 പരാതികൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.